Advertisment

ഞായറാഴ്ച മുതൽ സൗദിയിലെ പള്ളികളിൽ പ്രാർത്ഥനകൾ, ആഭ്യന്തര വ്യോമഗതാഗതവും

New Update

ജിദ്ദ: കൊറോണാ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും വിലക്കുകളും ക്രമേണയായി നീക്കി ജീവിതം സാധാരണ സ്ഥിതിയിലേയ്ക്ക് കൊണ്ട് വരുന്നു. ഇതിനായുള്ള നിർദേശങ്ങൾക്ക് ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകി. ഘട്ടം ഘട്ടമായാണ് പഴയ സ്ഥിതിയിലേക്കുള്ള മടക്കം. ഇതുപ്രകാരം, സംഘടിത നിസ്കാരങ്ങൾ, വെള്ളിയാഴ്ചയിലെ ജുമഅ പ്രാർത്ഥന എന്നിവ മെയ് മുപ്പത്തിയൊന്ന് ഞായറാഴ്ച മുതൽ പുനരാരംഭിക്കും. അതുപോലെ, ആഭ്യന്തര വ്യോമഗതാഗതവും നിലവിൽവരും.

Advertisment

publive-image

ആഭ്യന്തര മന്ത്രാലയം ആണ് പുതിയ ഘട്ടങ്ങളും നിയന്ത്രങ്ങൾ നീക്കുന്നതുമായ വിശദമായ പ്രസ്താവന പുറത്തിറക്കിയത്. മാർച്ച് രണ്ടാം വാരം മുതൽ ഘട്ടങ്ങളിലായി സൗദി അറേബ്യ ആഭ്യന്തര, വിദേശ വിമാന സർവീസുകൾ നിർത്തലാക്കിയിരുന്നു. മാർച്ച് മൂന്നാം വാരത്തിലാണ് രാജ്യത്തെ പള്ളികൾ വെറും ബാങ്ക് വിളിയ്ക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയതും.

സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ ഒന്നാം ഘട്ടത്തിൽ (മെയ് 28 മുതൽ 30 വരെ) കർഫ്യുവിലെ ഇളവ് സമയം കാലത്ത് ആറ് മണി മുതൽ ഉച്ച തിരിഞ് മൂന്ന് മണി വരെയാക്കുകയും തൊഴിലിടങ്ങളിൽ വരുന്നതിനുള്ള നിയന്ത്രണം നീക്കുകയും ചെയ്യും. ചില്ലറ, മൊത്ത വ്യാപാര കേന്ദ്രങ്ങളും ഷോപ്പിംഗ് മോളുകളും ബന്ധപ്പെട്ട വിഭാഗങ്ങളുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട്‌ പ്രവർത്തിപ്പിക്കാം.

രണ്ടാം ഘട്ടം എന്ന നിലയിൽ മെയ് 31 ഞായർ മുതൽ ജൂൺ 20 വരെയുള്ള കാലയളവിൽ വരുത്തുന്ന മാറ്റങ്ങൾ ഇവയാണ്:മക്കാ നഗരത്തിലേതൊഴിച്ച് രാജ്യത്തെ എല്ലാ പള്ളികളിലും ദിനേനയുള്ള അഞ്ചു നേരങ്ങളിലെ സംഘടിത നിസ്കാരങ്ങളും വെള്ളിയാഴ്ച്ചകളിലെ ജുമുഅ നിസ്കാരവും പുനസ്ഥാപിതമാവും. മുകരുതലുകളും പ്രതിരോധ നടപടികളും പാലിച്ചായിരിക്കും ഇത്.

മക്ക ഒഴിച്ചുള്ള മറ്റു പ്രവിശകൾക്കിടയിലെ സഞ്ചാരത്തിനുള്ള അനുമതി കാലത്ത് ആറ് മണി മുതൽ വൈകിട്ട് എട്ട് മണി വരെയാക്കും.പൊതു, സ്വകാര്യ മേഖലകളിലെ ജോലിയിടങ്ങളിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കും.ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കും.വിവിധ മാർഗങ്ങളിലൂടെയുള്ള പ്രവിശ്യാന്തര ഗതാഗതം പുനരാരംഭിക്കും.

കർഫ്യുവിൽ ഇളവുള്ള സമയങ്ങളിൽ ഹോട്ടലുകൾ, കഫറ്റീരിയകൾ എന്നിവയിൽ അകത്തുള്ള സപ്ലൈ അനുവദിക്കും.ഈ ഘട്ടത്തിലും ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ, ഹെൽത്ത് ആൻഡ് സ്പോർട്സ് ക്ലബ്ബ്കൾ, സിനിമാ ടാൽകീസ് ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കില്ല. അപ്രകാരം, വിവാഹം, അനുശോചനം തുടങ്ങിയ അവസരങ്ങളിൽ അമ്പത് ആളുകളിൽ കൂടുതൽ ഒരിടത്ത് ഒരുമിച്ചു ചേരുന്നതിനുള്ള നിരോധനവും അതേപടി തുടരും.

മൂന്നാം ഘട്ടത്തിൽ ജൂൺ 21 മുതൽ മക്ക ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും നഗരങ്ങളിലും ജീവിതം കർഫ്യു പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള അവസ്ഥയിലേയ്ക്ക് തിരിച്ചെത്തും. അപ്പോഴും ആരോഗ്യ വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരുടെ നിർദേശങ്ങൾ പാലിച്ചിരിക്കണം.

സ്വദേശികളും പ്രവാസികളുമായ മുഴുവൻ പേരും മാസ്ക്, കയ്യുറ, സാനിറ്റയ്‌സർ, കൈ കഴുകൽ എന്നിവ ഉപയോഗിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം.ഉംറ, മദീന സിയാറത്ത് എന്നിവയും വിദേശ വിമാന സർവീസും വിലക്കിൽ തന്നെ തുടരും. ബന്ധപ്പെട്ട വിഭാഗങ്ങളുടെ നിരന്തരമായ അവലോകനത്തിന് അനുസരിച്ചായിരിക്കും അവയുടെ പുനഃസ്ഥാപനം.

മേൽ നടപടികളെല്ലാം ബന്ധപ്പെട്ടവരുടെ നിരന്തര പുനരവലോകനത്തിന് വിധേയമാക്കുന്നതും തതനുസൃതമായ തുടർ തീരുമാനങ്ങൾക്ക് വിധേയവുമായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളോടും തൊഴിലുടമകളോടും കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായുള്ള എല്ലാ നിയമ നിയന്ത്രണങ്ങളും മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിച്ച് സാമൂഹ്യ പ്രതിബദ്ധത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഉണർത്തി.

saudi sunday prayer6
Advertisment