Advertisment

പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് നീക്കവുമായി വിഡി സതീശന്‍. അവകാശപ്പെടുന്നത് എറണാകുളം ലോബിയിലെ 4 എംഎല്‍എമാരുടെ പിന്തുണ ? സതീശന് പ്രതികൂലമാകുന്നത് കോണ്‍ഗ്രസിനെയും യുഡിഎഫ് സര്‍ക്കാരിനെയും പാര്‍ട്ടി നേതാക്കളെയും വിമര്‍ശിച്ച് നേതാവായ പ്രതിഛായ ! പ്രതിപക്ഷ നേതൃസ്ഥാനത്തിനായി കോണ്‍ഗ്രസില്‍ പോര് മുറുകുമ്പോള്‍ ?

New Update

publive-image

Advertisment

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് നീക്കവുമായി വിഡി സതീശന്‍ എംഎല്‍എ. ഐ ഗ്രൂപ്പിലെ നാല് എംഎല്‍എമാരെയും ഗ്രൂപ്പ് രഹിത എംഎല്‍എമാരെയും കൂടെ ചേര്‍ത്ത് പുതിയ ഗ്രൂപ്പ് രൂപീകരിക്കാനാണ് സതീശന്‍റെ നീക്കം. എന്നാല്‍ പുതിയ നീക്കത്തിന് പാര്‍ട്ടിയില്‍ നിന്നും വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

യുഡിഎഫിന് ഭരണം ലഭിക്കാതെവരികയും സംസ്ഥാനത്ത് ആദ്യമായി ഭരണമാറ്റം ഉണ്ടാകാതിരിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസിനുള്ളില്‍ നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

നേതൃത്വം ഒന്നാകെ മാറണമെന്നായിരുന്നു വിമര്‍ശകരുടെ ആവശ്യം. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനെതിരെയമാണ് കൂടുതല്‍ വിമര്‍ശനം. നേതൃത്വം മാറുമ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും രമേശ് ചെന്നിത്തലയും മാറണമെന്നാണ് പൊതു അഭിപ്രായം.

അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവച്ച നേതാവെന്ന നിലയില്‍ ചെന്നിത്തലയുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അനുഭാവമുണ്ട്.

ഈ സാഹചര്യം പരമാവധി മുതലെടുത്ത് പാര്‍ട്ടിയിലെ എറണാകുളം ലോബിയുടെ സഹായത്തോടെ പുതിയ ഗ്രൂപ്പുണ്ടാക്കി നേതൃത്വം പിടിച്ചെടുക്കാനാണ് സതീശന്‍റെ നീക്കം.

എന്നാല്‍ പാര്‍ട്ടിക്കും പാര്‍ട്ടിയുടെ നേതാക്കള്‍ക്കുമെതിരെ റിബല്‍ ശബ്ദമുയര്‍ത്തി നേതാവായ വ്യക്തിയെന്നതാണ് വിഡി സതീശന് വിനയാകുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മുന്നണിയില്‍ ഹരിത ഗ്രൂപ്പുണ്ടാക്കി പ്രതിപക്ഷത്തിന്‍റെ റോള്‍ ഏറ്റെടുത്തതോടെയാണ് സതീശന്‍ ശ്രദ്ധനേടിയത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ജനപ്രിയനീക്കങ്ങളുടെ മുഴുവന്‍ ശോഭ കെടുത്തിയത് വിഡി സതീശന്‍റെയും ടിഎന്‍ പ്രതാപന്‍റെയും വിമത നീക്കങ്ങളായിരുന്നു. തുടര്‍ഭരണമെന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കാന്‍ ഈ നീക്കങ്ങള്‍ നിര്‍ണായകമായി.

പിന്നീട് വന്ന പിണറായി സര്‍ക്കാരിന്‍റെ കാര്യത്തില്‍ സതീശനോ പഴയ ഹരിത ഗ്രൂപ്പിനോ സ്വന്തം സര്‍ക്കാരിനെതിരെയുണ്ടായ ജാഗ്രത ഉണ്ടായില്ല. രമേശ് ചെന്നിത്തല തെളിവു സഹിതം പിണറായി സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍പോലും ഏറ്റെടുക്കാനോ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനോ സതീശന്‍ പോലും മിനക്കെട്ടതുമില്ല. എല്ലാ പ്രതിഷേധങ്ങളും ഏതാനും നിയമസഭാ പ്രസംഗങ്ങളില്‍ ഒതുങ്ങി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ചാനല്‍ ചര്‍ച്ചകളിലെ 'സുപ്പര്‍ സ്റ്റാറായിരുന്ന' സതീശന്‍ പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ചാനല്‍ ചര്‍ച്ചകളില്‍ നിന്നും പിന്നോക്കം പോകുകയും ചെയ്തു.

ഇപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് കരുക്കള്‍ നീക്കുമ്പോള്‍ സതീശന് വിനയാകുന്നത് ഈ പഴയ ചരിത്രമാണ്. പുതിയ ഗ്രൂപ്പ് നീക്കത്തിന് ഐ ഗ്രൂപ്പില്‍ നിന്നും ടിജെ വിനോദ്, എല്‍ദോസ് കുന്നപ്പള്ളി, റോജി എം ജോണ്‍, ഗ്രൂപ്പ് രഹിതനായ അ‍ഡ്വ. മാത്യു കുഴല്‍നാടന്‍ എന്നിവരുടെ പിന്തുണയാണ് സതീശന്‍ ക്യാമ്പ് അവകാശപ്പെടുന്നത്.

പക്ഷേ ഈ എംഎല്‍എമാരില്‍തന്നെ പലരും അതിനു സമ്മതം മൂളിയിട്ടെല്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പുതിയ ഗ്രൂപ്പ് നീക്കം വിഡി സതീശന് പാര്‍ട്ടിയില്‍ തിരിച്ചടിയായി മാറിയേക്കും.

trivandrum news
Advertisment