തമിഴ്നാട്ടിലും ഡി എം കെ -കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യത്തില്‍. തമിഴ്നാട്ടില്‍ 9 സീറ്റുകളിലും പുതുച്ചേരിയിലും കോണ്‍ഗ്രസ് മത്സരിക്കും. ഡിഎംകെയ്ക്ക് 25 സീറ്റുകള്‍ വരെ

ന്യൂസ് ബ്യൂറോ, ചെന്നൈ
Wednesday, February 20, 2019

ചെന്നൈ∙ തമിഴ്നാട്ടില്‍ ഡി എം കെ -കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സീറ്റുകൾ സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മിൽ ധാരണയിലെത്തി. തമിഴ്നാട്ടില്‍ 9 സീറ്റുകളിലും പുതുച്ചേരിയിലും ഉൾപ്പെടെ 10 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ഡിഎംകെ 20 മുതൽ 25 വരെ സീറ്റുകളിലും മറ്റു സീറ്റുകളിൽ ചെറുകക്ഷികളുമായിരിക്കും മൽത്സരിക്കുക.

ഇതോടെ ഡി എം കെ -കോണ്‍ഗ്രസ് സഖ്യം തമിഴ്നാട്ടില്‍ നിലവില്‍ വന്നു. ഡി എം കെ യുപിഎയുടെ ഭാഗമായിരുന്നെങ്കിലും അടുത്തകാലത്ത് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയില്‍ ആയിരുന്നില്ല. എം കെ സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷനായ ശേഷമാണ് ഇരുപാര്‍ട്ടികളും തമ്മില്‍ വീണ്ടും അടുക്കുന്നത്

തമിഴ്നാട്ടിൽ 39 ലോക്സഭാ മണ്ഡലങ്ങളും പുതുച്ചേരിയിൽ ഒരു ലോക്സഭാ മണ്ഡലവുമാണ് ഉള്ളത്. മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനുമായി നടത്തിയ ചർച്ചയിലാണ് സീറ്റുകൾ സംബന്ധിച്ച് ധാരണയായത്.

2014–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ഡിഎംകെയ്ക്കും സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാൻ സാധിച്ചിരുന്നില്ല. 39 സീറ്റുകളിൽ 37 എണ്ണവും ജയലളിതയുടെ നേതൃത്വത്തിലായിരുന്നു അണ്ണാ ഡിഎംകെയാണ് നേടിയത്. ലോക്സഭയിൽ ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ മൂന്നാമത്തെ വലിയ ഒറ്റകക്ഷിയായതും അണ്ണാ ഡിഎംകെ ആയിരുന്നു .

ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം 21 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പും തമിഴ്നാടിനെ ശ്രദ്ധാകേന്ദ്രമാക്കും. ദിനകരൻ പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് 18 അണ്ണാ ഡിഎംകെ എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇത് അനുകൂലമായാൽ സംസ്ഥാനത്ത് നിലവിലുള്ള സര്‍ക്കാര്‍ കാലാവധി തികയ്ക്കും മുന്‍പ് ഡിഎംകെ അധികാരത്തിലേറാനുള്ള സാധ്യത നിലനില്‍ക്കുന്നുന്നുണ്ട്.

×