കുവൈറ്റില്‍ പ്രവാസികളുടെ സിവില്‍ ഐഡി കാര്‍ഡിലെയും പാസ്‌പോര്‍ട്ടിലെയും പേരുകളിലെ പൊരുത്തക്കേട് രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നത് തടയും , പേരുകളിലെ അക്ഷരതെറ്റുകള്‍ ഒഴിവാക്കണം : പ്രവാസികളുടെ പക്കല്‍ നിന്നും ഏതെങ്കിലും കാരണവശാല്‍ സിവില്‍ ഐഡി നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും : പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, March 15, 2019

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളുടെ സിവില്‍ ഐഡി കാര്‍ഡിലെയും പാസ്‌പോര്‍ട്ടിലെയും പേരുകളിലെ പൊരുത്തക്കേട് പ്രവാസികളെ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നതും രാജ്യത്തു നിന്ന് പുറത്തേയ്ക്ക് പോകുന്നതും തടയും . പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ നിന്നും റസിഡന്‍സി സ്റ്റിക്കര്‍ ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി കഴിഞ്ഞു .

ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറി ജനറല്‍ ഇസ്സാം അല്‍ നഹാമിന്റെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിനായുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാനായി ആദ്യ യോഗം സംഘടിപ്പിച്ചു.

യോഗത്തില്‍ കോണ്‍സുലേറ്റ് അഫയേഴ്‌സ് അംബാസിഡര്‍ സാമി അല്‍ ഹമദ്, പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ജനറല്‍ മുസീദ് അല്‍ അസൂസി , ബോര്‍ഡര്‍ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ അവാദി , ലീഗല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മജീദ് അല്‍ മജീദ്, റസിഡന്‍സി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ മരാഫി , എയര്‍പോര്‍ട്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഫഹദ് അല്‍ വക്യാന്‍ , സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ തൗഹീദ് അല്‍ കന്ദരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കുവൈറ്റിലേക്ക് വരുന്നതിനും കുവൈറ്റിൽ നിന്ന് പോകുന്നതിനും പാസ്പോർട്ടിനൊപ്പം സിവിൽ ഐഡി കാർഡും ഹാജരാക്കണമെന്നാണ് പുതിയ നിയമം. മാർച്ച് 10ന് നിലവിൽ വന്ന സംവിധാനപ്രകാരം ആദ്യഘട്ടമെന്ന നിലയിൽ ഗാർഹിക തൊഴിലാളികളുടെ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്ന ഒഴിവാക്കിക്കഴിഞ്ഞു.

ഇഖാമ പുതുക്കുന്നതിന് മുൻ‌പ് പാസ്പോർട്ടിലെയും സിവിൽ ഐഡി കാർഡിലെയും പേരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കണം. അറബിക്കിൽ അല്ലാത്ത പല പേരുകളും ഇംഗ്ലിഷിലേക്ക് മാറ്റുമ്പോൾ ഉള്ള പിഴവുകളാണ് പ്രധാനമായും ഉള്ളത്. അതത് മേഖലയിലെ താമസാനുമതികാര്യ ഓഫിസുകളിൽ എത്തിയാണ് പേരിലെ പൊരുത്തക്കേടുകൾ മാറ്റേണ്ടത്.

സിവിൽ ഐഡി കാർഡ് നഷ്ടമായാൽ എന്ത് നടപടി സ്വീകരിക്കണമെന്നതും യോഗം ചർച്ച ചെയ്തു. പുതിയ സംവിധാനത്തിലെ പ്രധാന പ്രശ്നവും ഇതാണ്. ഇന്ത്യക്കാരനായ ഒരാൾ അവധിക്ക് പോയി തിരിച്ചുവരണമെങ്കിൽ ഇന്ത്യയിലെ വിമാനത്താവളത്തിൽ വീസ സംബന്ധിച്ച കാര്യങ്ങൾക്ക് ഹാജരാക്കേണ്ടതും കുവൈറ്റിലെ സിവിൽ ഐഡി കാർഡ് ആയിരിക്കും.

പാസ്പോർട്ട് നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തുന്ന പുതിയ സിവിൽ ഐഡി കാർഡിലെ ചിപ്പിലാണ് ഇഖാമ കാലാവധിയും മറ്റും രേഖപ്പെടുത്തുക. എക്സിറ്റ്/എൻ‌ട്രി മുദ്ര പതിക്കാൻ പാസ്പോർട്ടും കരുതണം. സിവിൽ ഐഡി കാർഡ് നഷ്ടമായാൽ കുവൈറ്റിലേക്ക് വരാനാവില്ല. ഈ സാഹചര്യത്തിൽ കൈക്കൊള്ളുന്ന നടപടി സൂക്ഷ്മവും കാര്യക്ഷമവുമായിരിക്കണമെന്ന് യോഗത്തിൽ നിർദേശം ഉയർന്നു.

×