ന്യൂഡല്‍ഹി: രാജ്യത്തിന്റെ 47-ാമത് ചീഫ് ജസ്റ്റീസായി എസ്.എ. ബോബ്ഡെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം സുപ്രീം കോടതിയിലെത്തി രാവിലെ തന്നെ ചുമതലയേറ്റെടുക്കും.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി വിരമിച്ച ഒഴിവിലേക്കാണ് സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചത്. വിരമിക്കുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയാണ് ജസ്റ്റീസ് ബോബ്ഡെയുടെ പേര് പുതിയ ചീഫ് ജസ്റ്റീസ് സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്തത്. 2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റീസ് ബോബ്ഡെയുടെ ഔദ്യോഗിക കാലാവധി.
നാഗ്പൂര്‍ സര്‍വലാശാലയില്‍ നിന്നു എല്‍എല്‍ബി ബിരുദം നേടിയ ജസ്റ്റീസ് ബോബ്ഡെ, 1978ലാണ് മഹാരാഷ്ട്ര ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി സേവനം തുടങ്ങിയത്.1998ല്‍ മുതിര്‍ന്ന അഭിഭാഷകനും 2000ല്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയുമായി. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 മുതല്‍ സുപ്രീം കോടതി ജഡ്ജിയാണ്.