രാഹുല്‍ ദ്രാവിഡിനെ കേക്കില്‍ കുളിപ്പിച്ച് അണ്ടര്‍ 19 താരങ്ങള്‍; പ്രിയ പരിശീലകന്റെ ടീമിന്റെ സര്‍പ്രൈസ് പിറന്നാള്‍ ട്രീറ്റ്

സ്പോര്‍ട്സ് ഡസ്ക്
Thursday, January 11, 2018

വെല്ലിങ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന് ഇന്ന് 45ാം പിറന്നാളാണ്. ക്രിക്കറ്റിലെ വന്‍ മതിലിന് ആശംസകളുമായി കായിക ലോകം മുഴുവന്‍ രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ താരങ്ങളും സുഹൃത്തുക്കളുമായ വി.വി.എസ് ലക്ഷ്മണ്‍, മുഹമ്മദ് കൈഫ് തുടങ്ങിയവരും ഹര്‍ഭജന്‍ സിംഗ്, ശിഖര്‍ ധവാന്‍ തുടങ്ങിയവരെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ദ്രാവിഡിന് ഏറ്റവും രസകരമായി ആശംസ അറിയിച്ചത് ഇന്ത്യന്‍ അണ്ടര്‍ 19 ടീമാണ്. പരിശീലകനായ ദ്രാവിഡിന്റെ പിറന്നാള്‍ കേക്ക് മുറിച്ചാണ് ടീം ആഘോഷിച്ചത്. ഡ്രെസ്സിംഗ് റൂമില്‍ വച്ച് നടന്ന ആഘോഷ ചടങ്ങില്‍ ദ്രാവിഡിനെ കേക്കില്‍ കുളിപ്പിക്കാനും താരങ്ങള്‍ മറന്നില്ല.

കുട്ടിത്താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തും കേക്ക് പങ്കിട്ടും പിറന്നാള്‍ ആഘോഷിക്കുന്ന ദ്രാവിഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും ഹിറ്റായി മാറിയിരിക്കുകയാണ്. അണ്ടര്‍ 19 ലോകകപ്പിന് തയ്യാറെടുക്കുകയാണ് ടീം. അതിനായി ടീം ഇപ്പോള്‍ ന്യൂസിലാന്റിലാണുള്ളത്.

ഇന്നലെ, ദ്രാവിഡിന് പിറന്നാള്‍ സമ്മാനമായി മകന്‍ സമിത് ദ്രാവിഡ് സെഞ്ച്വറി നേടിയിരുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച അണ്ടര്‍-14 കുട്ടികള്‍ക്കായുള്ള ബി.ടി.ആര്‍ കപ്പില്‍ സെഞ്ചുറി നേടിയ സമിതിന്റെയും മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷിയുടെ മകന്‍ ആര്യന്‍ ജോഷിയുടെയും മികവില്‍ മല്ല്യ അതിഥി ഇന്റര്‍നാഷണല്‍ സ്‌കൂളിന് 412 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു.

സമിത് 150 റണ്‍സും ആര്യന്‍ 154 റണ്‍സുമെടുത്തു. അച്ഛനുള്ള പിറന്നാള്‍ സമ്മാനമാണ് തന്റെ സെഞ്ച്വറിയെന്ന് മത്സരശേഷം സമിത് പ്രതികരിച്ചു.

×