ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരു മരം…മുംബൈയില്‍ നാലാം നിലയില്‍ നിന്ന് താഴേക്ക് വീണ പിഞ്ചു കുഞ്ഞിന് രക്ഷകനായത് ഒരു മരമാണ് !

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, January 5, 2019

മുംബൈ: നാലാം നിലയിലെ ഫ്‌ലാറ്റില്‍ നിന്നു വീണ ഒരുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇവിടെ കുഞ്ഞിന് രക്ഷകനായത് ഒരു മരമാണ്. ജനലില്‍ നിന്നു താഴേക്കു പതിച്ച കുഞ്ഞ് മരത്തില്‍ അല്‍പനേരം തട്ടിത്തടഞ്ഞു നിന്ന ശേഷം നിലത്തേക്കു വീണതാണു ദുരന്തം ഒഴിവാക്കിയത്. ജീവനും മരണത്തിനും ഇടയില്‍ ആ മരമില്ലായിരുന്നെങ്കില്‍..അക്കാര്യം ഓര്‍ക്കാന്‍ പോലുമാകാതെ കുഞ്ഞ് അഥര്‍വയെ ചേര്‍ത്തു പിടിക്കുന്നു അച്ഛന്‍ അജിത് ബാര്‍കഡെയും അമ്മ ജ്യോതിയും.

മുംബൈ നഗരത്തിലുള്ള ഗോവണ്ടിയിലാണു സംഭവം. ഫ്‌ലാറ്റില്‍ ഒരു ഭാഗത്തു ഭിത്തിക്കു പകരം ഏഴടി ഉയരത്തില്‍ സ്ലൈഡിങ് ജനലാണ്. ഗ്രില്ലോ, മറ്റു കവചങ്ങളോ ഇല്ല. അമ്മയും അച്ഛനും മുത്തച്ഛനും മുത്തശ്ശിയും എല്ലാം വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് ഒരു നിമിഷം ശ്രദ്ധതെറ്റിയപ്പോഴായിരുന്നു അപകടം. മുത്തശ്ശി പുറത്തു തുണി വിരിക്കാനായി ജനല്‍ തുറന്ന ശേഷം പകുതി അടച്ചതാണു പ്രശ്‌നമായത്. ഹാളില്‍ കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് ഓടിയെത്തി ജനലില്‍ തള്ളിയപ്പോള്‍ തുറന്നു പുറത്തേക്കു വീണു.

കെട്ടിടത്തോടു ചേര്‍ന്നുള്ള മരത്തിന്റെ ശാഖകളിലും ഇലകളിലും തട്ടിത്തടഞ്ഞു താഴേക്കു പതിച്ചപ്പോള്‍ വീഴ്ചയുടെ ആഘാതം കുറഞ്ഞതാണു ദുരന്തം ഒഴിവാക്കിയത്. പരുക്കുകളോടെ മുളുണ്ട് ഫോര്‍ട്ടിസ് ആശുപത്രി ഐസിയുവില്‍ നിരീക്ഷണത്തിലാണു കുഞ്ഞിപ്പോള്‍. ആരോഗ്യനില മെച്ചപ്പെടുന്നു.

×