പത്ത് വര്‍ഷം മുമ്പ് ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് ബോളിവുഡിലെ മുതിര്‍ന്ന നടനായ നാനാ പടേക്കര്‍ ആണെന്ന് നടി തനുശ്രീ ദത്ത. സൂം ടീവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനുശ്രീ നാനാ പടേക്കറുടെ പേര് വെളിപ്പെടുത്തിയത്. പത്ത് വര്‍ഷം മുമ്പ് നടന്ന ഈ സംഭവം ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിവുള്ളതാണെന്നും എന്നാല്‍ ആരും തന്നെ ചെറുവിരല്‍ പോലും അനക്കിയില്ലെന്നും തനുശ്രീ പറഞ്ഞു.
‘നാനാ പടേക്കര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന വ്യക്തിയാണെന്ന് എല്ലാവര്‍ക്കും തന്നെ അറിയാവുന്ന കാര്യമാണ്. ഇന്‍ഡസ്ട്രിയിലുള്ള എല്ലാവര്‍ക്കും അറിയാം അയാള്‍ സ്ത്രീകളെ തല്ലാറുണ്ട്, ലൈംഗികമായി ഉപദ്രവിക്കാറുണ്ട് എന്നുള്ള കാര്യങ്ങളൊക്കെ. അയാള്‍ സ്ത്രീകളോട് എപ്പോഴും മോശമായാണ് പെരുമാറുള്ളത് എങ്കിലും ഒരു പ്രസിദ്ധീകരണം പോലും ഇക്കാര്യം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല’ – തനുശ്രീ ദത്ത പറഞ്ഞു.
മീടൂ മൂവ്‌മെന്റുകള്‍ എന്തുകൊണ്ട് ഇന്ത്യന്‍ സിനിമാ ലോകത്ത് കാര്യക്ഷമം അല്ല എന്നുള്ള ചോദ്യത്തിന് മറുപടി ആയിട്ടാണ് തനുശ്രീ തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്. പത്ത് വര്‍ഷം മുമ്പ് തനിക്ക് സംഭവിച്ചതിനെ കുറിച്ച് എല്ലാവരും അംഗീകരിച്ചാല്‍ മാത്രമെ ഇത്തരം മൂവ്‌മെന്റുകള്‍ ഇന്ത്യയില്‍ എത്തുകയുള്ളു. ആളുകള്‍ ഇത്തരം വിവാദങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്, പക്ഷെ നടപടികളൊന്നും സ്വീകരിക്കാറില്ലെന്നും ന്യൂസ് 18 ന് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ തനുശ്രീ പറഞ്ഞു.
അക്ഷയ് കുമാര്‍, രജനീകാന്ത് തുടങ്ങിയവരുടെ പേര് എടുത്ത് പറഞ്ഞ് തനുശ്രീ വിമര്‍ശിക്കുകയും ചെയ്തു. എ ലിസ്റ്റഡ് നടന്മാര്‍ നാനാ പടേക്കറെ പോലുള്ള ആളുകളെ ബഹിഷ്‌കരിച്ചാല്‍ മാത്രമെ മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയുള്ളു എന്നും അവര്‍ പറഞ്ഞു.
‘അക്ഷയ് കുമാര്‍ നാനാ പടേക്കറുടെ കൂടെ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഏതാനും സിനിമകള്‍ ചെയ്തു. രജനീകാന്തും ഈ അടുത്ത കാലത്ത് ഒരു സിനിമ ചെയ്തു (കാല). ഇത്തരം വലിയ അഭിനേതാക്കള്‍ കുറ്റക്കാരായ ആളുകള്‍ക്കൊപ്പം ജോലി ചെയ്യുന്നത് തുടര്‍ന്നാല്‍ ഒരു മൂവ്‌മെന്റുകള്‍ക്കും ഇന്ത്യന്‍ സിനിമയില്‍ വേര് പിടിക്കാന്‍ സാധിക്കില്ല’ – തനുശ്രീ കൂട്ടിച്ചേര്‍ത്തു.
ഹോണ്‍ ഓകെ പ്ലീസില്‍ ഒരു സോങ് സീക്വന്‍സിന് ആയിട്ടായിരുന്നു തനുശ്രീയെ സൈന്‍ ചെയ്തിരുന്നത് എങ്കിലും നാനാ പടേക്കറുടെ മോശം പരാമര്‍ശത്തെ തുടര്‍ന്ന് അവര്‍ ആ സിനിമ ചെയ്തില്ല. ആഷിഖ് ബനായാ ആപ്‌നേ എന്ന സിനിമയിലൂടെയാണ് തനുശ്രീ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ദോള്‍, ഗുഡ് ബോയ് ബാഡ് ബോയ്, അപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ സിനിമകളില്‍ തനുശ്രീ അഭിനയിച്ചിട്ടുണ്ട്.