Advertisment

സാമൂഹ്യ ബന്ധം ശക്തമാക്കി ആത്മഹത്യയെ പ്രതിരോധിക്കുക. ഫാദര്‍ രെന്‍ജി കെ. ജോര്‍ജ്

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ദോഹ:  മനുഷ്യന്‍ സാമൂഹ്യ ജീവിയാണെന്നും സാമൂഹ്യ ബന്ധം ശക്തമാക്കി ആത്മഹത്യയെ പ്രതിരോധിക്കണമെന്നും ഖത്തറിലെ സി. എസ്. ഐ. പള്ളി വികാരി ഫാദര്‍ രെന്‍ജി കെ. ജോര്‍ജ് അഭിപ്രായപ്പെട്ടു. ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് മീഡിയ പഌും നീരജ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ജീവിതത്തിലെ പ്രശ്‌നങ്ങളേയും ബുദ്ധിമുട്ടുകളേയും ക്ഷമയോടെ നേരിടണമെന്നും ഏത് പ്രതിസന്ധിയിലും സഹജീവിക്ക് കരുത്തായി താനുണ്ടെന്ന വികാരമാണ് ഓരോരുത്തരും സൃഷ്ടിക്കേണ്ടത്. ഈ വികാരം സാമൂഹ്യ രംഗത്ത് വലിയ മാറ്റമുണ്ടാക്കും.

നിങ്ങള്‍ക്ക് ഞാനും എനിക്ക് നിങ്ങളുമാണുള്ളതെന്ന ചിന്തയാണ് സമൂഹത്തില്‍ വളര്‍ന്ന് വരേണ്ടത്. അമൂല്യമായ ജീവിതം ദൈവത്തിന്റെ ദാനമാണെന്നും അത് അവസാനിപ്പിക്കുവാന്‍ മറ്റാര്‍ക്കും അവകാശമനില്ലെന്നും ഫാദര്‍ പറഞ്ഞു. ജീവിതത്തിലെ പ്രയാസങ്ങളെ സുഹൃത്തുക്കളുമായും കുടുംബവുമായുമൊക്കെ പങ്കുവെക്കുകയാണ് ആത്മഹത്യ പ്രതിരോധത്തിന്റെ കാര്യക്ഷമമായ മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു.

ജീവിതത്തില്‍ പ്രതീക്ഷയുടേയും പ്രത്യാശയുടേയും പ്രതീകമായി മെഴുകുതിരി തെളിയിച്ചാണ് പരിപാടി തുടങ്ങിയത്.

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌നേഹവും സൗഹൃദവുമാണ് മനുഷ്യജീവിതത്തിന്റെ ചാലക ശക്തിയെന്നും ഈ വികാരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിയാണ് സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണം സജീവമാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യാ പ്രതിരോധത്തിന്റെ കൈപുസ്തകം അല്‍ മുഫ്ത റെന്റ് ഏ കാര്‍ ജനറല്‍ മാനേജര്‍ സിയാദ് ഉസ്മാന് ആദ്യ പ്രതി നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു. നീരജ് ഫൗണ്ടേഷന്‍, ഖത്തര്‍ ടെക് കമ്പനി എന്നിവരുടെ ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ പരിഗണിച്ച് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്റെ അഭിനന്ദന സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു.

നീരജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസ് ഫിലിപ്പ്, ഖത്തര്‍ ടെക് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റു വാങ്ങി.

കള്‍ചറല്‍ ഫോറം പ്രസിണ്ടഡും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. താജ് ആലുവ മുഖ്യ പ്രഭാഷണം നടത്തി. കാരുണ്യം, ദയ, അനുകമ്പ തുടങ്ങിയ ആമൂല്യ വികാരങ്ങള്‍ നഷ്ടപ്പെടുന്ന സമൂഹങ്ങളിലാണ ് ആത്മഹത്യകള്‍ പെരുകുന്നതെന്നും ഇത്തരം ഉദാത്ത വികാരങ്ങളെ തിരികെ കൊണ്ടുവന്നാണ് ആത്മഹത്യപോലുളള സാമൂഹ്യ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗ്രന്ഥകാരന്‍ ഡോ. കെ.സി. സാബു, സാമൂഹ്യ പ്രവര്‍ത്തകന്‍ അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി എന്നിവര്‍ സംസാരിച്ചു.

മീഡിയ പ്‌ളസ് സി. ഇ. ഒ. ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു.

Advertisment