Advertisment

സ്വപ്നയുടെയും ശിവശങ്കറുടെയും 'ദുർഗന്ധം' പിണറായിയെ ബാധിക്കാതിരിക്കാൻ കരുതലോടെ സിപിഎമ്മിലെ 'പിണറായി ലോബി' ! അറസ്റ്റിലായാൽ ശിവശങ്കറെ കൈവിടും, വേണ്ടിവന്നാൽ ഒരു മന്ത്രിയെയും ! മുഖ്യമന്ത്രിയുടെ രാജി ഒഴിവാക്കാനുള്ള പ്രതിരോധത്തിലേയ്ക്ക് കരുക്കൾ നീക്കി അണിയറ നീക്കങ്ങൾക്ക് തുടക്കം !

New Update

publive-image

Advertisment

തിരുവനന്തപുരം: സ്വർണക്കടത്തിന്റെയും ചിലരുടെ ദൗർബല്യങ്ങളുടേയും ദുർഗന്ധങ്ങൾ എം ശിവശങ്കർക്കപ്പുറത്തേയ്ക്കും ഏറിയാൽ ഒരു മന്ത്രിവരെയും മാത്രമേ എത്താവൂ എന്ന കർശന നിലപാടിലൂന്നി സിപിഎമ്മിൽ ഒരു വിഭാഗം കരുനീക്കങ്ങൾ തുടങ്ങി.

സ്വർണക്കടത്ത് വിവാദത്തോടെ സിപിഎമ്മിലും അസ്വാരസ്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിക്കുന്ന വിഭാഗം മറുനീക്കങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇതിനിടെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ പിണറായിക്കെതിരെ രംഗത്തുവരാതിരിക്കാനും ജാഗ്രതയോടെയാണ്‌ പിണറായി അനുകൂലികളുടെ നീക്കങ്ങൾ.

അനാരോഗ്യം മൂലം വിശ്രമിക്കുന്ന വിഎസിനെ സാഹചര്യങ്ങൾ ധരിപ്പിച്ച് സ്വർണക്കടത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നവിധം വിവാദ പ്രസ്താവനകൾ നടത്തിക്കാൻ പഴയ വിഎസ് അനുകൂലികൾ സജീവമായി രംഗത്തുണ്ട്. അങ്ങനെ വന്നാൽ ഇത് പ്രതിപക്ഷവും ബിജെപിയും ആയുധമാക്കും.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് ബന്ധമില്ലെന്ന് സ്ഥാപിക്കാനാണ് പ്രധാന നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒന്നാം നമ്പർ ഉദ്യോഗസ്ഥനായിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കടത്തുകേസിൽ കുടുങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

ഓരോ ദിവസവും ശിവശങ്കറിനെതിരെ കൂടുതൽ മൊഴികളും തെളിവുകളും പുറത്തുവരികയാണ്. കള്ളക്കടത്തുകാരി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കസേരയ്ക്കരുകിൽ വരെ മാത്രമല്ല, സെക്രട്ടറി സ്വപ്നയുമായി 3 തവണ വിനോദയാത്ര നടത്തിയെന്ന വിവരങ്ങൾകൂടി ഇന്ന് പുറത്തുവന്നിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഇനി ശിവശങ്കറെ ന്യായീകരിക്കാൻ കഴിയില്ല. എന്നുമാത്രമല്ല, ശിവശങ്കർ അറസ്റ്റിലായാൽ സ്വീകരിക്കേണ്ട മുന്‍കരുതലിലേയ്ക്കാണ് പിണറായി പക്ഷം നീങ്ങുന്നത്.

ശിവശങ്കറുടെ അറസ്റ്റ് ഏതാണ്ടുറപ്പായിട്ടുണ്ട്. അത് എൻഐഎ ആണോ സിബിഐ ആണോ അതോ കസ്റ്റംസോ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ ആണോ നടപ്പിലാക്കുക എന്നതിലേ സംശയം ബാക്കിയുള്ളു.

ശിവശങ്കർ അറസ്റ്റിലായാൽ മുഖ്യമന്ത്രി പ്രതിരോധത്തിലാകും. അതറിഞ്ഞുതന്നെയാണ് ഇന്ന് മന്ത്രി സുധാകരനും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും ശിവശങ്കറെ തള്ളിയും മുഖ്യമന്ത്രിയെ ന്യായീകരിച്ചും രംഗത്തുവന്നത്.

ശിവശങ്കറെ പ്രകോപിപ്പിച്ച് സര്‍ക്കാര്‍ കൈവിടുകയാണെന്ന സന്ദേശം നല്‍കി മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിക്കാനുള്ള അണിയറ നീക്കങ്ങളും സിപിഎമ്മിനുള്ളില്‍ നിന്നുതന്നെ സജീവമാണ്.

എന്നാല്‍ സിപിഎമ്മിലും സര്‍ക്കാരിലും പിണറായിയുടെ അപ്രമാദിത്യം ആണെന്നിരിക്കെ ഇതെത്രകണ്ട് വിജയിക്കുമെന്ന് കണ്ടറിയണം.

അതിനിടെയാണ് ശിവശങ്കറെ തള്ളിപ്പറഞ്ഞ് പിണറായിയെ ന്യായീകരിക്കാനുള്ള തന്ത്രം.

ഇതുവഴി ശിവശങ്കര്‍ അറസ്റ്റിലായാല്‍ പിണറായിയുടെ രാജി ഒഴിവാക്കാനാകും എന്നാണ് സിപിഎമ്മിന്‍റെ പ്രതീക്ഷ.

ശിവശങ്കര്‍ തെറ്റുകാരനാണ്, ശിവശങ്കര്‍ വരെയേ ആ തെറ്റുകള്‍ എത്തിയിട്ടുള്ളു എന്ന് വരുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടെ ഒരു മന്ത്രികൂടി കേസില്‍ ഉള്‍പ്പെടാനുള്ള സാധ്യതയും ഒരു വിഭാഗം മുന്നില്‍ കാണുന്നുണ്ട്. അങ്ങനെ വന്നാല്‍ ആ മന്ത്രിയേയും പാര്‍ട്ടി കൈവിട്ടേക്കും.

കേന്ദ്ര ഏജന്‍സികളുടെ നീക്കം അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിനൊടുവില്‍ തെളിവുകള്‍ നിരത്തിയാണ്. അവിടെ പിടിച്ചുനില്‍ക്കുക സാധ്യമല്ലെന്ന് സിപിഎമ്മിനറിയാം. അതിനാല്‍തന്നെ അകപ്പെടുന്നവരാരെയും സംരക്ഷിക്കാനുള്ള ദൗത്യം പാര്‍ട്ടി ഏറ്റെടുക്കില്ല. അവര്‍ സ്വയം സംരക്ഷിച്ചുകൊള്ളണം.

സംരക്ഷിക്കാനിറങ്ങിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തും അവര്‍ക്കറിയാം. അതിനാല്‍ പാര്‍ട്ടിയുടെ ഏക ലക്ഷ്യം പിണറായിയുടെ സംരക്ഷണം എന്ന ഏക ലക്ഷ്യത്തിലേയ്ക്ക് ഒതുങ്ങും.

gold smuggling case
Advertisment