Advertisment

ന്യൂനപക്ഷ സ്കോളർഷിപ്പ്: കോടതിവിധിയുടെ മറവിൽ സച്ചാർ-പാലൊളി ശുപാർശകൾ സർക്കാർ അട്ടിമറിക്കുന്നു - വെൽഫെയർ പാർട്ടി

New Update

publive-image

Advertisment

തിരുവനന്തപുരം: സച്ചാർ - പാലൊളി ശുപാർശകളുടെ അടിസ്ഥാനത്തിൽ മുസ്ലിം സാമൂഹ്യ പിന്നാക്കവസ്ഥ പരിഹരിക്കാനായി ആരംഭിച്ച ക്ഷേമ സ്കോളർഷിപ്പുകൾ കോടതി വിധിയുടെ സാങ്കേതിക മറവിൽ അട്ടിമറിക്കാനാണ് പുതുക്കിയ അനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നൽകുന്നത് സംബന്ധിച്ച തീരുമാനമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

80:20 അനുപാതം റദ്ദാക്കിയ കോടതി വിധിയിലേക്ക് നയിച്ചത് വി.എസ് സർക്കാറിന്റെ കാലത്ത് സംഭവിച്ച സാങ്കേതിക പിഴയാണ്. ബോധപൂർവ്വമായിരുന്നു ഇത്തരമൊരു പിഴവ് സംഭവിച്ചതെന്ന് സർക്കാരുകൾ തന്നെ സമ്മതിക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനം.

നിലവിലുള്ള സ്കോളർഷിപ്പ് അനുപാതം മാറ്റുക വഴി മുസ്ലിം സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന അടിസ്ഥാന പ്രശ്നം തന്നെ വഴിമാറിയിരിക്കുന്നു. എന്നുമാത്രമല്ല ക്രൈസ്തവ വിഭാഗത്തിലെ ദുർബല ജനവിഭാഗമായ ലത്തീൻ - പരിവർത്തിത ക്രൈസ്തവർ എന്നിവർക്ക് സ്കോളർഷിപ്പുകൾക്കായി വിദ്യാഭ്യസപരവും സാമൂഹ്യപരവും സാമ്പത്തികവുമായി മുന്നാക്കം നിൽക്കുന്ന മറ്റ് ക്രൈസ്തവ വിഭാഗങ്ങളുമായി മത്സരിക്കേണ്ടിയും വരും.

സമൂഹ്യ നീതിക്ക് അനുഗുണമല്ല സർക്കാരിന്റെ ഈ നീക്കം. മുസ്ലിങ്ങളുടെ സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കൽ സർക്കാരിന്റെ ലക്ഷ്യമാണെങ്കിൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പ് എന്ന നിലയിലേക്ക് ചർച്ച വഴിമാറാൻ പാടില്ല.

സച്ചാർ-പാലൊളി കമ്മിറ്റികളുടെ ശുപാർശകൾ നടപ്പിലാക്കും എന്നത് എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അത് ആത്മാർത്ഥതയോടെയാണ് പറഞ്ഞതെങ്കിൽ അതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുകയും സാങ്കേതിക പിഴവില്ലാത്ത നിയമനിർമ്മാണം നടത്തുകയുമാണ് ഇടതു സർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

welfare party
Advertisment