Advertisment

ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പ്; വരാണസിയിലും അയോധ്യയിലും ബിജെപിക്ക് കനത്ത തിരിച്ചടി

New Update

publive-image

Advertisment

ലഖ്നൗ: ഉത്തർപ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശക്തി കേന്ദ്രങ്ങളിൽ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി. വരാണസിയിലും അയോധ്യയിലും അഖിലേഷ് യാദവിന്റെ നേതൃത്വത്തലുള്ള സമാജ് വാദി പാർട്ടി നേട്ടമുണ്ടാക്കിയപ്പോൾ മഥുരയിൽ മായാവതിയുടെ ബിഎസ്പിയും അജിത് സിങിന്റെ ആർഎൽഡിയും വിജയംകൊയ്തു.

ബിജെപിക്ക് രാഷ്ട്രീയപരമായി നിർണായകമാണ് ഈ മൂന്ന് ജില്ലകളും. യോഗി ആദ്യത്യനാഥ്സർക്കാർ കഴിഞ്ഞ നാല് വർഷക്കാലം ഈ ജില്ലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയായി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വരാണസി ജില്ലാ പഞ്ചായത്തിലെ 40 സീറ്റുകളിൽ എട്ടിടത്ത് മാത്രമേ ബിജെപിക്ക് ജയിക്കാൻ സാധിച്ചുള്ളൂ. സമാജ് വാദി പാർട്ടി 14 സീറ്റുകൾ നേടി. ബിഎസ്പി അഞ്ചിടത്തും ജയിച്ചു. അപ്നാദൾ (എസ്) മൂന്ന് സീറ്റു നേടി. ആം ആദ്മി പാർട്ടിക്കും ഇവിടെ അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടുണ്ട്.

മഥുരയിലും ബിജെപി എട്ട് സീറ്റിലൊതുങ്ങി. ഇവിടെ ബിഎസ്പി 12 സീറ്റിലും ആർഎൽഡി ഒമ്പത് സീറ്റിലും ജയിച്ചു. അതേ സമയം എസ്പിക്ക് ഒരിടത്ത് മാത്രമേ മഥുരയിൽ ജയിക്കാന്‍ സാധിച്ചിട്ടുള്ളൂ. കോൺഗ്രസ് ഒരു സീറ്റ് പോലും നേടിയില്ല. മൂന്ന് സ്വതന്ത്രരും ജയിച്ചു.

40 സീറ്റുള്ള അയോധ്യ ജില്ലാ പഞ്ചായത്തിൽ 24 സീറ്റുകൾ നേടി എസ്പി തൂത്തുവാരി. ബിജെപി ആറിലൊതുങ്ങി. ബാക്കി സീറ്റുകളിൽ സ്വതന്ത്രരാണ് ജയിച്ചത്.

ഇതിനിടെ ഉത്തർപ്രദേശിലെ മൊത്തം പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ മുന്നിൽ തങ്ങളാണെന്ന് ബിജെപിയും എസ്പിയും ഒരുപോലെ അവകാശവാദം ഉന്നയിച്ചു. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് രണ്ടു മുതലാണ് ആരംഭിച്ചത്. പലയിടത്തും ഇപ്പോഴും പുരോഗമിക്കുകയാണ്.

ഇതുവരെ 2.32 ലക്ഷം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, 38,317 ഗ്രാമപഞ്ചായത്ത് തലവൻമാർ, 55,925 ക്ഷത്ര പഞ്ചായത്ത് അംഗങ്ങൾ, 181 ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തതായി തിങ്കളാഴ്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

lucknow news
Advertisment