Advertisment

ചെറുപ്പം മുതൽ കണക്കുപറഞ്ഞ് ഞെട്ടിച്ച, കണക്കിലെ മാന്ത്രിക; കമ്പൂട്ടറിനെ പോലും തോൽപ്പിച്ച ശകുന്തളാദേവി; ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ശകുന്തള ദേവിയുടെ വിസ്മയിപ്പിക്കുന്ന ജീവിതം..

author-image
admin
New Update

publive-image

Advertisment

മനുഷ്യരാണ് കമ്പ്യൂട്ടറിനെ സൃഷ്ടിച്ചത്.. അതിനാൽ മനുഷ്യ മനസിന്റെ കഴിവ് കമ്പ്യൂട്ടറിനേക്കാൾ മികച്ചതായിരിക്കുമെന്ന് പറഞ്ഞ ഒരു വനിതയുണ്ട്.. കുഴപ്പം പിടിച്ച കണക്കുകൾ ഞൊടിയിടയിൽ പരിഹരിക്കുന്ന കണക്കിലെ മാന്ത്രിക.. കണക്കിൽ കമ്പ്യൂട്ടറിനെ പോലും തോൽപ്പിച്ച ഭാരതത്തിന്റെ മനുഷ്യ കമ്പ്യൂട്ടർ.. ശകുന്തളാ ദേവീ..

1929ൽ ബാംഗ്ലൂരിലെ ഒരു ദരിദ്രകുടുംബത്തിൽ സർക്കസ് അഭ്യാസിയുടെ മകളായി ജനിച്ച ശകുന്തള ഗണിതത്തിൽ ഗിന്നസ് റെക്കോർഡ് അടക്കമുള്ള ബഹുമതികളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഒരിക്കൽ കമ്പ്യൂട്ടറും ശകുന്തള ദേവിയും തമ്മിൽ നടന്ന മത്സരത്തിൽ ശകുന്തള ദേവി ശരിയുത്തരവും കമ്പ്യൂട്ടർ തെറ്റുത്തരവും നൽകിയിരുന്നു. അങ്ങനെയാണ് പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത ശകുന്തള ദേവി മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടാൻ തുടങ്ങിയത്.

തന്റെ അച്ഛന്റെ ചീട്ടുവിദ്യയും അതിലെ മാന്ത്രികതയുടെ സൂത്രവും വെറും മൂന്നാമത്തെ വയസിൽ മനസിലാക്കിയതിൽ നിന്നാണ് ശകുന്തളാ ദേവിയുടെ കണക്കിലെ കളികളുടെ തുടക്കം. പിന്നീട് അഞ്ച് വയസായപ്പോഴേക്കും ഗണിതശാസ്ത്രത്തിലെ കഠിനമായ വഴിക്കണക്കുകൾ ശകുന്തള നിഷ്പ്രയാസം പരിഹരിച്ചു. ആറാമത്തെ വയസ്സിലായിരുന്നു ആദ്യത്തെ പ്രധാന അക്കാദമിക് പ്രകടനം.

മൈസൂർ സർവകലാശാലയിൽ തടിച്ചുകൂടിയ ജനാവലിക്കുമുന്നിൽ ശകുന്തള നടത്തിയ പ്രകടനം മാദ്ധ്യമ ശ്രദ്ധയാകർഷിച്ചു. എട്ടാം വയസിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർവ്വകലാശാലയിലും അവർ കണക്കിലെ കളികൾ കൊണ്ട് മാജിക് തീർത്തു. അവിശ്വസനീയമാം വിധം കൂട്ടലുകൾ നടത്താനുള്ള കഴിവ് കുട്ടിക്കാലത്ത് തന്നെ പ്രകടിപ്പിച്ച് അവർ കയ്യടി നേടിയിരുന്നു.

ട്രൂമാൻ ഹെൻട്രി സാഫോർഡിന്റേതുപോലെ കുട്ടിക്കാലത്തു മാത്രം കാണപ്പെട്ട ഒരു കഴിവായിരുന്നില്ല ശകുന്തളാദേവിയ്‌ക്ക് ഗണിതശാസ്ത്രത്തിൽ ഉണ്ടായിരുന്നത്. കണക്കിലെ വൈദഗ്ധ്യത്താൽ ഭാരതവും കടന്ന് വിവിധ രാജ്യങ്ങളിൽ പ്രകടനവുമായി ശകുന്തളയെത്തി. കഴിവുകൾ പ്രദർശിപ്പിക്കാൻ പല രാജ്യങ്ങളും അവർ സന്ദർശിച്ചു. ഒടുവിൽ ലണ്ടനിലേക്ക് ചേക്കേറി.

1950കളിൽ ഉടനീളം യൂറോപ്പ് പര്യടനം നടത്തിയ അവർ 1976ൽ ന്യൂയോർക്ക് സിറ്റിയിലേക്ക് മാറി. അവിടെയും ശകുന്തളയെ പരീക്ഷിക്കാൻ ഗണിതശാസ്ത്രജ്ഞർ തയ്യാറായിരുന്നു. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയിരുന്ന ആർതർ ജെൻസൺ ശകുന്തള ദേവിയുടെ കഴിവുകൾ പരീക്ഷിച്ചത് വലിയ രണ്ടക്കങ്ങളുടെ ക്യൂബ് റൂട്ടും ഏഴാമത്തെ റൂട്ടും കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടായിരുന്നു.

publive-image

എന്നാൽ ഉത്തരങ്ങൾ തന്റെ നോട്ട്ബുക്കിലേക്കു പകർത്തും മുമ്പേ ശകുന്തള അതിന്റെ ശരിയുത്തരം പറഞ്ഞതായി അക്കാഡമിക് ജേർണൽ ആയ ഇന്റലിജൻസിൽ അദ്ദേഹം കുറിച്ചിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ശകുന്തള ദേവി ഇടം പിടിച്ചത് പതിമൂന്നക്കങ്ങൾ വീതമുള്ള രണ്ട് സംഖ്യകളുടെ ഗുണനം 28 സെക്കൻഡ് കൊണ്ട് പരിഹരിച്ചതിനാലാണ്. ഗണിതശാസ്ത്ര വിദഗ്ധരും പത്രക്കാരും വിദ്യാർത്ഥികളുമടങ്ങിയ ഒരു സംഘം 1980 ജൂൺ 13ന് ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ ഒത്തുകൂടി.

ശകുന്തളാ ദേവി മുമ്പിൽ അവിടുത്തെ കമ്പ്യൂട്ടർ പതിമൂന്നക്കങ്ങളുള്ള രണ്ട് സംഖ്യകൾ നിർദ്ദേശിച്ചു. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു കർത്തവ്യം. വെറും 28 സെക്കന്റുകൾ കൊണ്ട് ശരിയുത്തരത്തിലേക്ക് അവരെത്തി. 1995ലെ ഗിന്നസ് ബുക്കിൽ 26-ാം പേജിൽ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരിക്കൽ ബിബിസിയിൽ നടന്ന ഒരു ഷോയിൽ ശകുന്തളയോട് ഉന്നയിച്ച ഗണിത പ്രശ്നത്തിന് നൽകിയ ഉത്തരം ചോദ്യകർത്താവിന്റേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ശകുന്തളക്ക് തെറ്റിയെന്ന് ലോകം മുഴുവനും അന്ന് കരുതി. എന്നാൽ, പുനഃപരിശോധനയിൽ തെറ്റ് പറ്റിയത് ചോദ്യകർത്താവിന് ആയിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടു.

യൂറോപ്യൻ വാസത്തിനുശേഷം അറുപതുകളിൽ നാട്ടിലേക്ക് തിരിച്ചെത്തിയ ശകുന്തളാ ദേവി, സിവിൽ സർവീസ് ഉദ്യോഗസ്ഥനായ പാരിതോഷ് ബാനർജിയെ വിവാഹം കഴിച്ചു. എൺപതുകളിൽ വീണ്ടും അമേരിക്കൻ പര്യടനത്തിനായി അവർ പോയി. ഇമ്പീരിയൽ കോളേജിലെ പ്രകടനത്തിന് ശേഷം ശകുന്തളാ ദേവി തന്റെ ശിഷ്ടജീവിതം ഗണിതശാസ്ത്രത്തിനായി ഉഴിഞ്ഞുവെച്ചു.

കളികളിലൂടെ ഗണിതം പഠിക്കാൻ നിരവധി പുസ്തകങ്ങൾ അവർ രചിച്ചു. കുട്ടികളെ ഗണിതം പഠിപ്പിച്ചു. എവേക്കൻ ദ ജീനിയസ്സ് ഇൻ യുവർ വേൾഡ്, ഇൻ ദ വണ്ടർലാൻഡ് ഓഫ് നമ്പേഴ്‌സ്, ബുക്ക് ഓഫ് നമ്പേഴ്‌സ്, സൂപ്പർ മെമ്മറി: ഇറ്റ് കേൻ ബി യുവേഴ്‌സ് ആൻഡ്, പസിൽസ് ടു പസിൽസ് യു എന്നിവയാണ് ഇവരുടെ പ്രധാനപ്പെട്ട പുസ്തകങ്ങൾ.

ശകുന്തള ദേവിയുടെ കഴിവുകൾ 1982ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചെങ്കിലും സർട്ടിഫിക്കറ്റ് അവരുടെ മരണാനന്തരം 2020 ജൂലൈ 30 നാണ് ലഭിച്ചത്. 2013 ഏപ്രിൽ 21ന് തന്റെ 83-ാമത്തെ വയസിൽ വാർധക്യസഹജമായ അസുഖങ്ങളാൽ അവർ മരണത്തിന് കീഴടങ്ങി.

ഗണിതത്തിൽ ഔപചാരിക വിദ്യാഭ്യാസമൊന്നും തന്നെ സിദ്ധിച്ചിട്ടില്ലാത്ത അവർ നിരന്തരമായ അഭ്യാസത്തിലൂടെയായിരുന്നു തന്റെ അസാമാന്യമായ കഴിവുകളെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നത്. ശകുന്തളയുടെ ജീവിതം പ്രമേയമാക്കി വിദ്യാബാലൻ അഭിനയിച്ച ശകുന്തളാ ദേവി-ഹ്യൂമൻ കമ്പ്യൂട്ടർ എന്ന ഹിന്ദി ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു.

NEWS
Advertisment