2014 ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയില്‍ വലിയ തീവ്രവാദാക്രമണങ്ങള്‍ നടന്നിട്ടില്ലെന്ന് നിര്‍മലാ സീതാരാമന്‍; പത്താന്‍കോട്ടും ഉറിയും സുഖ്മയും ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 12, 2019

ഡല്‍ഹി :2014 ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയില്‍ വലിയ തീവ്രവാദ ആക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന പ്രസ്താവനയുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. ഡല്‍ഹിയില്‍ ആരംഭിച്ച ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിലായിരുന്നു നിര്‍മലാ സീതാരാമന്റെ വിചിത്രമായ ഈ പ്രസ്താവന.

മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭീകരര്‍ക്ക് അത്തരമൊരു ആക്രമണം നടത്താന്‍ അവസരം കൊടുത്തില്ലെന്നുമായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രസ്താവന. ബി.ജെ.പി സര്‍ക്കാരിനെ തന്നെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും കഠിനാധ്വാനം ചെയ്യണമെന്നും നിര്‍മലാ സീതാരാമന് പറഞ്ഞിരുന്നു.

നിര്‍മലാ സീതാരാമന്റെ പ്രസ്താവനക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ജമ്മുകാശ്മീരില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഭീകരാക്രണമങ്ങളെ കുറിച്ച് ഒരക്ഷരം പോലും പറയാത്ത മന്ത്രി ഉറിയും പത്താന്‍ കോട്ടും സുഖ്മയും ബാരാമുള്ളയും പാംപോറും ഉള്‍പ്പെടെ നടന്ന ഭീകരാക്രമണവും മറന്നുകളഞ്ഞതാണോയെന്ന ചോദ്യമാണ് ഉയര്‍ന്നത്.

2015 ജൂണ്‍ നാലിന് മണിപ്പൂരിലെ ചന്ദല്‍ ജില്ലയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 20 സൈനികരായിരുന്നു കൊല്ലപ്പെട്ടത്. മോതൂളില്‍ നിന്നും ഇംഫാലിലേക്ക് സഞ്ചരിക്കുകയായിരുന്ന 6 ദോഗ്ര റെജിമെന്റിലെ സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെയായിരുന്നു തീവ്രവാദി ആക്രമണം. ഇതിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം മണിപ്പൂര്‍ മ്യാന്‍മര്‍ അതിര്‍ത്തിയിലെ തീവ്രവാദി ക്യാമ്പുകള്‍ക്ക് നേരെ ആക്രണം നടത്തി 158 ഓളം തീവ്രവാദികളെ വധിക്കുകയും ചെയ്തിരുന്നു.

2015 ജൂണ്‍ 27 ന് പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നടന്ന ഭീകരാക്രമണത്തില്‍ പൊലീസ് സുപ്രണ്ട് അടക്കം പത്തുപേരായിരുന്നു. കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ഭീകരവാദികളെ സൈന്യം വധിച്ചിരുന്നു. ഗുര്‍ദാസ്പൂരില്‍ നടന്ന ഭീകരാക്രണത്തിന്റെ ഉത്തരവാദികള്‍ പാക്കിസ്ഥാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ പറയുകയും ചെയ്തിരുന്നു.

2016 ജനുവരി രണ്ടിനാണ് ഇന്ത്യന്‍ സൈനിക ശക്തിയെ വെല്ലുവിളിച്ച് ആറു പാക് ഭീകരര്‍ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളം ആക്രമിച്ചത്. കൊടുംതണുപ്പിന്റെ മറവില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ 72 മണിക്കൂര്‍ രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി. സൈനിക യൂണിഫോമില്‍ എത്തിയ ഭീകരരില്‍ നാല് പേരെ ആദ്യദിനം കൊലപ്പെടുത്തിയിരുന്നു.

മൂന്ന് ദിവസം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവില്‍ ആറ് ഭീകരരെ വധിച്ചെങ്കിലും ഏഴ് സൈനികരെ രാജ്യത്തിന് നഷ്ടമായിരുന്നു. മലയാളിയും എന്‍.എസ്.ജി ലഫ്റ്റനന്റ് കേണലുമായിരുന്ന നിരഞ്ജന്‍ കുമാറും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പ് ഉണ്ടായിട്ടും ആക്രമണം തടയാന്‍ കഴിയാതിരുന്നതിലും പ്രതിരോധമന്ത്രാലയം പ്രതിക്കൂട്ടിലായിരുന്നു.

2016 ജൂണ്‍ 25 ന് നടന്ന പാംബോര്‍ ആക്രമത്തിലും എട്ട് സൈനികര്‍ കൊല്ലപ്പെടുകയും 25 ഓളം സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുംചെയ്തിരുന്നു. 2016 സെപ്റ്റംബര്‍ 18 ന് നടന്ന ഉറി ആക്രമണത്തില്‍ 20 സൈനികര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്.

ഉറിയിലെ പ്രധാന സൈനിക ക്യാമ്പില്‍ വേഷപ്രച്ഛന്നരായി എത്തിയ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ മുപ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2017 ഏപ്രില്‍ 24 ന് നടന്ന സുഖ്മ ഭീകരാക്രമണത്തില്‍ 26 സൈനികര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. 2018 മാര്‍ച്ച് 13 ന് സുഖ്മയില്‍ തന്നെ നടന്ന ഭീകരാക്രമണത്തില്‍ 9 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

×