Advertisment

മഹാമാരിക്കാലത്ത് പ്രവാസികൾക്ക് താങ്ങായ്, തുണയായ് ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ജിദ്ദ: കൊറോണാ ലോക്ഡൗണിൽ പ്രയാസമനുഭവിച്ച പ്രവാസികളിക്കിടയിൽ ഇന്ത്യൻ സോഷ്യൽ ഫോറം സൗദിയിലുടനീളം വളണ്ടിയർമാരുടെ സേവനവും ഭക്ഷ്യ ധാന്യ വിതരണവും മരുന്നുകൾ എത്തിക്കുന്നതുൾപ്പെടെയുള്ള സേവനങ്ങളും ചെയ്തതായി സൗദിയിലെ ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികൾ ഓൺലൈൻ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

Advertisment

publive-image

കോവിഡ് മഹാമാരി തീർത്ത ലോക്ഡൗണിൽ ഇന്ത്യൻ സോഷ്യൽഫോറം സൗദിയിലെ വിവിധ പ്രവിശ്യാ കമ്മിറ്റികളുടെ കീഴിൽ വെൽഫെയർ വളണ്ടിയർമാരുടെ പ്രത്യേക വിങ്ങുകളി ലൂടെയാണ് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്കുള്ള സേവനങ്ങൾ ഏകോപിപ്പിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാനായി സോഷ്യൽഫോറം വ്യത്യസ്ത മാർഗങ്ങളിലൂടെ ക്രിയാത്മകമായ പ്രവർത്തങ്ങളാണ് നടത്തിയത്.

പ്രതികൂലമായ സാഹചര്യം നേരിടാനായുള്ള ക്രമീകരണങ്ങൾ നടത്തുമ്പോഴുള്ള മുൻഗണന ഇന്ത്യക്കാരായ ഒരു പ്രവാസിയും ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടരുതെന്നും, രോഗബാധ ഉണ്ടാവുന്ന സാഹചര്യത്തിൽ ചികിത്സ ഏത് വിധേനയും ഉറപ്പാക്കുക എന്നതുമായിരുന്നു.

ഇതിന്റെ ആദ്യപടി എന്ന നിലയിൽ വോളന്റിയർമാരെ ചെറിയ ഗ്രൂപ്പുകളാക്കി തിരിക്കുകയും, എല്ലാ ദിവസവും ഇവരിൽ നിന്നും അതാതു പ്രദേശത്ത് നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ പ്രവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കാനും, പരിഹാരം കാണാനും സാധിച്ചുവെന്നും ഭാരവാഹികൾ വിലയിരുത്തി. ക്രൈസസ് മാനേജ്‌മെന്റിനായി സോഷ്യൽ ഫോറത്തിന്റെ നാല് റീജണൽ തലങ്ങളിലും, വ്യത്യസ്ത ചാപ്റ്റർ തലങ്ങളിലും ആരോഗ്യ രംഗത്ത് പരിചയമുള്ളവരടങ്ങിയ അഞ്ചംഗ മെഡിക്കൽ ടീമുകൾക്ക് രൂപം നൽകി.

രോഗവ്യാപനത്തിന് കാരണമാവുന്ന സാഹചര്യം ഒഴിവാക്കാൻ ഗവൺമെന്റ് ഏർപ്പെടുത്തിയ കർഫ്യൂ, ലോക്ഡൗൺ എന്നിവയുടെ സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും, നമ്മിലൂടെ അത് വ്യാപിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താനായുള്ള നിർദ്ദേശങ്ങളും സമയാസമയം വിവിധ ഭാഷകളിലായി ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. രോഗ സാധ്യതയുള്ളവരെ നേരിട്ട് ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ച് ഉപദേശനിർദ്ദേശങ്ങൾ നൽകാനും സാധിച്ചു ഇത്തരത്തിൽ അയ്യായിരത്തിൽ അധികം കേസുകൾ കൈകാര്യം ചെയ്തു.

സൗദി ഭരണകൂടം വളരെ വ്യവസ്ഥാപിതമായും, കുറ്റമറ്റ രീതിയിലുമാണ് ഈ മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്നത്. യാതൊരു വിവേചനവുമില്ലാതെ രോഗബാധയുള്ള എല്ലാവർക്കും മികച്ച ചികിത്സ നൽകാൻ ഗവൺമെന്റിന് സാധിക്കുന്നുണ്ട്. അതിന് സഹായകരമായ രീതിയിൽ രോഗബാധ സംശയിക്കുന്നവരെ മാറ്റിപാർപ്പിക്കാനും, വിശ്രമ സൗകര്യത്തിനായും ഉപകരിക്കുന്ന രീതിയിൽ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുകയും അവിടേക്ക് ആവശ്യമായ സജ്ജീകരണങ്ങൾ തയാറാക്കുകയും ചെയ്തു.

സന്നദ്ധ സേവന മേഖലയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നവർ എന്ന നിലയിൽ കൊറോണ രോഗബാധക്കെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ സഹായിക്കാനായി സൗദി റെഡ് ക്രസന്റ് തയ്യാറാക്കിയ 'ലബൈ യാ വത്വൻ' പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്ത് റെഡ് ക്രസന്റ് ട്രൈനിംഗുകളിൽ പങ്കെടുത്ത വളന്റിയർമാർക്ക് വൈറസിനെ കുറിച്ചും രോഗബാധയെ കുറിച്ചും, അതിനെ നേരിടുന്ന രീതി, വളണ്ടിയർമാർ ചെയ്യേണ്ടത് എന്നിങ്ങനെ നാല് സെഷനുകളായുള്ള ഓൺലൈൻ ട്രൈനിംഗാണ് ലഭിച്ചത്, ട്രൈനിംഗും സർട്ടിഫിക്കറ്റും ലഭിച്ച ഈ പ്രവർത്തകരെയാണ് ആവശ്യമായ സമയത്ത് വളണ്ടിയർ സേവനത്തിന് തിരഞ്ഞെടുത്തിരുന്നത്.

കോവിഡ് പ്രതിരോധത്തിനായുള്ള വളണ്ടിയർ സേവനരംഗത്ത് ഹജ്ജ്, ഡെങ്കിപ്പനി പ്രതിരോധം എന്നീ വിവിധ ഘട്ടങ്ങളിൽ സോഷ്യൽ ഫോറം പ്രവർത്തകർക്ക് ലഭിച്ച പ്രവർത്തനപരിചയം വോളണ്ടിയർമാർക്ക് മുതൽക്കൂട്ടായിട്ടുണ്ട്.

ഇന്ത്യൻ സമൂഹത്തിലെ നിരവധി സാധാരണക്കാർ ഈ പ്രതിസന്ധിയിൽ പ്രയാസപ്പെടുന്നുണ്ട്. ഇവരുടെ ക്ഷേമത്തിനായി ഇന്ത്യൻ സോഷ്യൽ ഫോറം കൗൺസലിംഗ്, ഭക്ഷ്യ കിറ്റുകൾ മെഡിക്കൽ സഹായം, മടക്ക യാത്ര എന്നിങ്ങനെ മൂന്ന് മേഖലകളിലാണ് പ്രധാനമായും പ്രവർത്തനം കേന്ദ്രീകരിച്ചത്. ഇതിനായി വ്യത്യസ്ത ഇന്ത്യൻ ഭാഷകളിൽ ലഭ്യമായ ഹെല്പ് ഡെസ്കുകളുടെ നമ്പറുകൾ സോഷ്യൽ മീഡയയിലൂടെ നൽകാനും സാധിചെന്നും സംഘടന അവകാശപ്പെട്ടു. പത്രസമ്മേളനത്തിൽ സംഘാടകർ പ്രസിദ്ധീകരണത്തിന് നൽകിയ വിവരങ്ങളാണ് താഴെ:

കൗൺസിലിംഗ്:

ആക്സസ് ഇന്ത്യാ ഗൈഡൻസ് സെന്ററുമായി സഹകരിച്ച് ഈ രംഗത്തെ വിദഗ്ദ്ധരായ 10 പേർക്ക് പരിശീലനം നൽകുകയും പ്രതിസന്ധി ഘട്ടത്തിൽ മാനസിക പിരിമുറുക്കം കുറച്ച് ശാന്തചിത്തരായി തുടരാനുള്ള ഉപദേശ നിർദ്ദേശങ്ങൾ അവരിലൂടെ നല്കിപ്പോരുന്നു. (മെയ് 20 വരെയായി 3915 കേസുകൾ വിവിധ ഭാഷകളിൽ കൈകാര്യം ചെയ്തു).

ഭക്ഷ്യ- ധാന്യ കിറ്റ് വിതരണം:

അതോടൊപ്പം ലോക് ടൗണിൽ ജോലിയും ശമ്പളവുമില്ലാതെ പ്രയാസപെട്ട് റൂമുകളിലും ഫ്‌ളാറ്റുകളിലും കഴിഞ്ഞിരുന്ന കുടുംബങ്ങൾക്കും ബാച്ചിലേഴ്സ്റ്റിനും അവശ്യസാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു 25000 ൽ കൂടുതൽ പ്രവാസികൾക്കിത് ആശ്വാസമായി. 500 ലധികം പേർക്ക് വിവിധ രീതിയിലുള്ള മെഡിക്കൽ സഹായങ്ങളും മരുന്നുകളും നൽകാനും സോഷ്യൽ ഫോറത്തിന് സാധിച്ചു

വിവിധ ഭാഷകളിലായി ഹെല്പ് ഡെസ്കുകളിലേക്ക് വരുന്ന കോളുകൾ അനുസരിച്ചായിരുന്നു ഈ പ്രവർത്തനങ്ങൾ. കൂടാതെ സൗദിയിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പണം അയക്കാൻ സാധിക്കാത്തവരുടെ പ്രയാസങ്ങളിൽ താങ്ങായി നിൽക്കാനും പദ്ധതി തയ്യാറാക്കി. നാട്ടിലെ എസ്.ഡി.പി.ഐയുടെ സഹകരണത്തോടെ കേരളം, തമിഴ്‌നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവർക്കും അതത് സംസ്ഥാനങ്ങളിൽ നിന്നുള്ള സൗദിയിലുള്ള പ്രവാസികളിലൂടെ ലഭിക്കുന്ന അഭ്യർത്ഥനകൾ പ്രകാരം 1000 കണക്കിന് ഭക്ഷണ കിറ്റുകളും മരുന്നും അനുബന്ധ സാമഗ്രികളും എത്തിച്ചുനൽകാൻ സാധിച്ചു.

മടക്ക യാത്രാ സൗകര്യം:

സൗദിയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സർക്കാർ നടപടികൾ ത്വരിതഗതിയിലാക്കണമെന്നു ആവശ്യപ്പെട്ടു വിദേശകാര്യ മന്ത്രാലയത്തിനും, പ്രധാന മന്ത്രിക്കും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനും സോഷ്യൽ ഫോറം നിവേദനം നൽകിയിരുന്നു. ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ എയർപോർട്ടുകളിൽ നിന്നും 150 ആളുകളെയും കൊണ്ട് എയർ ഇന്ത്യ സർവ്വീസ് നടത്തുന്നത്.

പ്രവാസികളുടെ സ്വദേശത്തേക്കുള്ള മടക്ക യാത്രയ്ക്ക് ഇതൊരു പരിഹാരമാകുന്നില്ല. അതുകൊണ്ട് തന്നെ സ്വകാര്യ വിമാന കമ്പനികൾ സർവ്വീസ് നടത്തുകയാണെങ്കിൽ അത് മിതമായ നിരക്കിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ളതായിരിക്കണമെന്നാവശ്യപ്പെട്ടുള്ള സോഷ്യൽ ഫോറത്തിന്റെ കാമ്പയിൻ സമൂഹ മാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു. രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ എംബസിയും കോൺസുലേറ്റും ഇന്ത്യക്കാരായ രോഗികളെ കൊറന്റൈൻ ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്ന് നേരത്തെ തന്നെ സോഷ്യൽ ഫോറം ആവശ്യപ്പെട്ടിരുന്നു.

രജിസ്റ്റർ ചെയ്ത ആളുകളിലെ ഏറ്റവും അത്യാവശ്യക്കാർക്ക് പോലും നിലവിലെ യാത്രാ ഷെഡ്യൂളുകൾ പര്യാപ്തമല്ല. ഈ രംഗത്തെ കുറവുകൾ പരിഹരിച്ച് അർഹരായ എല്ലാവരെയും ഉടനടി നാട്ടിലെത്തിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. അതോടൊപ്പം അർഹരായവർക്ക് സൗജന്യമായി ടിക്കറ്റുകൾ നൽകാനും സർക്കാരുകൾ തയ്യാറാവണം.

കന്നഡ പ്രവാസികളക്ക് തിരിച്ച്പോക്കിനുള്ള യാത്ര സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് മംഗലാപുരം കൂട്ടായ്‍മയുമായി ചേർന്ന് സോഷ്യൽഫോർറം കർണാടക ചാപ്റ്റർ വിവിധ സമ്മർദ്ധ് സമര മാർഗങ്ങൾ സവീകരിച്ച്.

പരിമിതമായ രീതിയിൽ മറ്റ് സഹായങ്ങൾ ലഭ്യമല്ലാത്ത അർഹരായ പ്രവാസികൾക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നൽകാനും സോഷ്യൽ ഫോറം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

പുനഃരധിവാസം:

വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ച് വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈയെടുത്ത് ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പാക്കണമെന്നാണ് സോഷ്യൽ ഫോറം ആവശ്യപ്പെടുന്നത്. ഇതിനായുള്ള ബോധവത്കരണം, വിദഗ്ധ ഉപദേശങ്ങൾ എന്നിവ പ്രവാസികൾക്ക് നൽകി കൊണ്ടിരിക്കുന്നു, സ്വയം തൊഴിൽ രംഗത്തും, നിർമ്മാണ വിതരണ മേഖലകളിലും സാധ്യമായ അവസരങ്ങളെ പരിചയപ്പെടുത്തു ന്നതോടൊപ്പം അപകടസാധ്യതകളും പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചുള്ള ബോധവത്കരണവും നൽകി വരുന്നുണ്ട്.

പ്രാദേശികമായ കൂട്ടായ്മകൾ രൂപീകരിച്ച് വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്ക നുസരിച്ച് ആവശ്യമായ മേഖലകളിൽ ചെയ്യാൻ സാധിക്കുന്ന ചെറുകിട, ഇടത്തരം നിർമ്മാണ വിതരണ ശൃംഖലകൾ സൃഷ്ടിക്കാനും നടത്തിപ്പിനുമായുള്ള പദ്ധതികൾ ഫിറ്റ് ഫോർ ഫ്യുച്ചർ പദ്ധതിയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പ്രായോഗികവത്കരണവും സജീവമാക്കിയിട്ടുണ്ട്.

രാഷ്ട്രീയം:

ഇന്ത്യയിലെ സാഹചര്യം കോവിഡ്-19നു മുമ്പുള്ളതിനേക്കാൾ കൂടുതൽ പ്രതികൂലമാണ്. അവസരം മുതലെടുത്ത് സംഘ്പരിവാരവും ഫാഷിസ്റ്റ് ഭരണകൂടവും മതന്യുനപക്ഷങ്ങളോടും ദലിതുകളോടും അന്യസംസ്ഥാന തൊഴിലാളികളോടും പകപോക്കുകയാണ്. ഈ ഘട്ടത്തിൽ അത്തരം വൈറസുകളെയും പൊതുജനങ്ങൾക്കിടയിൽ തുറന്നുകാട്ടുന്നതിൽ ഇന്ത്യൻ സോഷ്യൽ ഫോറം മുൻപന്തിയിൽ തന്നെയുണ്ട്.

കർഫ്യൂ പിൻവലിച്ച്, ജനജീവിതം സാധാരണ നിലയിലേക്ക് വരുമ്പോ ശ്രദ്ധിക്കേണ്ട മുന്കരുതളുകളും മാർഗ നിർദേശങ്ങളും വ്യത്യസ്ഥ ഭാഷകളിൽ തയാറാക്കുന്നു. പ്രവാസി ഇന്ത്യക്കാരുടെ എല്ലാവിധ പ്രശ്ങ്ങളിലും ഒപ്പം നിന്ന് പ്രവർത്തിക്കാൻ സോഷ്യൽ ഫോറം എന്നും മുൻപന്തിൽ തന്നെ ഉണ്ടായിരിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസ സംഘടനകൾ യോജിച്ച് നിന്ന് കൊണ്ട് പ്രവാസികളുടെ അവകാശങ്ങൾക്കായി ഒറ്റക്കെട്ടായി പോരാടണമെന്ന് സോഷ്യൽ ഫോറം ആഹ്വാനം ചെയ്യുന്നു അതിന് വേണ്ട എല്ലാ പിന്തുണയും സഹായവും അഭ്യർത്ഥിക്കുന്നു.

പത്രസമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ, അഷ്‌റഫ് മംഗലാപുരം, നമീർ ചെറുവാടി (കിഴക്കൻ പ്രവിശ്യ), ഹാരിസ് കർണാടകം, ബഷീർ കാരന്തൂർ (മധ്യപ്രവിശ്യ), മുഹമ്മദ് കോയ ചേലേമ്പ്ര, ഹനീഫ (അസീർ പ്രവിശ്യ), മജീദ് ഭായ് (തബൂക്), അഷ്‌റഫ് ചൊക്ലി (മദീന), അബ്ദുല്ല കോയ (മക്ക), ഹബീബ് റഹ്മാൻ (ജിസാൻ) എന്നിവർക്കൊപ്പം ജിദ്ദ സെൻട്രൽ കമ്മിറ്റിയിലെ വിവിധ സംസ്ഥാന നേതാക്കളും സംബന്ധിച്ചു. വെസ്റ്റേൺ റീജിയൻ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ എം അബ്ദുല്ല സ്വാഗതവും കേരള സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ബീരാൻ കൊയിസ്സൻ നന്ദിയും പറഞ്ഞു.

Advertisment