Advertisment

മോദിയും പിണറായിയും ഒരേ തൂവല്‍പക്ഷികള്‍: വിഎം സുധീരന്‍

New Update

publive-image

Advertisment

കൊച്ചി: ഗാന്ധിസം വിസ്മരിച്ച് ഗോഡ്‌സേയിസം നടപ്പിലാക്കുന്ന നരേന്ദ്ര മോദിയും രാഷ്ട്രീയമായി ഇഷ്ടമില്ലാത്തവരുടെ ജീവനെടുക്കുന്ന പിണറായി വിജയനും ഒരേ തൂവല്‍പക്ഷികളാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. കലൂര്‍ മണപ്പാട്ടിപറമ്പില്‍ എറണാകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദിന്റെ തിരഞ്ഞെടുപ്പ് വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലയാളികളെ സംരക്ഷിക്കാന്‍ സിബിഐ അന്വേഷണം തടയുന്നതിന് വേണ്ടി പൊതുഖജനാവില്‍ നിന്നും കോടികള്‍ മുടക്കുന്ന പിണറായി വിജയന്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും വി.എം സുധീരന്‍ ആരോപിച്ചു. മന്ത്രി സഭാ തീരുമാനങ്ങള്‍ വിവരാവകാശം വഴി ലഭ്യമാക്കില്ല എന്ന ഏകപക്ഷീയമായ തീരുമാനത്തിലൂടെ അറിയാനുള്ള പൗരന്റെ അവകാശമായ വിവരാവകാശ നിയമത്തിന്റെ കടയ്ക്കല്‍ കോടാലി വയ്ക്കുകയായിരുന്നു പിണറായി വിജയന്‍.

ഇത് നയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. സംശുദ്ധ ഭരണം ലക്ഷ്യമിട്ട് ജനജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ മനസിലാക്കിയ നയരേഖ യുഡിഎഫ് രൂപീകരിച്ചിരിക്കുന്നത്. അഴിമതി തുടച്ച് നീക്കുന്നതിന് വേണ്ടി സംസ്ഥാന വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കും. പരാതി പറയാനെത്തുന്ന പൗരനെ കേള്‍ക്കുക എന്നത് അവന്റെ അവകാശമാണ്. തുടങ്ങി ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ് നയരേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും വി.എം സുധീരന്‍ പറഞ്ഞു.

publive-image

രാഷ്ട്രീയ പ്രവര്‍ത്തകന്‍ ജനസേവകനായിരിക്കണമെന്ന അടിസ്ഥാന തത്വം പ്രാവര്‍ത്തീകമാക്കിയ നേതാവാണ് ടി.ജെ വിനോദ്. എംഎല്‍എ ആയിരുന്ന പരിമിതമായ കാലയളവില്‍ പോലും മികച്ച പ്രവര്‍ത്തവനം കാഴ്ചവച്ച ടി.ജെ വിനോദിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദരിക്കാനും അഭിനന്ദിക്കാനും സുധീരന്‍ മറന്നില്ല.

ടി.ജെ വിനോദിന് നിയമസഭയിലേക്ക് ഒരവസരം കൂടെ നല്‍കണമെന്ന് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം വാഹന പ്രചരണ ജാഥ ദീപശിഖ തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

മണിപ്പാട്ടിപ്പറമ്പില്‍ നിന്നും ആരംഭിച്ച വാഹന പ്രചരണ ജാഥ കലൂര്‍ ജംഗ്ഷന്‍, കോട്ടേല്‍ ജംഗ്ഷന്‍, പൊറ്റക്കുഴി, ബേബി സ്മാരക റോഡ്, എട്ടുകാട്ട് അമ്പലം, താന്നിക്കല്‍ ജംഗ്ഷന്‍, പേരണ്ടൂര്‍ ജംഗ്ഷന്‍, പാടം ബസ് സ്റ്റോപ്പ്, പുതുക്കലവട്ടം, പുന്നക്കല്‍ ജംഗ്ഷന്‍, കീര്‍ത്തി നഗര്‍, രാജീവ് ഭവന്‍ എന്നിവ പിന്നിട്ട് കറുകപ്പള്ളി ജംഗ്ഷനില്‍ സമാപിച്ചു. വ്യാഴാഴ്ചത്തെ വാഹന പ്രചരണ ജാഥ വൈകുന്നേരം മൂന്നരയ്ക്ക് രവിപുരം ആലപ്പാട്ട് ജംഗ്ഷനില്‍ നിന്നും ആരംഭിക്കും.

kochi news
Advertisment