Advertisment

താജ്മഹൽ വളപ്പിലെ പ്രാര്‍ത്ഥനാ വിലക്ക്; പ്രതിഷേധവുമായി ഇസ്ലാം മതവിശ്വാസികള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

Image result for താജ്മഹൽ

Advertisment

ദില്ലി: താജ്മഹൽ വളപ്പിലെ പള്ളിയിൽ വെള്ളിയാഴ്ച നമസ്കാരം ഒഴികെയുള്ള പ്രാര്‍ത്ഥന വിലക്കിയ ആര്‍ക്കിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യയുടെ നടപടി ചേരിതിരിവിന് ഇടയാക്കുന്നു. വിലക്കിനെതിരെ ഇസ്ലാം മത വിശ്വാസികള്‍ പ്രതിഷേധിച്ചു. അതേസമയം പള്ളിക്കുള്ളിൽ പൂജ നടത്തിയെന്ന് അവകാശപ്പെട്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ദൃശ്യങ്ങൾ പുറത്തുവിട്ടു.

ഈ മാസം മൂന്നിന് താജ്മഹൽ വളപ്പിലെ മുസ്ലീം പള്ളിയിൽ വെള്ളിയാഴ്ച നമസ്കാരം മാത്രം അനുവദിച്ചാൽ മതിയെന്ന് എ.എസ്.ഐ തീരുമാനിച്ചത്. പക്ഷേ രേഖാമൂലം ഉത്തരവിറക്കിയില്ല. ആഗ്രക്കാരല്ലാത്ത മുസ്ലീങ്ങള്‍ക്ക് പ്രാര്‍ഥന നടത്താൻ അനുവാദം നല്‍ക്കേണ്ടെന്ന് നേരത്തെ ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. ഇത് സുപ്രീംകോടതിയും ശരിവച്ചു. ഇതിനിടെ വെള്ളിയാഴ്ച മാത്രമേ നമസ്കാരം അനുവദിക്കൂവെന്ന് വ്യക്തമാക്കി കൊണ്ടുള്ള വിജ്ഞാപനം എ.എസ്.ഐ താജ്മഹൽ കവാടങ്ങളിൽ പതിച്ചു. നൂറ്റാണ്ടുകളായുള്ള പതിവ് മാറ്റുന്നുവെന്ന് കുറ്റപ്പെടുത്തി ഇസ്ലാം മത വിശ്വാസികള്‍ താജ്മഹലിന് മുന്നിൽ പ്രതിഷേധിച്ചു.

ഇതിനിടെയാണ് തങ്ങളുടെ ജില്ലാ അധ്യക്ഷയുടെ നേതൃത്വത്തിൽ മൂന്നു സ്ത്രീകള്‍ പള്ളിയിൽ പൂജ നടത്തിയെന്ന് അവകാശപ്പെട്ട് എ.എച്ച്.പി വീഡിയോ പുറത്തുവിട്ടത്. എന്നാൽ വീഡിയോയുടെ ആധികാരികത പരിശോധിക്കുകയാണെന്നാണ് താജ്മഹലിന്‍റെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫിന‍്‍റെ പ്രതികരണം. തങ്ങളുടെ അറിവിൽ ആരും പള്ളിക്കുള്ളിൽ പ്രവേശിച്ചിട്ടില്ലെന്ന് സേന വ്യക്തമാക്കുന്നു. പളളിക്കുള്ളിൽ നിന്ന് പൂജ സാമഗ്രികളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് എ.എസ്.ഐന്‍റെ പ്രതികരണം. അതേസമയം, പൂജ നടത്തിയെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് ആര്‍ക്കിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. എന്നാൽ വിലക്ക് ലംഘിച്ച് പള്ളിക്കുള്ളിൽ നമസ്കാരം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനയായ ബജറംഗ് ദളും വിഷയം ഏറ്റെടുക്കുകയാണ്.

Advertisment