Advertisment

നാസർ ഹാജി കാടാമ്പുഴ നാട്ടിലേയ്ക്ക്; അവസാനിപ്പിക്കുന്നത് നാല് ദശകങ്ങൾ പിന്നിട്ട പ്രവാസം

New Update

ജിദ്ദ: സാമൂഹ്യ പ്രവർത്തകനും ജിദ്ദയിലെ കെ എം സി സി നേതാവുമായ നാസർ ഹാജി കാടാമ്പുഴ നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു. ജിദ്ദയിലെ കെ എം സി സിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന നാസർ ഹാജി മത സംഘടന രംഗത്തും വിദ്യാഭ്യാസ - ജീവ കാരുണ്യ പ്രവർത്തങ്ങളിലും സജീവ സാന്നിധ്യമാണ്.

Advertisment

publive-image

1984-ൽ സൗദിയിൽ എത്തിയ നാസർ ഹാജി വാദി ദവാസിറിൽ 2 മാസം ജോലി ചെയ്ത ശേഷം നീണ്ട 36 വർഷം ജിദ്ദയിൽ ഹമദ് സുലൈമാൻ കമ്പനിയിൽ (ഹെൽത്ത് ക്ലബ്‌) ജോലി ചെയ്തു. നിലവിൽ ജിദ്ദയിലെ പ്രശസ്തമായ യമാനി ബേക്കറിയിൽ ജോലി ചെയ്യുന്നു.

ആത്മാർഥമായി ജോലി ചെയ്യുന്ന നാസർ ഹാജി തന്റെ ഒഴിവ് സമയം കഷ്ടപ്പെടുന്ന സഹജീവികളുടെ പ്രയാസം മനസ്സിലാക്കി അവ പരിഹരിക്കാനും നിസ്വാർത്ഥമായി ശ്രമിക്കാറുണ്ട്. അറബി ഭാഷയിൽ നന്നായി സംസാരിക്കാൻ കഴിയുന്നത് കൊണ്ട് ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ പല പ്രവാസികളുടെയും പ്രശ്നങ്ങൾ അവരുടെ സ്പോൺസർമാരുമായി സംസാരിച്ചു തീർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

നിലവിൽ ജിദ്ദ - മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ്‌, കോട്ടക്കൽ മണ്ഡലം കെഎംസിസി ഉപദേശക സമിതി അംഗം, അൽ ഫദീല ഏരിയ കെഎംസിസി ചെയർമാൻ, സൗദി കെഎംസിസി - മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റി വൈസ് ചെയർമാൻ, ജിദ്ദ - മാറാക്കര സി. എച്ച് സെന്റർ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. നേരത്തെ ദീർഘ കാലം ഹയ്യിസ്സലാമ ഏരിയ കെഎംസിസി പ്രസിഡന്റ്‌ ആയിരുന്നു. മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആണ്.

കേരളത്തിലെ പ്രമുഖ മത സംഘടനയായ 'സമസ്ത' യുടെ ജിദ്ദയിലെ ആദ്യ കാല പ്രവാസി കൂട്ടായ്മയായ ജിദ്ദ ഇസ്‌ലാമിക് സെന്റർ രൂപീകരിക്കാൻ അന്നത്തെ നേതാക്കളോടൊപ്പം പ്രവർത്തിച്ചു. വാഫി - വാഫിയ്യ ജിദ്ദ കമ്മിയുടെ ജനറൽ സെക്രട്ടറിയായിരുന്നു, ഇപ്പോൾ ട്രഷറർ ആണ്. നിരവധി തവണ ഹജ്ജ് വളന്റിയർ ആയി സേവനം ചെയ്തിട്ടുണ്ട്.

പൂർണ്ണ സംതൃപ്തിയോടെയാണ് നാല് പതിറ്റാണ്ട് നീണ്ട പ്രവാസത്തിനു വിരാമമിട്ട് നാസർ ഹാജി സൗദി അറേബ്യയോട് വിട പറയുന്നതെങ്കിലും ഇരു ഹറമുകളുടെ നാട് വിട്ട് പോവുന്നതിൽ ഏറെ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ പോയാലും ഇരു ഹറമുകളുമായുള്ള ബന്ധം നിലനിർത്താൻ കഴിയണം എന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ ആദ്യ വാരം നാട്ടിലേക്ക് മടങ്ങുന്ന നാസർ ഹാജി മലപ്പുറം ജില്ലയിലെ കാടാമ്പുഴ ജാറത്തിങ്ങൾ പരേതനായ കല്ലൻ കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഏക മകനാണ്. മാതാവ് : ഫാത്തിമ, ഭാര്യ: റംല മക്കൾ: ഫർഹാൻ നാസർ (റിയാദ്), മുഹമ്മദ്‌ ജാബിർ (ജിദ്ദ ), ഫാത്തിമ ഷഹനാസ് വഫിയ്യ ( വിദ്യാർത്ഥിനി, മലേഷ്യൻ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി, കോലാലംമ്പൂർ), അഫ്നാൻ അബ്ദുൽ നാസർ ( സൈത്തൂൻ ഇൻന്റർനാഷനൽ +2 വിദ്യാർത്ഥിനി).

നാസർ ഹാജിയുടെ മൊബൈൽ നമ്പർ: 0508917900

Advertisment