Advertisment

അര്‍ധരാത്രിയില്‍ ഒരു സംഘം ആളുകള്‍ വീട് ആക്രമിച്ചു; അമ്മാവന്‍ കൊല്ലപ്പെട്ടു; അമ്മായി ഗുരുതരാവസ്ഥയില്‍: സുരേഷ് റെയ്‌ന ഐപിഎല്ലില്‍ നിന്ന് പിന്മാറിയതിന്റെ കാരണം

New Update

publive-image

Advertisment

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ സുരേഷ് റെയ്‌നയുടെ പ്രകടനം കാണാമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് ഏറെ നിരാശ സമ്മാനിച്ചാണ് താരം ടൂര്‍ണമെന്റില്‍ നിന്ന് അപ്രതീക്ഷിതമായി പിന്മാറിയത്. കളിപ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ ഞെട്ടല്‍ ഉളവാക്കുന്ന വാര്‍ത്തയായിരുന്നു ഇത്.

റെയ്‌നയുടെ ഐപിഎല്ലിലെ പിന്മാറ്റത്തെ സംബന്ധിച്ച് നിരവദി കിംവദന്തികളും നവമാധ്യമങ്ങളില്‍ പ്രചരിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും പ്രമുഖ ബൗളര്‍ക്കും കൊവിഡ് ബാധിച്ചതാണ് കാരണമെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റെയ്‌നയ്ക്ക് കൊവിഡ് ബാധിച്ചെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ പ്രമുഖ മാധ്യമമായ ദൈനിക് ജാഗരണ്‍ മറ്റൊരു കാര്യമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഓഗസ്റ്റ് 19ന് അര്‍ധരാത്രിയില്‍ പഞ്ചാബിലെ പത്താന്‍കോട്ടിലെ തരിയല്‍ ഗ്രാമത്തില്‍ താമസിക്കുന്ന റെയ്‌നയുടെ അമ്മാവന്റെ വീട് ഒരു സംഘം ആളുകള്‍ ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ അമ്മാവന്‍ അശോക് കുമാറിനെയും അമ്മായി ആശാ ദേവിയെയും മക്കളായ കൗശല്‍ കുമാറിനെയും അപിന്‍ കുമാറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം അശോക് കുമാര്‍ മരിച്ചു. ഈ സാഹചര്യത്തിലാണ് റെയ്‌ന ഐപിഎല്‍ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങിയതെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടത്തിയവര്‍ ആരാണെന്ന് എന്താണ് കാരണമെന്നോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല.

Advertisment