Advertisment

മുന്‍ മന്ത്രിയില്‍ നിന്നും മൂന്ന് കോടി കൈക്കൂലി വാങ്ങിയെന്ന് ആരോപണം; താഹില്‍ രമണിക്കെതിരേ സിബിഐ അന്വേഷണം

author-image
admin
Updated On
New Update

ചെന്നൈ: മദ്രാസ് ഹൈക്കോടതിയില്‍ നിന്നും രാജിവെച്ച മുന്‍ ചീഫ് ജസ്റ്റീസ് താഹില്‍ രമണിക്കെതിരേ അഴിമതിക്കേസ് അന്വേഷണത്തിന് സിബിഐയ്ക്ക് അനുമതി.

Advertisment

publive-image

കൈക്കൂലിക്കേസില്‍ നിയമനടപടികളുമായി നീങ്ങാമെന്ന് സിബിഐ യ്ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റീസാണ് അനുമതി നല്‍കിയത്. തമിഴ്‌നാട്ടില്‍ ഒരു മന്ത്രി ഉള്‍പ്പെട്ട കേസില്‍ അനുകൂല വിധി പ്രസ്താവിക്കാന്‍ കൈക്കുലി വാങ്ങിയെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്. രണ്ടു ഫ്‌ളാറ്റുകള്‍ ചെന്നൈയില്‍ വാങ്ങിയത് കൈക്കൂലി ഉപയോഗിച്ചാണെന്നാണ് ആരോപണം.

ചെന്നൈയില്‍ താഹില്‍രമണി മൂന്ന് കോടി 18 ലക്ഷം രൂപ മുടക്കി രണ്ടു ഫ്‌ളാറ്റുകള്‍ വാങ്ങിയെന്നാണ് കണ്ടെത്തല്‍. നേരത്തേ രഹസ്യാന്വേഷണ ഏജന്‍സി ഇവര്‍ക്കെതിരേ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റീസിന് നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി. മന്ത്രി ഉള്‍പ്പെട്ട കേസില്‍ അനുകൂല വിധി പുറപ്പെടുവിച്ചതിന് കിട്ടിയ കൈക്കൂലിയാണ് ഇതിനായി ഉപയോഗിച്ചത് എന്നാണ് ഉയര്‍ന്നിട്ടുള്ള ആരോപണം. എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ നിന്നും ഒരു കോടി രൂപ വായ്പയെടുത്തെന്നും ബാക്കി തുക കൈക്കൂലിയായി വാങ്ങിയ തുകയാണെന്നും ആണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

നേരത്തേ സുപ്രീംകോടതി കൊളീജിയം നല്‍കിയ സ്ഥലം മാറ്റ ഉത്തരവ് നിഷേധിച്ച്‌ മദ്രാസ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസ് സ്ഥാനം താഹില്‍ രമണി രാജി വെച്ചത് വലിയ വിവാദമായി മാറിയിരുന്നു. കഴിഞ്ഞമാസമായിരുന്നു താഹില്‍രമണി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്ഥാനം രാജിവെച്ചത്. മദ്രാസ് ഹൈക്കോടതിയില്‍ നിന്നും മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ സുപ്രീംകോടതി കൊളീജിയത്തിന്റെ നിര്‍ദേശം താഹില്‍ രമണി തള്ളിയിരുന്നു.

70 ലധികം ജസ്റ്റീസുമാരുള്ള മദ്രാസ് ഹൈക്കോടതിയില്‍ നിന്നും മൂന്ന് ജസ്റ്റീസുമാര്‍ മാത്രമുള്ള മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതി കൊളീജിയം തള്ളുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി വെച്ചത്.

Advertisment