Advertisment

ശാര്‍ക്കരീയം (കഥ)

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

സുകുമാരനാശാരി തേക്ക് തടി അറപ്പിച്ച് ഉരുപ്പടികളാക്കി കൊണ്ടുവന്നത് നോക്കുകയായിരുന്നു മത്തായിച്ചേട്ടന്‍.

'' സുകുമാരാ, ഇത് കണ്ടപോലല്ലല്ലോ, കേടുണ്ടല്ലോ..''

'' അത് സാരമില്ല മത്തായിച്ചേട്ടാ.. അത്രവലിയ കേടൊന്നുമില്ല.. മിക്ക വലിയ തേക്കുതടിയ്ക്കും ഇതുപോലെ കേടുകാണാറുണ്ട്. ഇച്ചിരി മെഴുക് തേച്ചാല്‍ ആ കേട് അറിയത്തില്ല ''

സുകുമാരനാശാരി ഉരുപ്പടിക്കഷണങ്ങളില്‍ ഒരെണ്ണമെടുത്ത് അറക്കപ്പൊടി തട്ടിക്കളഞ്ഞോണ്ട് മത്തായിച്ചേട്ടനോട് പറഞ്ഞു.

'' ഗ്രേസിക്കൊച്ചേ.. ഞങ്ങള്‍ക്ക് കുടിയ്ക്കാനായി എന്തെങ്കിലും കൊണ്ടുവാ ''

മത്തായിച്ചേട്ടന്‍ അകത്തേയ്ക്ക് നോക്കിപ്പഞ്ഞു.

'' അപ്പഴേ..., സുകുമാരാ.., നാളെമുതല് പണിതുടങ്ങുകയല്ലേ..? അലമാരി ഓണത്തിനു മുന്‍പ് തീര്‍ത്തുതരണം കേട്ടോ ''

ഗ്രേസി കൊണ്ടുവന്ന കട്ടന്‍കാപ്പി ഊതിക്കുടിച്ചോണ്ട് മത്തായിച്ചേട്ടന്‍

''സുകുമാരാ ഞാന്‍ കവലയ്ക്കിറങ്ങുകയാ.. ഉണ്ണീടെ റേഷന്‍ കടേന്ന് കിറ്റ് എടുക്കണം, ജോഷീടെ കടയില്‍നിന്ന് കൊറച്ച് പച്ചക്കറീം വാങ്ങണം. കുന്നത്തേട്ടുകാരുടെ ഇരുമ്പ് കടേന്ന് മേടിയ്ക്കാം മെഴുകും ആണിയും. പോളീഷൊക്കെ വേണ്ടേ..അതുംകൂടി മേടിച്ചാലോ..? കൊറോണക്കാലമായതിനാല്‍ എപ്പഴുമെപ്പഴും പൊറത്തേയ്ക്ക് പോകുന്നത് അപകടമാ ''

'' ഇപ്പോളിതുമതി. പോളീഷും മറ്റും പിന്നെ മേടിയ്ക്കാം. മത്തായിച്ചേട്ടാ.. ഏതായാലും അവിടെവരെ പോകുന്നതല്ലേ.. കൊച്ചേട്ടന്റെ മുറുക്കാന്‍കടേന്ന് കൊറച്ച് വെറ്റിലേം പാക്കും പൊകലേം മേടിച്ചേരെ. ഞാന്‍ രാവിലെ വന്നേക്കാം'' സുകുമാരന്‍ നടന്നു.

''ഓണസദ്യേടെ കാര്യം കണ്ടത്തിലെ അനിക്കുട്ടനോട് പറഞ്ഞേക്കണം. ഇരുപത്തഞ്ച് പേര്‍ക്ക് സദ്യ വേണം. പായസത്തിന് പാത്രം നേരത്തെ എത്തിയ്ക്കണോന്ന് ചോദിച്ചേരെ '' ഏലിയാമ്മച്ചേടത്തി മത്തായിച്ചേട്ടനെ ഓര്‍മ്മപ്പെടുത്തി.

മത്തായിച്ചേട്ടന്‍ കൊണ്ടുവന്ന സാധനങ്ങള്‍ ഏലിയാമ്മച്ചേടത്തിയെ ഏല്‍പിച്ചു.

'' ഏലിയാമ്മേ..ആ മെഴുകും ആണിയും മുറുക്കാനും സുകുമാരന് കൊടുക്കണം. അത് സുകുമാരന്റെ സഞ്ചീടെ അടുത്ത് വച്ചേരെ''

അലമാരയുടെ പണിതീര്‍ന്നദിവസം ഉച്ചയ്ക്ക് ഊണുകഴിയ്ക്കുകയായിരുന്ന സുകുമാരനോട് മത്തായിച്ചേട്ടന്‍ ''അല്ല..സുകുമാരാ.. മെഴുകെടുത്തില്ലാരുന്നോ..''

'' ഓ. അത് ഞാന്‍ പറയാന്‍ മറന്നുപോയി. ഇപ്പോ കൊണ്ടുവന്ന മെഴുക് കൊള്ളാം കേട്ടോ മത്തായിച്ചേട്ടാ..സിമിന്റിനേക്കാളും ഉറപ്പാ..ഒരു നല്ല മണവും ഉണ്ട് ''

''അപ്പോ ഇതോ..? മത്തായിച്ചേട്ടന്‍ കുന്നത്തേട്ടുകാരുടെ കടേന്ന് വാങ്ങിച്ച മെഴുക് കാണിച്ചു.

'' അത് ഞാന്‍ കണ്ടില്ലാരുന്നു. അതിന്റെ കൂടെ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കൂടിലെ മെഴുകാ എടുത്തത് ''

'' അതേതാ. ഞാനൊരെണ്ണമല്ലേ വാങ്ങിച്ചുള്ളൂ '' സുകുമാരന് കറി ഒഴിച്ച്കൊടുക്കുന്ന ഏലിയാമ്മച്ചേടത്തിയെ നോക്കി മത്തായിച്ചേട്ടന്‍ പറഞ്ഞു.

സുകുമാരന്‍ ഊണ് നിര്‍ത്തി മത്തായിച്ചേട്ടനെ നോക്കി. ''മത്തായിച്ചേട്ടാ..ആ ബഞ്ചേലിരിയ്ക്കുന്നതാ ഞാനെടുത്ത മെഴുകിന്റെ ബാക്കി ''

മത്തായിച്ചേട്ടന്‍ ചെന്ന് അതെടുത്തു. ''ഇത് ഞാന്‍ വാങ്ങിയതല്ലന്നേ.. ചിലപ്പോ ബോബി സാധനം എടുത്തപ്പോളെങ്ങാനും അറിയാതെ പൊതിഞ്ഞു വെച്ചതാരിയ്ക്കും.ഇനി പോളീഷുമേടിയ്ക്കാന്‍ ചെല്ലുമ്പോള്‍ ഇത് തിരിച്ച് കൊടുക്കാം. ഏലിയാമ്മേ..നിന്റെ കയ്യിലല്ലേ ഞാന്‍ ഇത് ഏല്‍പിച്ചത് ''

'' പക്ഷേ.. ആ മെഴുക് റേഷന്‍ കടേന്ന് കൊണ്ടുവന്ന കിറ്റിലാരുന്നു. ഞാനതെടുത്ത് അതിന്റെ കൂടെ അവിടെ വച്ചു'' ഏലിയാമ്മച്ചേടത്തി പറഞ്ഞു.

അപ്പോള്‍ ഗ്രേസിവന്ന് മത്തായിച്ചേട്ടന്റെ കൈയില്‍ നിന്നും മെഴുക് വാങ്ങി, അതിലെ പ്ലാസ്റ്റിക് കവറിലുണ്ടായിരുന്ന കമ്പനിയുടെ പേരുവായിച്ച് പൊട്ടിച്ചിരിച്ചു..!

'' എന്നതാടീ ഇത്ര കിളിയ്ക്കാന്‍..? മത്തായിച്ചേട്ടന്‍ കളിയായി ചോദിച്ചു.

'' എന്റെ അപ്പച്ചാ.. ഇത് മെഴുകൊന്നുമല്ല..  ശര്‍ക്കരയാ..!

'' ശര്‍ക്കരയോ..! സുകുമാരന്‍ ആശ്ചര്യപ്പെട്ടു.

മത്തായിച്ചേട്ടന്‍ സുകുമാരനെ നോക്കി.

'' സുകുമാരാ...'' ആ വിളിയില്‍ എന്തൊക്കെയോ ഉണ്ടായിരുന്നു.

''ഞാന്‍ ഓര്‍ത്താരുന്നു.. റേഷന്‍ കടേലെ കിറ്റിലെന്തിനാ മെഴുക് വച്ചതെന്ന്..! ഏലിയാമ്മച്ചേടത്തി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചുപോയി.

cultural
Advertisment