Advertisment

കൂവപ്പടിക്കാരുടെ പ്രിയപ്പെട്ട ഹോമിയോ തങ്കപ്പൻ ഡോക്ടർ ഓർമ്മയായി. കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി അനുശോചിച്ചു.

New Update

publive-imageപെരുമ്പാവൂർ: അറുപത്തഞ്ചു വർഷത്തോളം ഹോമിയോ ചികിത്സയിലൂടെ ജനങ്ങളുടെ വിശാസമാർജ്ജിച്ച കൂവപ്പടിക്കാരുടെ പ്രിയപ്പെട്ട 'ഹോമിയോ തങ്കപ്പൻ' ഡോക്ടർ (87) ഓർമ്മയായി. ചൊവ്വാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞു വീണായിരുന്നു മരണം. കൂവപ്പടി ഗണപതിവിലാസം ഹൈസ്‌കൂൾ ജംഗ്ഷനിൽ അസോസിയേറ്റഡ് ഹോമിയോ ഡിസ്‌പെൻസറി എന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ കഴിഞ്ഞ ഒരുവർഷം മുമ്പുവരെ രോഗികളെ ചികിത്സിച്ചിരുന്നു. കുട്ടികളുടെ ചികിത്സയിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടിയിരുന്ന ഡോക്ടറെ തേടി മറ്റിടങ്ങളിൽ നിന്നുപോലും ആളുകൾ വരുമായിരുന്നു.

ശ്രീനാരായണീയ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഡോ. തങ്കപ്പൻ സാമൂഹിക, സാംസ്‌കാരിക പ്രസ്ഥാനങ്ങളിലും പണ്ട് സജീവമായി ഇടപെട്ടിരുന്നു. കൂവപ്പടിയിലെ പ്രവർത്തനം നിലച്ചുപോയ ചിലങ്ക ആർട്ട്സ് സൊസൈറ്റിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു. പോസ്റ്റ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗം നിലവിലിരുന്ന ആദ്യകാലത്ത് കൂവപ്പടിയിൽ ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിയ്ക്കുന്നതിനായി ഉന്നതതലങ്ങളിൽ സ്വാധീനം ചെലുത്തി നടപ്പിലാക്കിയെടുത്തതിൽ പ്രധാനിയായിരുന്നു ഡോക്ടർ. ആദ്യകാല ലൈഫ് ഇൻഷൂറൻസ് ഏജന്റുമായിരുന്നു. ബുധനാഴ്ച രാവിലെ 10ന് ഒക്കൽ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഡോക്ടറുടെ നിര്യാണത്തിൽ കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി അനുശോചിച്ചു.

Advertisment