Advertisment

എസ്.പി ഓഫീസിനുമുന്നിൽ നിരാഹാരസത്യാഗ്രഹം നടത്തിയ വൃദ്ധയ്ക്കുമുന്നിൽ പോലീസുകാരുടെ നിരാഹാരസമരം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

കേട്ടിട്ടുണ്ടോ ഇങ്ങനെയൊരു സമരത്തെപ്പറ്റി ? നീതിക്കുവേണ്ടി എസ് .പി ഓഫീസിനുമുന്നിൽ നിരാഹാരസമരം നടത്തിയ വൃദ്ധയെ അനുനയിപ്പിക്കാൻ എസ്‌.പി ഉൾപ്പെടെയുള്ള പോലീസുകാർ നിരാഹാരം നടത്തി വിജയം വരിച്ച കഥ.

Advertisment

publive-image

ഡെൽഹിക്കടുത്ത ഗ്രേറ്റർ നോയിഡയിൽ ഇക്കഴിഞ്ഞ 07/12/18 വെള്ളിയാഴ്ച നടന്നതാണ് സംഭവം.ഗ്രേറ്റർ നോയിഡയിലെ കാസ്‌ന പോലീസ് സ്റ്റേഷനതിർത്തിയിലുള്ള AWHO കോളനിയിൽ താമസിക്കുന്ന മാധുരി എന്ന 62 കാരിയായ സ്ത്രീ താൻ നാലുവർഷം മുൻപ് ഹരിദ്വാറിൽ നിന്ന് ഗ്രേറ്റർ നോയിഡയ്ക്ക് താമസം മാറിയപ്പോൾ ഒരു പാക്കേഴ്‌സ് ആൻഡ് മൂവേഴ്‌സ് ഗ്രൂപ്പ് വഴി അയച്ച വീട്ടുസാധനങ്ങളിൽ പകുതിയും ലോറി ഡ്രൈവറും ഹെൽപ്പറും ചേർന്ന് മോഷ്ടിച്ചതുമായി ബന്ധപ്പെട്ടു നൽകിയ കേസിൽ പോലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു അവർ എസ്.പി ഓഫീസിനുമുന്നിൽ വെള്ളിയാഴ്ച ബാനറും പിടിച്ചു സത്യാഗ്രഹം നടത്തിയത്.

ഏകദേശം രണ്ടുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ അന്ന് നഷ്ടപ്പെട്ടിരുന്നു. പാക്കേഴ്‌സ് ആൻഡ് മൂവേഴ്‌സ് ഉടമയും കൈമലർത്തി. പരാതിയുമായി പലതവണ പോലീസിനെ സമീപിച്ചെങ്കിലും നടപടിയെടുക്കുന്നതി നുപകരം ഓരോ തവണയും ആക്ഷേപിച്ചുവിടുകയായിരുന്നു. നീണ്ട നാല് വര്ഷം. ഒടുവിൽ സഹികെട്ടാണ് അവർ SP ഓഫീസിനുമുന്നിൽ സത്യാഗ്രഹം എന്ന കടുത്തനിലപാടിന് മുതിർന്നത്.

പിന്നിൽ ബാനർ തൂക്കി, മുന്നിൽ ഒരു ചെറിയ ഹോമകുണ്ഡം തീർത്ത് അതിൽ പൂജതുടങ്ങിയ മാധുരിയെ പോലീസുകാർ പലതവണ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. ഒടുവിൽ എസ്.പി നേരിട്ടെത്തി അവരെ ഓഫീസിലേക്ക് കൊണ്ടുപോയി "നിങ്ങൾ സത്യാഗ്രഹമവസാനിപ്പിക്കും വരെ ഞങ്ങൾ ഒരാളും ജലപാനം പോലും കഴിയ്ക്കില്ല" എന്ന് പ്രഖ്യാപിക്കുകയായിരുന്നു..

വനിതാ പോലീസുകാരുൾപ്പെടെ എല്ലാവരും ഒരേസ്വരത്തിൽ പറഞ്ഞു.. ഞങ്ങളും ഈ അമ്മയ്‌ക്കൊപ്പം അന്നവും ,ജലവും ത്യജിക്കുകയാണ്. അവരാരും ഉച്ചയ്ക്കും ആഹാരം കഴിച്ചില്ല.

എസ് .പി നിശാംക് ശർമ്മ മാധുരിയമ്മയുടെ തോളിൽ കൈവച്ചുകൊണ്ടവരെ സമാശ്വസിപ്പിച്ചതിങ്ങനെ " ഞങ്ങൾ നിങ്ങളുടെ മക്കളെപ്പോലെയാണ്. ഞങ്ങളും മനുഷ്യരാണ്. ഞങ്ങൾക്കും തെറ്റുപറ്റാറുണ്ട്. അത് ക്ഷമിക്കാനും ചൂണ്ടിക്കാട്ടി തിരുത്താനും നിങ്ങളെപ്പോലുള്ളവർ തയ്യാറാകണം. കുറ്റവാളികളെ 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ അഴികൾക്കുള്ളിലാക്കും, അമ്മയ്ക്ക് നഷ്ടപ്പെട്ട മുതലിന്റെ പണം ഒരാഴ്ചക്കുള്ളിൽ ലഭ്യമാക്കാൻ ഉറപ്പായും നടപടിയെടുക്കും."

ഒടുവിൽ അനുനയം ഫലം കണ്ടു. എസ് .പി യുടെ മുന്നിൽ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം അവരെ ചേർത്തുപിടിച്ചു ആ കണ്ണുകളൊപ്പി. പോലീസുകാരെല്ലാം ചുറ്റും കൂടി.വനിതാപൊലീസുകാർ അമ്മയെ കെട്ടിപ്പിടിച്ചു. എല്ലാവരും ഒന്നിച്ചിരുന്നു മധുരം പങ്കിട്ടു കഴിച്ചു. ഒടുവിൽ എസ് .പി യുടെ സ്വന്തം വാഹനത്തിലാണ് അവർ വീട്ടിലേക്ക് യാത്രയായത്.

നല്ലവരായ പോലീസുകാരുടെ സ്നേഹം അനുഭവിച്ചറിഞ്ഞ മാധുരി വിവരമറിഞ്ഞെത്തിയ പത്രക്കാരോട് പറഞ്ഞത് .

" പോലീസുകാരും മനുഷ്യരാണ്. സ്നേഹമുള്ളവരാണ്." എന്നാണ് .

Advertisment