കൈപിടിച്ചുയര്‍ത്തി സൂപ്പര്‍താരങ്ങളാക്കിയവര്‍ പോലും ഫോണ്‍ വിളിച്ചാല്‍ എടുക്കാതായി. ചെറിയ തുക പോലും കടംവാങ്ങേണ്ട ഗതി. എന്നിട്ടും ഇട്ടെറിഞ്ഞുപോകാതെ അഭിനയിക്കാനിറങ്ങി കുടുംബം പുലര്‍ത്തിയ നായിക. സീമയും ശശിയും അവരെപ്പോലെ ഹിറ്റായ സൂപ്പര്‍ ദാമ്പത്യവും

ദാസനും വിജയനും
Wednesday, November 1, 2017

1975ൽ ഉത്സവത്തോടെയുള്ള ആരംഭം, ഒരു കലാസംവിധായകനിൽ നിന്നും ആരംഭിച്ച ജൈത്രയാത്ര.”അ” കാരത്തിൽ തുടങ്ങുന്ന സിനിമകളുടെ ഒരു പ്രവാഹമായിരുന്നു പിന്നീട് അങ്ങോട്ട് !

76 ൽ ഇറങ്ങിയ “അനുഭവ”വും , “ആലിംഗന”വും , “അയൽക്കാരി”യും , “അഭിനന്ദന”വും പിന്നീട് മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ട് പന്ത്രണ്ട് ചിത്രങ്ങൾ റിലീസ് ചെയ്തപ്പോൾ അതിലും കുറെ “അ”കാര ചിത്രങ്ങൾ ഉണ്ടായിരുന്നു . “ആശീർവാദവും” “അഞ്ജലിയും” “അകലെആകാശവും” “അംഗീകാരവും” “അഭിനിവേശവും” “ആ നിമിഷവും” “ആനന്ദം പരമാനന്ദവും” “അന്തർദാഹവും” കൂടാതെ ഒട്ടുമിക്ക വർഷങ്ങളിലെയും ഹിറ്റ് ചിത്രങ്ങൾ “അ”കാരത്തിൽ തുടങ്ങുന്നവയായിരുന്നു.

78ൽ റിലീസ് ചെയ്ത അവളുടെ രാവുകൾ മലയാളികളുടെ രാവുകളിൽ ഉറക്കം കെടുത്തിയ ചിത്രമായിരുന്നു. അന്നത്തെ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്ന അതിലെ സീമയെ കാണുവാൻ മാത്രം എത്രയോ പേര്‍ തലയിൽ മുണ്ടിട്ട് സിനിമ കൊട്ടകകളിൽ വരിയിൽ നിന്നത് മലയാളി മറക്കില്ല .

നമ്മളെയെല്ലാം സ്‌കൂളിൽ നിന്നും സിനിമ കാണിക്കുവാൻ കൊണ്ട് പോയ “അലാവുദ്ധീനും അത്ഭുത വിളക്കും” എന്ന ചിത്രം മലയാളത്തിലും തമിഴിലും സൂപ്പർഹിറ്റായി. അതേ വർഷത്തിൽ തന്നെ “മൻ കാ ആംഗൻ” എന്ന സിനിമയിലൂടെ ഹിന്ദിയിലും കാലെടുത്തുവെച്ചു .

മമ്മൂട്ടി ഇന്നും മോഹിക്കുന്ന ഒരു കഥാപാത്രം, പ്രിഥ്വിരാജും !

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയുടെ നായക സങ്കൽപ്പങ്ങൾ പൂവണിഞ്ഞ ശശിയുടെ “തൃഷ്ണ” – അതൊരു സിനിമയിരുന്നു. എംടിയുടെ തൂലികയിൽ നിന്നും പിറന്ന ഒരു സംഭവം. ആ സിനിമ ഇന്നും റീമേക്ക് ചെയ്‌താൽ മമ്മുട്ടി അഭിനയിക്കുമെന്ന് ഉറപ്പാണ്. നടൻ പൃഥ്വിരാജിനും ആ സിനിമയിൽ ഒരു കണ്ണുണ്ട്.

നടൻ മധുപാലിന് ആ സിനിമ രണ്ടാമത് ചെയ്യുവാനുള്ള അവകാശം കൊടുക്കാമെന്ന് എംടി ഏറ്റിരുന്നു. തൃഷ്‌ണക്കായി നിർമ്മാതാവ് സുദീപ് കാരാട്ട് മധുപാലിന്‌ അഡ്വാൻസ് കൊടുക്കുകയും എംടി തിരക്കഥ പൃത്വിരാജിനായി കൊടുക്കാം എന്നൊക്കെ സമ്മതിച്ചിരുന്നതാണ് , പിന്നീട് മമ്മുട്ടിക്കും അതിൽ താത്പര്യം തോന്നുകയും ചെയ്തിരുന്നു . അതിപ്പോൾ എന്തായോ എന്തോ ?

മമ്മുട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് വാങ്ങിക്കൊടുത്ത ഐ വി ശശിയുടെ “അടിയൊഴുക്കുകൾ” റീമേക്ക് ചെയ്‌താൽ മലയാളി രണ്ടു കയ്യും നീട്ടി സ്വീകരിക്കും. കരുണനെ മലയാളി അത്രേം ഇഷ്ടപ്പെട്ടിരുന്നു. “അവനാഴിയും” “വാർത്തയും” “കാണാമറയത്തും” “ഇൻപെക്ടർ ബാലറാമും” എല്ലാം മമ്മുട്ടിയുടെ ജീവിതത്തിൽ പൊൻതൂവൽ ചാർത്തിയ ചിത്രങ്ങളായിരുന്നു എന്നത് സത്യം .

2000 ൽ മോഹൻലാലിനെ വെച്ചെടുത്ത ഹൈപവർ എന്ന ദുബായ് കമ്പനി നിർമ്മിച്ച “ശ്രദ്ധ” എന്ന ചിത്രം അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയതും 2003 ൽ സ്വന്തം മകളായ അനുവിനെ നായികയാക്കി എടുത്ത “സിംഫണി”യിലൂടെ പണികിട്ടിയതും ഐവിശശിയുടെ ജീവിതത്തെ കാര്യമായി ബാധിച്ചു . സാമ്പത്തികമായും മാനസികമായും തകര്‍ന്നു .

മമ്മൂട്ടി ഐ വി ശശിയെ അപമാനിച്ചുവെന്നൊക്കെയുള്ളത്
സിനിമയെ അറിയാത്തവരുടെ കെട്ടുകഥകള്‍ !

ശശി എല്ലാം കൊണ്ടും തകര്‍ന്നെന്ന് മനസ്സിലാക്കിയ മമ്മുട്ടി അദ്ദേഹത്തെ സഹായിക്കുവാനായി തീരുമാനിക്കുകയും “ബൽറാം v / s താരാദാസ്” എന്നൊരു ചിത്രം സംവിധാനം ചെയുവാൻ ഐ വി ശശിയെ സമീപിക്കുകയും ചെയ്തു . 1984 ഇൽ ജോൺ പോൾ തിരക്കഥയെഴുതി ഐവി ശശി സംവിധാനം ചെയ്ത സൂപ്പർ ഡൂപ്പർ ഹിറ്റായിരുന്നു “അതിരാത്ര “ത്തിലെ താരാദാസ് എന്ന അധോലോക കുറ്റവാളിയും 1991 ഇൽ ടി ദാമോദരൻ എഴുതി ഐവിശശി സംവിധാനം ചെയ്ത ഇൻസ്‌പെക്ടർ ബാലറാമും തമ്മിലുള്ള ഒരു കോമ്പിനേഷൻ ചിത്രം.

ഈ സിനിമയുടെ നിർമ്മാതാവ് ലിബർട്ടി ബഷീറിന്റെ നാട്ടിലുള്ള റബ്കോ എന്നൊരു കമ്പനിയിലായിരുന്നു ചിത്രത്തിന്റെ മുഴുവൻ സമയ ഷൂട്ടിങ്ങും നടന്നത് . പിന്നെ കുറച്ച് ദുബായിലും . പോലീസ് സ്റ്റേഷനും , വീടും , എല്ലാം റബ്കോ കമ്പനിയുടെ ഉള്ളിലായിരുന്നു സെറ്റിട്ടിരുന്നത്.

2005 നവംബർ മാസത്തിലായിരുന്നു ഷൂട്ടിങ്. രണ്ടുമൂന്നു ദിവസം ഞങ്ങളും മമ്മുക്കയുടെ കൂടെ അവിടെ സെറ്റിൽ ഉണ്ടായിരുന്നു . ഞങ്ങൾ അവിടേക്ക് ചെല്ലുമ്പോൾ “കീരിക്കാടൻ ജോസിനെ ഇൻസ്‌പെക്ടർ ബലറാം കെട്ടിയിട്ട് മർദ്ദിച്ചുകൊണ്ട് ചോദ്യം ചെയ്യുന്ന സീൻ” ആയിരുന്നു ഷൂട്ട് ചെയ്തിരുന്നത് .

പക്ഷെ ഒരു ആക്ഷൻ പോലും പറയാനാകാതെ ശശി സാർ വളരെ അവശനായിട്ടാണ് കാണപ്പെട്ടിരുന്നത് . പുള്ളിക്കാരന്റെ തല പൊന്തിയിരുന്നില്ല . തലേ നാൾ കള്ളടിച്ചു ഫിറ്റായ ഒരു മുഴുക്കുടിയന്റെ അവസ്ഥ . പ്രമേഹ രോഗം ആണെന്ന് തോന്നുന്നു ,അദ്ദേഹം ക്ഷീണിതനായിരുന്നു . ഓരോ സീൻ കഴിയുന്തോറും മമ്മുട്ടിയുടെ ആത്മവിശ്വാസം കുറഞ്ഞു വരുന്നതും കാണാമായിരുന്നു.

കൂടാതെ സ്ക്രിപ്റ്റ് എഴുത്തുകാരായിരുന്ന എസ്എൻ സ്വാമിയും ടി ദാമോദരനും തമ്മിലും സംവിധായകനും തമ്മിലും ഉണ്ടായിരുന്ന ഈഗോ സെറ്റിനുള്ളിൽ പടർന്നിരുന്നു. അല്ലാതെ മമ്മുട്ടി ഐവി ശശിയെ മാനസികമായി പീഡിപ്പിച്ചതുകൊണ്ടൊന്നുമല്ല ആ പടം എട്ടുനിലയിൽ പൊട്ടിയത്.

അതിലെ താരാദാസിന്റെ കോസ്റ്റ്യൂ൦ ആയിരുന്നു മറ്റൊരു വില്ലൻ. അതാര് തിരഞ്ഞെടുത്തതാണെങ്കിലും മഹാബോറായിരുന്നു. കൂടാതെ ടി ദാമോദരന്റെ കപ്പാസിറ്റി കുറഞ്ഞു എന്ന് തോന്നിയപ്പോൾ എസ്എൻ സ്വാമിയെ കൂട്ടിനായി കൊണ്ടുവന്നത് ആളുകൂടിയാൽ പാമ്പ് ചാവില്ല എന്ന അവസ്ഥയിൽ കാര്യങ്ങൾ പര്യവസാനിച്ചു.

മോഹൻലാലും ഐ വി ശശിയും തമ്മിലകലാന്‍ കാരണക്കാര്‍ ഡ്രൈവറും കണക്കപിള്ളയും !

1981ൽ “അഹിംസ” എന്ന “അ”കാര ചിത്രത്തിലൂടെ ആയിരുന്നു മോഹൻലാലും ഐവിശശിയും ഒരുമിക്കുന്നത്. പിന്നീട് അടിയൊഴുക്കുകളും , ആൾക്കൂട്ടത്തിൽ തനിയെയും അനുരാഗിയും അഭയം തേടിയും അർഹതയും അടിമകൾ ഉടമകൾ തുടങ്ങിയ കുറെ ഹിറ്റ് ചിത്രങ്ങൾ ഇറങ്ങിയെങ്കിലും “ദേവാസുര”മാണ് ലാലിനും ശശിസാറിനും രഞ്ജിത്തിനും ഏറെ മുതൽക്കൂട്ടായത്.

വർണ്ണപ്പകിട്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ “ശ്രദ്ധ” ശ്രദ്ധിക്കാതെ പോയി . പിന്നീട് മോഹൻലാലും ഐ വി ശശിയും അടുക്കാതിരിക്കുവാനും പ്ലാൻ ചെയ്ത മറ്റുള്ള ചിത്രങ്ങൾ ചെയ്യാതിരിക്കുവാനും മോഹൻലാലിൻറെ കൂടെ കൂടിയ ഡ്രൈവറും കണക്കപിള്ളയും ശ്രദ്ധിച്ചിരുന്നു . മോഹൻലാലുമായി പ്ലാൻ ചെയ്തിരുന്ന ഒരു ബിഗ് ബഡ്ജറ്റ് പടവും ഇവരുടെ കൈകടത്തലുകളിൽ അകപ്പെട്ട് ഇല്ലാതാവുകയായിരുന്നു. കോഴിക്കോട്ട് ലോബിയും തീരുവനന്തപുരം ലോബിയും തമ്മിലുള്ള ശീതസമരത്തിൽ അകപ്പെട്ടാണ് കുറെ നല്ല പ്ലാനുകൾ ഇല്ലാതായത്.

“അവളുടെ രാവുകളിൽ” തുടങ്ങിയ ബന്ധം പിന്നെ അവസാനരാവിലെ മരണം വരെ !
അവരെപ്പോലെ ആ ദാമ്പത്യവും സൂപ്പര്‍ ഹിറ്റായി !

“അവളുടെ രാവുകളിൽ” തുടങ്ങിയ ബന്ധം , കോഴിക്കോട്ടെ ഒരു കാബറെ നർത്തകിയിൽ നിന്നും മലയാളത്തിന്റെ മുഖ്യധാരാ നായികപദവിയിലേക്ക് ശാന്തകുമാരി എന്ന സീമയെ കൈപിടിച്ചുയർത്തിയ ഭർത്താവുമൊന്നിച്ചുള്ള ചിത്രങ്ങൾ മുപ്പതിലേറെ. അതിലേറെയും സൂപ്പർ ഹിറ്റുകൾ .

സാധാരണ സിനിമ ദമ്പതികളെ പോലെ ഇടക്ക് വെച്ച് നിർത്തിപ്പോകുന്ന ഒരു ദാമ്പത്യമായിരുന്നില്ല അവരുടേത്. പരസ്പര വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് അവർ എന്നും മലയാളത്തിന്റെ മാതൃകാ സിനിമ ദമ്പതികളായി മാറി. മലയാളത്തിന് ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകന്റെ ഹിറ്റായ ഭാര്യ.

പക്ഷെ സാധാരണ സിനിമാക്കാർക്ക് സംഭവിച്ച അതേ പ്രശ്നങ്ങൾ ഇവരെയും വേട്ടയാടിരുന്നു. ഭരതനും ലോഹിതദാസിനും സംഭവിച്ചതുപോലെ അവസാനകാലഘട്ടത്തിലെ സിനിമ നിർമ്മാണവും സംവിധാനവും എല്ലാം പാളി. സിനിമയെ സിനിമയായി മാത്രം കാണാന്‍ ശ്രമിച്ചവരായിരുന്നു ലോഹിയും ഭദ്രനും ശശിയുമൊക്കെ . അതായിരുന്നു അവരുടെ കുറവ്.

നിര്‍മ്മാതാവിനെ കുളിപ്പിച്ച് പായില്‍ കിടത്തുന്ന ഇന്നത്തെ ന്യൂജെന്‍ സംവിധായകരുടെ “കഴിവുകള്‍” അവര്‍ക്കില്ലാതെ പോയി ? ഒടുവില്‍ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിൽ ഈ കുടുംബം വീണു പോയപ്പോള്‍ മറ്റു പല സിനിമാ ഭാര്യമാരെയും പോലെ ഉപേക്ഷിച്ച് ഇറങ്ങിപോകുകയായിരുന്നില്ല സീമ ചെയ്തത് . പകരം വീണ്ടും അഭിനയിക്കാന്‍ അവര്‍ ഇറങ്ങി പുറപ്പെട്ടത് കുടുംബ൦ പുലര്‍ത്താനായിരുന്നു.

മകളെ സിനിമയിൽ അഭിനയിപ്പിച്ച് കൊണ്ട് കുടുംബത്തെ രക്ഷപ്പെടുത്താം എന്ന് കരുതി നിർമ്മിച്ച സിംഫണി ആ കുടുംബത്തെ കൂടുതൽ ദുഃഖത്തിലാഴ്ത്തി. അപ്പോഴേക്കും ഐവി ശശിയെ അസുഖങ്ങൾകൊണ്ട് പൊതിഞ്ഞിരുന്നു. അവസാന കാലത്ത് ചെറിയ തുക പോലും വായ്പ വാങ്ങേണ്ട അവസ്ഥയിലായിരുന്നു സ്ഥിതിയെന്നു അടുപ്പക്കാര്‍ പറയുന്നു .

“ചതിച്ചത് ഒപ്പം വന്നുചേര്‍ന്നവര്‍. ഐവി ശശി നൽകുന്ന പാഠം !

കാറ്റുള്ളപ്പോൾ തൂറ്റുക എന്നൊരു ശീലമാണ് മലയാളസിനിമയിൽ എന്നും അനുവർത്തിച്ചു പോന്നിരുന്നത്. ഒരു മര്യാദയുമില്ലാത്ത അഹങ്കാരികളായ സിനിമക്കാരെയാണ് എന്നും മലയാളസിനിമ കണ്ടുപോന്നിരുന്നത്. പ്രേം നസീറും സോമനും അങ്ങനെ കുറച്ചുപേരുകൾ മാറ്റി വെച്ചാൽ മലയാളസിനിമക്കാരുടെ ധാരണ അവരാണ് ഭൂമിയുടെ അച്ചുതണ്ട് ചലിപ്പിക്കുന്നത് എന്നതാണ്.

പട്ടിണിയിലും പരിവട്ടത്തിലും ജീവിച്ചു നാലാളുകൾ തിരിച്ചറിയുന്ന അവസ്ഥയിൽ വന്നാൽ പിന്നെ ജാഡ എന്നൊരു ദുർഭൂതം ഇവരെയൊക്കെ പിന്തുടരുന്നു. നമ്മുടെ പഴയകാല നായകനടിമാരുടെ ഇന്നത്തെ അവസ്ഥകൾ ആലോചിച്ചാൽ നമ്മുക്ക് ഇതൊക്കെ പെട്ടെന്ന് മനസിലാക്കാം.

കനകയും , സുകന്യയും , ഭാനുപ്രിയയും , അംബികയും തുടങ്ങി നൂറുകണക്കിന് നടിമാരുടെ ജീവിതം നാം കാണുന്നു. അതുപോലെ പഴയകാല നടന്മാരും സംവിധായകരും എല്ലാം അവരുടെ അവസാന കലഘട്ടം കഷ്ടപ്പാടുകളുടെ സംസ്ഥാന സമ്മേളനമായി മാറുന്ന കാഴ്ചകൾ , അതിൽ ചില വിളവന്മാർ മാത്രം പിടിച്ചു നിൽക്കുന്നു.

നല്ല നല്ല ക്ലാസിക്കുകൾ പിറന്നിരുന്ന കാലഘട്ടത്തിലായിരുന്നു 1921 എന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം മണ്ണിൽ മുഹമ്മദുമായി ചേർന്നുകൊണ്ട് ശശി സാർ അണിയിച്ചൊരുക്കിയത്. ആവനാഴിക്കും അടിമകൾ ഉടമകൾക്കും അബ്‌കാരിക്കും അനുരാഗിക്കും ശേഷം അന്നത്തെ ഒരു കോടി ചിലവിൽ നിർമ്മിച്ച 1921 ൽ മമ്മുട്ടിയുടെ പ്രതിഫലം അഞ്ച് ലക്ഷം രൂപ മാത്രം ആയിരുന്നു.

അന്നത്തെ കോഴിക്കോട് സിനിമാലോബി ശശിസാറിനെ സ്വാധീനിക്കുകയും അനാവശ്യ ഉപദേശങ്ങളിലൂടെ അദ്ദേഹത്തിന്റെ പിന്നീടുള്ള സിനിമകളിൽ പ്രൊഡക്ഷനിൽ കയറിപ്പറ്റുകയും ചെയ്തു. പിന്നീട് സിനിമയുടെ സാമ്പത്തികം മുഴുവൻ കൈകാര്യം ചെയ്തിരുന്നത് ഈ ലോബിയിലൂടെയായിരുന്നു. അവരുടെ ചില നിലപാടുകളിൽ പല നിർമ്മാതാക്കളും അസംതൃപ്തരായിരുന്നു.

സ്റ്റണ്ട് മാസ്റ്റർ മുതൽ എഡിറ്റിങ് ജോലികളിൽ വരെ കമ്മീഷനും അഴിമതിയും കയറിക്കൂടിയപ്പോൾ മണ്ണിൽ മുഹമ്മദ് പോലെയുള്ള നിർമ്മാതാക്കളുമായി ഐവി ശശി മാനസികമായി അകന്നിരുന്നു . പിന്നീട് “അങ്ങാടി”, “ഈനാട്”, “അബ്‌കാരി” പോലെയുള്ള ബിഗ് ബഡ്‌ജറ്റ്‌ ചിത്രങ്ങൾ ഐവി ശശിയെ തേടി വരാതായി.

തന്നിലൂടെ പ്രശസ്തിയിലായ പലരും ഫോൺ കോളുകൾ വരെ എടുക്കാത്ത അവസ്ഥകൾ. ഡേറ്റിനായി വിളിച്ചപ്പോൾ സൂപ്പര്‍ താരത്തിന്‍റെ സഹായി അഡ്വാൻസ് വേണമെന്ന് തറപ്പിച്ചു പറഞ്ഞു ? !

ലോബികൾ എന്നും മലയാള സിനിമയെ തകർത്തിട്ടെയുള്ളൂ എന്നത് ആർക്കും നിഷേധിക്കുവാനാകില്ല . മമ്മുട്ടിക്ക് പിറകിലുള്ള കൊച്ചി ലോബിയും മോഹൻലാലിൻറെ പിന്നിലുള്ള തിരുവനന്തപുരം ലോബിയും ഐവി ശശിക്ക് പിറകിൽ ഉണ്ടായിരുന്ന കോഴിക്കോട് ലോബിയും പരസ്പരം പോരടിച്ചപ്പോൾ ഇല്ലാതായത് കോഴിക്കോട്ടെ ലോബി തന്നെ .

കുതിരവട്ടം പപ്പുവിനെപോലെയുള്ള നല്ല കലാകാരന്മാരെ വളർത്തിയതിൽ ഐവി ശശി സിനിമകൾ വഹിച്ച പങ്ക് വലുതാണ്‌ . എന്നും നല്ല കലാകാരന്മാർക്ക് പണം ഉണ്ടാക്കുവാൻ അറിയില്ല എന്നത് നഗ്നമായ സത്യമാണ് .

നിർമ്മാതാക്കളെ പറ്റിച്ചും അവർക്ക് കൂട്ടി കൊടുപ്പ് തുടങ്ങിയ കാര്യങ്ങൾ ചെയ്തും കോടികളുടെ ആസ്തികളുമായി വലിയ വീടുകൾ നിർമ്മിക്കുകയും ഭാര്യമാരുമായി ലൊക്കേഷൻ ഹണ്ടിങ് എന്ന പേരിൽ വിദേശ യാത്രകൾ നടത്തുകയും വില പിടിച്ച കാറുകളിൽ ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനിലേക്ക് കറങ്ങിനടക്കുകയും ചെയ്യുന്ന ഇന്നത്തെ ന്യു ജനറേഷൻ സംവിധായകർക്കും കലാകാരന്മാർക്കും ഐവിശശിയെപോലെയുള്ള കലാകാരന്മാരെ അംഗീകരിക്കുവാൻ ഏറെ പ്രയാസമാണ് .

ഗൾഫിലെ വേദനിക്കുന്ന കോടീശ്വരന്മാരായ നിർമ്മാതാക്കളെ എങ്ങനെയെങ്കിലും ചുരുട്ടിക്കൂട്ടി അവരുടെ മുഴുവൻ ആസ്തികളും വിറ്റുപെറുക്കി അവരെ കുത്തുപാളയെടുപ്പിക്കുന്ന കൊച്ചിയിലെയും തിരുവന്തപുരത്തെയും സിനിമ ബുദ്ധിജീവികൾക്ക് ഐവി ശശിയെ പോലെയുള്ള യഥാർത്ഥ കലാകാരന്മാരെകുറിച്ച് കേൾക്കുന്നത് തന്നെ പുച്ഛമാണ്.

2012 നു ശേഷം അദ്ദേഹം ദുബായിൽ ഒരു ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയപ്പോൾ ക്യാൻസർ എന്ന മഹാരോഗത്തിന് കീഴടങ്ങിയിരുന്നു. അതികാഠിന്യമായ പ്രമേഹ രോഗവും അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. അന്നദ്ദേഹം മടങ്ങിപോകുമ്പോള്‍ ദുബായിലെ ഒരു സ്നേഹിതനിൽ നിന്നും കേവലം 100 ദിർഹം കടം വാങ്ങുകയായിരുന്നു . അന്നാണ് പലതും അദ്ദേഹം മനസുതുറന്നു പങ്കുവച്ചത് .

തന്നിലൂടെ പ്രശസ്തിയിലായ പലരും ഫോൺ കോളുകൾ വരെ എടുക്കാത്ത അവസ്ഥകൾ . ലാലേട്ടന്റെ ഒരു ഡേറ്റിനായി വിളിച്ചപ്പോൾ അഡ്വാൻസ് വേണമെന്ന് തറപ്പിച്ചു പറഞ്ഞ ലാലേട്ടന്റെ കണക്കപ്പിള്ളയും കുവൈറ്റ് യുദ്ധം ആസ്പദമാക്കി പ്ലാൻ ചെയ്തിരുന്ന ഒരു ബിഗ് ബഡ്‌ജറ്റ്‌ പദ്ധതിയുടെ തകർച്ചയും എല്ലാം അദ്ദേഹത്തിന്റെ മനസിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു .

മകളുടെ സിനിമ പ്രവേശവും പിന്നീട് തമിഴ്‌നടൻ മുന്നയുമായുള്ള പ്രണയവും വിവാഹ നിശ്ചയവും പിന്നീടുള്ള വിവാഹ മുടക്കവും ഐവിശശിയെ വല്ലാതെ മാനസിക പിരിമുറുക്കത്തിൽ എത്തിച്ചിരുന്നു . പിന്നീട് ആസ്‌ട്രേലിയയിൽ ബാങ്കുദ്യോഗസ്ഥനായ മിലൻ നായരെയാണ് മകളെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്.

ഇക്കാലങ്ങളിലെല്ലാം സീമ ഒരു നിഴൽപോലെ ഐവിശശിയെ പരിചരിച്ചിരുന്നു . പല സമയത്തും ഐവിശശി – സീമ വിവാഹമോചന വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും കോഴിക്കോട്ടെ ഒരു ഇവന്റിൽ വെച്ച് സീമയെ രണ്ടാമതും താലിചാർത്തി ശശിസാർ തന്റെ സ്നേഹം ഏവർക്കും കാണിച്ചുകൊടുത്തു.

രണ്ടാം ഭാര്യയായി കണക്കാക്കിയിരുന്നത് കോഴിക്കോട്ടെ മഹാറാണിയായിരുന്നു . ഏത് സിനിമ എടുക്കുമ്പോഴും അവിടെ 106 നമ്പർ മുറിയിൽ താമസിക്കുകയും ഏതാനും സീനുകൾ ഹോട്ടലിൽ വെച്ചുതന്നെ എടുക്കുകയും ചെയ്യുന്ന ഒരു പതിവ് ഉണ്ടായിരുന്നു.

ഇടതു സഹയാത്രികൻ ആയിരുന്നുവെങ്കിലും മനസ്സിലെ ആരാധന മുഴുവൻ കരുണാകരനോടായിരുന്നു !

രാഷ്ട്രീയ ആക്ഷേപ ചിത്രങ്ങൾ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്തത് ഐവിശശി – ടി ദാമോദരൻ കൂട്ടുകെട്ടായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ലീഡർ കെ കരുണാകരനെ ഏറ്റവും അധികം വിമർശിച്ച സിനിമകളായിരുന്നു അത്. പക്ഷെ ആ ചിത്രത്തിന്‍റെ തിരക്കഥ എല്ലാ സീനുകളും ഉള്‍പ്പെടെ ലീഡർ കെ കരുണാകരനെ നേരില്‍ കണ്ട് വായിച്ചു കേൾപ്പിച്ചുകൊടുത്തിട്ടേ അത് ഷൂട്ട് ചെയ്യുകയുള്ളൂ എന്ന വസ്തുത അധികമാര്‍ക്കും അറിയാത്ത ചില രഹസ്യങ്ങളായി അവശേഷിക്കുന്നു.

ഇഷ്ടമില്ലാത്തത് എഴുതുന്ന പത്രക്കാരോട് “കടക്ക് പുറത്ത്” എന്നാക്രോശിക്കുന്ന ഇന്നത്തെ നേതാക്കള്‍ക്കൊക്കെ ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളായിരുന്നു അവയൊക്കെ .

ഇടതു സഹയാത്രികൻ ആയിരുന്നുവെങ്കിലും മനസ്സിലെ ആരാധന മുഴുവൻ ലീഡറോടായിരുന്നു . പഴുത്ത പ്ലാവില കൊഴിയുമ്പോൾ പച്ചയിലകൾ ചിരിക്കാറേയുള്ളൂ എന്നത് മലയാള സിനിമാക്കാർക്ക് വേണ്ടി ഉണ്ടാക്കിയ വാക്കുകളാണ് . ഒരാൾക്കും ഒരാളോടും ആത്മാർത്ഥമായ സ്നേഹമോ ഇഷ്ടമോ അടുപ്പങ്ങളോ സൂക്ഷിക്കാത്ത ഒരു വിഭാഗമായി സിനിമാക്കാർ മാറിയപ്പോൾ ആ മലവെള്ളപ്പാച്ചിലിൽ തകർന്നടിഞ്ഞ ഒരു ജീവിതമായിരുന്നു ഐവി ശശിയുടേത് .

ഇന്നിപ്പോൾ പലവിധ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കന്മാരുടെയും പിൻബലം നേടിയെടുത്തുകൊണ്ട് എംപിയും എംഎൽഎയും മന്ത്രിയും ഒക്കെ ആയി വിലസുന്ന കുറെയധികം സിനിമക്കാരിൽ മിക്കവാറും പേരും അവസരവാദ നയങ്ങളിലൂടെയാണ് മുന്നേറുന്നത് .

സ്വന്തമായി വ്യക്തിത്വമോ അഭിപ്രായങ്ങളോ ഇല്ലാതെ സിനിമ എന്ന ഗ്ലാമറിന്റെ പേരിൽ മാത്രം എങ്ങനെയൊക്കെയോ ജയിച്ചുകയറുന്ന ഇവരൊക്കെ ഏതു സമയവും പാർട്ടികൾ മാറുവാനും നേതാക്കന്മാരെ തള്ളിപ്പറയുവാനും തയാറുള്ള ഈ നാട്ടിൽ അവർക്കൊക്കെ ആവശ്യം താത്കാലിക സാമ്പത്തിക-സാമൂഹിക അടിത്തറ മാത്രമാണ് . അവിടെയാണ് ഐവിശശിയെ പോലെയുള്ള ഒരു നല്ല കലാകാരൻ എവിടെയും എത്താതെ ലോകത്തോട് വിടപറയേണ്ടി വന്നത് .

ഒടുവില്‍ അറംപറ്റിയപോലെ “കാണാമറയത്തേക്ക്” “ആൾക്കൂട്ടത്തിൽ തനിയെ” “അനുഭവങ്ങളോട് നന്ദി” പറഞ്ഞുകൊണ്ട് ഒരു മടക്കയാത്ര !

69 ൽ ആദ്യമായി സിനിമയിൽ കേവലം ഒരു ലൈറ്റ് ബോയ് ആവുകയും പിന്നീട് 27 വയസ്സ് വരെ കലാസംവിധായകന്റെ അസിസ്റ്റന്റ് ആയും സംവിധായകന്റെ അസോസിയേറ്റ് ആവുകയും ചെയ്ത് മലയാളസിനിമയ്ക്ക് ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച , ഏറ്റവും അധികം മലയാള സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയായിരുന്നു ശശി സാര്‍ .

അദ്ദേഹത്തിനേറെ ഇഷ്ടപ്പെട്ടിരുന്ന നമ്പറായ 69 വയസ്സിൽ തന്നെ “ഇത്രയും കാലം” “അടിയൊഴുക്കുകളിൽ” പെട്ട് ഈ ചതിക്കുഴികൾ നിറഞ്ഞ “ഈ മനോഹര തീര”ത്തു നിന്നും സ്വന്തം “ഇണ”യെ ബാക്കി നിർത്തി ജനങ്ങളുടെ “അംഗീകാര”വും “പദവിക”ളും നേടിക്കൊണ്ട് “അക്ഷരതെറ്റുകൾ” ഇല്ലാതെ “അകലെ ആകാശ”ത്തിൽ “കാണാമറയത്തേക്ക്” “ആൾക്കൂട്ടത്തിൽ തനിയെ” “ഞാൻ ഞാൻ മാത്ര”മായി “അനുഭവങ്ങളോട് നന്ദി” പറഞ്ഞുകൊണ്ട് “മുക്തി” നേടുവാൻ “അഭയം തേടി”യിരിക്കുകയാണ് ഐ വി ശശി .

“അനുഭവ”ങ്ങളും “അഭിനന്ദന”ങ്ങളും “അഭിനിവേശ”ങ്ങളും “ആശീർവാദ”ങ്ങളും “ആലിംഗന”ങ്ങളും “അന്തർദാഹ”വും “അംഗീകാര”വും “ആനന്ദവും പരമാനന്ദ”വും “അനുമോദന”ങ്ങളും എല്ലാം നേർന്നുകൊണ്ട്,

ചെന്നൈ സാലിഗ്രാമിലെ വസതിക്കു മുന്നിൽ നിന്ന് കൊണ്ട് ദാസനും രാകേന്ദുകിരണങ്ങൾ ശ്രവിച്ചുകൊണ്ടു വിജയനും.

×