ഇനി ത്രീഡി സിനിമകള്‍ മൊബൈലില്‍ കാണാം

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, November 2, 2018

കൊച്ചി: ഹോളിവുഡ് സിനിമകൾ അടക്കം ത്രീഡിയിലേക്ക് മാറ്റുകയാണ് കൊച്ചിയിലെ റേയ്സ് 3ഡി ടെക്നോളജി എന്ന സ്ഥാപനം. അതോടൊപ്പം കണ്ണടയില്ലാതെ ത്രീഡി അനുഭവം മൊബൈലിൽ ലഭ്യമാക്കുന്നതിന് മൊബൈൽ സ്ക്രീൻ ഗാ‍ർഡും ഇവർ അവതരിപ്പിച്ചിരിക്കുകയാണ്.

ലോകത്ത് ആദ്യമായി 3 ഡി ചിത്രങ്ങളും വീഡിയോകളും ത്രീ ഡി കണ്ണടയില്ലാതെ മൊബൈലിൽ കാണാനുള്ള അവസരമൊരുക്കുകയാണ് റെയ്സ് 3ഡി ടെക്നോളജീസ്. വൗ ത്രീഡി എന്ന് പേരിട്ടിരിക്കുന്ന സ്ക്രീൻ ഗാർഡ് ആണ് മാനേജിംഗ് ഡയറക്ടറായ അനുഭ സിൻഹ അവതരിപ്പിച്ചിരിക്കുന്നത്. 2000 മുതൽ 3600 രൂപ വരെയാണ് സ്ക്രീൻ ഗാർഡിന്റെ വില. ഒപ്പം വൗ ത്രിഡി എന്ന ആപ്ലിക്കേഷൻ കൂടി ഡൗൺലോഡ് ചെയ്യണം. ആദ്യഘട്ടത്തിൽ ഐഫോണുകളിലും പിന്നീട് ആൻഡ്രോയിഡ് ഫോണുകളിലും ഈ സ്ക്രീൻഗാർഡ് ഉപയോഗിച്ച് ത്രീഡി ചിത്രങ്ങളും വീഡിയോകളും കാണാം.

മുംബൈ സ്വദേശിയായ അനുഭ അഞ്ച് വർഷം മുൻപാണ് കൊച്ചിയിൽ റേയ്സ് ത്രിഡി ടെക്നോളജീസ് തുടങ്ങിയത്. യുകെ ആസ്ഥാനമായ ടെലികോം കോർപറേറ്റ് ലൈക് പ്രൊഡക്ഷൻസ് ആണ് വൗ ത്രിഡി അവതരിപ്പിക്കുക. ശങ്കർ സിനിമ 2.0 യുടെ ട്രെയിലർ റിലീസ് വേദിയിലാണ് വൗ ത്രിഡി സ്ക്രീൻഗാർഡും അവതരിപ്പിക്കുക.

പുലിമുരുകൻ, മഗധീര, രുദ്രമ ദേവി, റൈസ്, പിസ തുടങ്ങി എഴുപതോളം സിനിമകൾ അനുഭയും സംഘവും ത്രിഡിയിലേക്ക് മാറ്റിക്കഴിഞ്ഞു. അതിനിടയിൽ വൗ ത്രിഡി സ്ക്രീൻ ഗാർഡിനെ തേടി ഹോളിവുഡിലെ അഡ്വാന്‍സിഡ് ഇമേജിങ് സൊസൈറ്റിയുടെ ടെക്നോളജി അവാർഡും എത്തി. ഈ സൊസൈറ്റിയിൽ ഇടം പിടിക്കുന്ന ഇന്ത്യയിലെ ഏക സംരംഭവും അനുഭയുടേതാണ്. വെർച്വൽ റിയാലിറ്റിയിലും ഹോളോഗ്രഫിയിലും പുതിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് അനുഭ സിൻഹ.

×