Advertisment

ആഗോളതാപനത്തിന്റെ ഫലമായി ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകളുടെ തീവ്രത വൻതോതിൽ വർധിക്കും; ഐഐടി ഖരക്പൂരിലെ മലയാളി ഗവേഷകർ

New Update

publive-image

Advertisment

ഡൽഹി: ആഗോളതാപനത്തിന്റെ ഫലമായി ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകളുടെ തീവ്രത വൻതോതിൽ വർധിക്കുന്നുവെന്ന് ഐഐടി ഖരക്പൂരിലെ മലയാളി ഗവേഷകർ . 1979 മുതൽ 2019 വരെയുള്ള ചുഴലിക്കാറ്റുകളാണ് ഗവേഷകർ പഠനവിധേയമാക്കിയത് .

ലോകത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ 6% ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ മേഖലയും ബംഗാൾ ഉൾക്കടലും അറബിക്കടലുമുൾപ്പെടുന്ന മേഖലയിലാണ്. ആഗോളതാപനം മൂലം സമുദ്ര താപനിലയിലുണ്ടാകുന്ന വ്യത്യാസം, നീരാവിയുടെ അളവ് എന്നിവ ശക്തമായ ചുഴലിക്കാറ്റുകൾക്കിടയാക്കുന്നുവെന്നാണ് റിപ്പോർട്ട് .

സമുദ്രനിരപ്പിൽ ചൂട് വർധിച്ചതുമൂലം 1979 മുതൽ 2020 വരെയുള്ള കാലയളവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നീരാവിയുടെ തോത് 1.93 മടങ്ങ് വർധിച്ചു. 2019 ജൂൺ, ജൂലായ് മാസങ്ങളിൽ അറബിക്കടലിലുണ്ടായത് 140 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടാണെന്ന് മുൻപും പഠന റിപ്പോർട്ടുകൾ വന്നിരുന്നു.

നീരാവിയും ചൂടും ചുഴലിക്കാറ്റുകൾക്ക് അനുകൂലഘടകമാണ്. വർഷങ്ങൾക്ക് മുൻപ് ദിവസങ്ങളെടുത്താണ് തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറിയിരുന്നത് . എന്നാൽ ഇപ്പോൾ ഈർപ്പത്തിന്റെ അളവു മൂലം കുറച്ചുസമയത്തിനുള്ളിൽ തന്നെ ചുഴലിക്കാറ്റ് അതിതീവ്രമാകുന്നു .

സമുദ്രനിരപ്പിലെ ചൂട് തന്നെയാണ് നീരാവിയുടെ അളവിൽ വലിയ വർധനയുണ്ടാക്കിയത്. പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം തണുപ്പിക്കുന്ന ലാ നിന പ്രതിഭാസവും ചുഴലിക്കാറ്റുകളെ തീവ്രമാക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

കടലിൽ ചൂട് വർധിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രതിഫലനമാണ്. കടലിനോട് ചേർന്ന് കിടക്കുന്ന ജൈവ-ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ കടലാക്രമണം, പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളിൽ നിന്ന് തീരദേശമേഖലയെ സംരക്ഷിച്ചുനിർത്താമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കോലഞ്ചേരി സ്വദേശിയായ ജിയ ആൽബർട്ട്, പെരുമ്പാവൂർ സ്വദേശി ആതിര കൃഷ്ണൻ, തിരുവനന്തപുരം സ്വദേശി പ്രസാദ് കെ. ഭാസ്കരൻ എന്നിവരാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത് .

NEWS
Advertisment