മമ്മൂട്ടിയെ വെട്ടി മോഹന്‍ലാലിനെ രാജാവിന്‍റെ മകനാക്കിയ കൊച്ചി. കരുണാകരനെ ചാരനാക്കിയ നഗരം. പ്രിയന്‍റെ കണ്ണീര്‍ വീണ മണ്ണ്, അമ്മ മക്കളെ കയ്യൊഴിഞ്ഞ നക്ഷത്രനഗരം – ചതിക്കുഴികളുടെ ഈറ്റില്ലമായ കൊച്ചിയുടെ കഥകളിലൂടെ !

ദാസനും വിജയനും
Thursday, July 6, 2017

കൊച്ചിയുടെ സൃഷ്ടിതന്നെ പ്രകൃതിയുടെ ഒരു പ്രതിഭാസത്തില്‍ നിന്നാണ്. മുസിരിസ് എന്ന കേരളത്തിന്‍റെ ആദ്യകാല തുറമുഖം. ആ തുറമുഖം പെട്ടെന്നൊരു സുപ്രഭാതത്തില്‍ പ്രളയത്തില്‍പ്പെട്ട് ഇല്ലാതാകുകയും പകരം മറ്റൊരു അഴിമുഖം സൃഷ്ടിക്കപ്പെടുകയുമായിരുന്നു. അതാണ്‌ കൊച്ചി. ഒന്ന് ചീയുന്നത് മറ്റൊന്നിന് വളമാകുന്നപോലെ ഒരു സൃഷ്ടി.

അതായത് .. കൊച്ചിയുടെ അടിസ്ഥാന തത്വമാണ് ഈ പഴഞ്ചൊല്ല്. സിനിമാക്കാരനായാലും രാഷ്ട്രീയക്കാരനായാലും കച്ചവടക്കാരനായാലും മാധ്യമ പ്രവര്‍ത്തകനായാലും മുക്കുവനായാലും നാല് കാശ് കയ്യില്‍ വന്നാല്‍ ആദ്യമെത്തുക കൊച്ചിയുടെ മടിത്തട്ടിലാണ്.

പിന്നെ എന്താണ് വേണ്ടതെന്ന് ഈ നഗരം തീരുമാനിക്കും. ചിലര്‍ ഇല്ലാതാകും, അതിലൂടെ ചിലര്‍ സൃഷ്ടിക്കപ്പെടും. അതില്‍ ചിലര്‍ വന്‍ മരങ്ങളായി പടര്‍ന്നു പന്തലിക്കും. ചില വന്‍ മരങ്ങള്‍ കടപുഴകി വീഴും… അതൊക്കെ കൊച്ചിയുടെ ഒരു രസതന്ത്രമാണ്.

അനേകം ചതിക്കുഴികളുടെ ഈറ്റില്ലമാണ് കൊച്ചി . അത് സിനിമയില്‍ ആയാലും ..രാഷ്ട്രീയത്തില്‍ ആയാലും ! കേരളത്തിലെ എല്ലാ ഗൂഡ നീക്കങ്ങളുടെയും തലസ്ഥാനം തിരുവനന്തപുരമാണെന്ന് തെറ്റിദ്ധരിക്കരുത് , അത് കൊച്ചിയാണ്. ചില ഉദാഹരണങ്ങളിലേയ്ക്ക്.

മമ്മൂട്ടി കളിയാക്കിയപ്പോള്‍ തമ്പി കണ്ണന്താനം മോഹന്‍ലാലിനെ രാജാവിന്റെ മകനാക്കിയ കഥ !

കേരളത്തില്‍ നിന്നും അധോലോക താരങ്ങളുടെ ഓളപ്പരപ്പായ മുംബൈയിലേക്ക് വണ്ടികയറി അവിടെ നിന്ന് വിയര്‍പ്പൊഴുക്കി കോടികളുടെ സാമ്രാജ്യം വെട്ടിപ്പിടിച്ചയാളായിരുന്നു മോഹന്‍കുമാര്‍ എന്ന യുവ വ്യവസായി . 80 കളില്‍ ഈ ചെറുപ്പക്കാരന്‍ മുംബൈയില്‍ നിന്നും ഒരു കോണ്ടസാ ക്ലാസിക് കാറിന്റെ ഡിക്കി നിറയെ പണവുമായി കൊച്ചിയിലെത്തി.

ഇവിടെ നിന്നും നോട്ടുകെട്ടുകളുമായി കേരളത്തിലങ്ങോളമിങ്ങോളം കറങ്ങി നടന്ന് കോടികളുടെ ഭൂമി അദ്ദേഹം സ്വന്തമാക്കി. പലരും മോഹിച്ച വയനാട്ടിലെ ചെമ്പ്ര എസ്റ്റേറ്റ് കോടികള്‍ വലിച്ചെറിഞ്ഞാണ് മോഹന്‍ സ്വന്തമാക്കിയത്.

ചെമ്മീന്റെ നിര്‍മ്മാതാവ് ബാബു സേട്ട് കവിത തിയേറ്റര്‍ വില്‍ക്കാന്‍ കാത്തിരുന്ന കാലം. ഭാര്യയുടെ മരണത്തോടെ ആകെ ഒറ്റപ്പെട്ട ബാബു സേട്ട് ഒന്നിനോടും താല്പര്യമില്ലാതിരുന്ന കാലത്താണ് കവിത കയ്യൊഴിയാന്‍ തീരുമാനിച്ചത്. വിവരം കേട്ടറിഞ്ഞ മോഹന്‍കുമാര്‍ സേട്ടിനെ കാണാന്‍ കൊച്ചിയിലെത്തി. കച്ചവടം സംസാരിച്ചു. ഒരു കോടി രൂപ രൊക്കമായി തന്നാല്‍ കവിത തിയേറ്റര്‍ എഴുതി തരാമെന്നു സേട്ട് തട്ടിവിട്ടു.

ഒട്ടും മടിച്ചില്ല, മോഹന്‍കുമാര്‍ നേരെ മുറ്റത്തിറങ്ങി അവിടെ നിര്‍ത്തിയിട്ടിരുന്ന സ്വന്തം കോണ്ടസ കാറിന്റെ ഡിക്കി തുറന്നു പണമെടുത്ത് സേട്ടിന്‍റെ കയ്യില്‍ കൊടുത്തു. പെട്ടെന്ന് ഞെട്ടിപ്പോയ സേട്ട് പണത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയം തോന്നിയതോടെ കച്ചവടം ഉപേക്ഷിച്ചു. അങ്ങനെയാണ് കൊച്ചി നഗരത്തില്‍ മോഹന്‍കുമാര്‍ പ്രശസ്തനായത്.

പിന്നെ മോഹന്‍കുമാര്‍ എന്ന ഈ “അധോലോക” നായകന്‍റെ കഥയറിഞ്ഞ തമ്പി കണ്ണന്താനം എന്ന ചെറുപ്പക്കാരന്‍ ആ പ്രചോദനം ഉള്‍ക്കൊണ്ട് അത് പ്രമേയമാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയാണ്. മോഹന്‍കുമാറിന്റെ പല ചേഷ്ടകളും ആകാരവടിവും ഉറ്റ ചങ്ങാതിയായ മമ്മൂട്ടിയില്‍ കണ്ടപ്പോള്‍ ആ കഥാപാത്രമാകാന്‍ അഭ്യര്‍ഥിക്കാനായി കണ്ണന്താനം മമ്മൂട്ടിയെ ചെന്ന് കണ്ടു.

ആദ്യ പടങ്ങളൊക്കെ പൊട്ടിയ കണ്ണന്താനം ഇങ്ങനൊരു ആഗ്രഹം പറഞ്ഞപ്പോള്‍ മമ്മൂട്ടി സ്വന്തം ടയോട്ട കൊറോണ കാറിന്റെ താക്കോല്‍ എടുത്ത് കണ്ണന്താനത്തിന്റെ കയ്യില്‍ വച്ചുകൊടുത്ത് സ്വതസിദ്ധമായ തമാശയില്‍ തന്റെ ഡ്രൈവറാകാന്‍ കണ്ണന്താനത്തെ ക്ഷണിച്ചുവെന്നാണ് കേട്ടുകേള്‍വി. അത് തമാശയായിരുന്നെങ്കിലും കണ്ണന്താനത്തിന് അത് നെഞ്ചില്‍ കൊണ്ടു . ആ വാശിക്ക് കണ്ണന്താനം നേരെ പോകുന്നത് മോഹന്‍ലാലിന്റെ അടുത്തെക്കായിരുന്നു.

അങ്ങനെയാണ് ലാലിന്റെ ജീവിതത്തിലെ ഏറ്റവും വഴിത്തിരിവായ “രാജാവിന്റെ മകന്‍” എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്‌ സിനിമ മലയാളത്തിനു സമ്മാനിക്കുന്നത്. സിനിമ ഹിറ്റായെങ്കിലും മോഹന്‍കുമാര്‍ എന്ന കഥാനായകന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എല്ലാം അവസാനിപ്പിച്ച് സ്വയം ജീവിതം അവസാനിപ്പിച്ചു.

പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍റെ കണ്ണീരു വീണത് കൊച്ചിയില്‍, പിന്നെ സന്തോഷാശ്രുക്കള്‍ പൊഴിച്ചത് തിരുവനന്തപുരത്ത് ?

സിനിമയിലെ അതികായനും കൊച്ചിയിലെ ചതിക്കുഴികളിലെ രാജാവുമായിരുന്ന നവോദയ അപ്പച്ചനാണ് കേരളത്തിന് ആദ്യമായി 35 mm, 70 mm സിനിമാസ്കോപ്പ്, 3D ചിത്രങ്ങള്‍ സമ്മാനിക്കുന്നത്. പക്ഷെ അപ്പച്ചന്റെ സിനിമകളുടെ തിരശീലകള്‍ക്ക് പിന്നില്‍ അതിനായി വിയര്‍പ്പൊഴുക്കിയവരുടെ കണ്ണീരുവീണെന്നതാണ് സത്യം .

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ അന്ന് അപ്പച്ചന്റെ വലംകയ്യായിരുന്ന നടന്‍ ജഗദീഷിന്റെ കഥയായിരുന്നു. രാവും പകലും കഷ്ടപ്പെട്ട് കഥ എഴുതിയ ജഗദീഷിന്റെ പേര് പക്ഷെ തിരശീലയില്‍ വന്നില്ല. കഥയ്ക്ക് പകരം ജഗദീഷിനെ കഥാപാത്രമാക്കി അപ്പച്ചന്‍ ആ പ്രശ്നം തീര്‍ത്തു.

“The count Monte cristo” എന്ന ഇംഗ്ലീഷ് സിനിമയുടെ കഥ കോപ്പിയടിച്ച് പ്രിയദര്‍ശന്‍ “പടയോട്ടം” എന്ന സിനിമ ചെയ്യുമ്പോള്‍ അടുത്ത സിനിമയുടെ സംവിധാനം കൂടി ഏല്‍പ്പിക്കാം എന്ന് പറഞ്ഞായിരുന്നു അപ്പച്ചന്‍ പ്രിയനിലെ സംവിധാന കലയെ പടയോട്ടത്തില്‍ നന്നായി പ്രയോഗിച്ചത്.

അടുത്ത സിനിമ “മൈ ഡിയര്‍ കുട്ടിച്ചാത്ത”നായിരുന്നു. അതിന്റെ സംവിധാനം നിര്‍വഹിച്ചത് പ്രിയദര്‍ശനും ടി കെ രാജീവ് കുമാറും ആയിരുന്നെങ്കിലും പടത്തിന്റെ പോസ്റ്ററില്‍ പേര് വന്നത് മകന്‍ ജിജോയുടേത് . ഇതുകണ്ട് പ്രിയദര്‍ശന്‍ പൊട്ടിക്കരയുകയായിരുന്നു ! ആ ജിജോ ഇപ്പോള്‍ എവിടെയുണ്ടെന്നുകൂടിയറിയില്ല.

ഒരു വര്‍ഷം കൊച്ചിയില്‍ കളിച്ച ആ കുട്ടിച്ചാത്തനു പകരം 366 ദിവസം ഷേണായീസില്‍ കളിച്ച “ചിത്രം” എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമ കൊണ്ടാണ് പ്രിയന്‍ അപ്പച്ചനോട് മധുര പ്രതികാരം ചെയ്തത്.

പ്രിയന് അതോടെ അപ്പച്ചന്‍ എന്ന നിര്‍മ്മാതാവിനെ നഷ്ടപ്പെട്ടു. പകരം പ്രിയദര്‍ശന്‍ അന്നത്തെ ഓറിയന്റല്‍ ഫൈനാന്‍സ് എന്ന ബ്ലേഡ് കമ്പനി ഉടമ സാജന്‍ വര്‍ഗീസിനെ സമീപിച്ചു. അപ്പച്ചന്‍ നിര്‍മ്മിക്കുന്നതിന്റെ പതിന്മടങ്ങ് സെറ്റപ്പില്‍ സിനിമ ചെയ്യുകയായിരുന്നു പ്രിയന്റെ ലക്‌ഷ്യം.

മോഹന്‍ലാലിനെ നായകനാക്കി അന്നുവരെയുള്ളതില്‍ ഏറ്റവും വലിയ മുതല്‍മുടക്കില്‍ “കടത്തനാടന്‍ അമ്പാടി”യുടെ ചിത്രീകരണം തുടങ്ങുന്നത് അങ്ങനെയാണ്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ അപ്പച്ചന്‍ കളികള്‍ ആരംഭിച്ചു. കേരളത്തിലെ ഒന്നാം നമ്പര്‍ പത്ര മുതലാളിയെ സ്വാധീനിച്ച് സാജന്റെ വരുമാന സ്രോതസ് ഇല്ലാതാക്കുകയായിരുന്നു ലക്‌ഷ്യം.

ഓറിയന്റല്‍ ഫിനാന്‍സ് പൊട്ടുന്നു എന്ന നിലയില്‍ വാര്‍ത്ത പരന്നതോടെ നിക്ഷേപകര്‍ കമ്പനിയില്‍ ഇടിച്ചുകയറി. അതോടെ സാജന്‍ പൊളിഞ്ഞു. സിനിമ ചിത്രീകരണം മുടങ്ങി. പിന്നീട് കോടതി വിധിയിലൂടെ അപ്പച്ചന്‍ ആ സിനിമ റിലീസ് ചെയ്തു. അത് 8 നിലകളില്‍ പൊട്ടുകയും ചെയ്തു. പക്ഷെ പ്രിയന്‍ പിന്നെ
തിരുവനന്തപുരത്ത് കാലുറപ്പിച്ചു ഇന്ത്യന്‍ സിനിമ അറിയപ്പെടുന്ന സംവിധായകനായി വളരുന്നത് കേരളം കണ്ടു . നവോദയ അസ്തമിക്കുകയും ചെയ്തു .

ശത്രുവിനെ നിഗ്രഹിക്കാന്‍ ഏതറ്റം വരെയും പോകാം എന്നു തെളിയിച്ച ചാരക്കേസിന്‍റെ പിന്നില്‍ തൃശൂരിലെ മുതലാളി – കേന്ദ്രം – കൊച്ചി !

കേരള രാഷ്ട്രീയത്തിലെയും മാധ്യമ പ്രവര്‍ത്തന രംഗത്തെയും എക്കാലത്തെയും കളങ്കമായിരുന്നു ചാരക്കേസ്. കേരള രാഷ്ട്രീയത്തിലെ പ്രമുഖരായിരുന്നു അതിന്റെ അണിയറക്കാര്‍ എന്നൊക്കെയുള്ളത് നാട്ടുകാര്‍ കേട്ട വെറും കഥകളായിരുന്നു. യഥാര്‍ത്ഥത്തില്‍ അതിന്റെ ഗൂഡാലോചന നടന്നതും കൊച്ചിയിലെ പ്രമുഖന്റെ വസതിയിലായിരുന്നു.

അടിയന്തിരാവസ്ഥ കാലത്ത് പൂഴ്ത്തി വെയ്പിന്റെ പേരില്‍ തൃശൂരിലെ പ്രമുഖനായ കത്തോലിക്കാ വ്യാപാരിയെ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍ ജയിലില്‍ അടച്ചു. അദ്ദേഹത്തിന് പോലീസില്‍ നിന്നും പീഡനവും ഏല്‍ക്കേണ്ടി വന്നു. തൃശൂര്‍ മുതലാളിക്ക് അതൊരു വലിയ വൈരാഗ്യമായി മാറി.

കരുണാകരനെ മാളയില്‍ തളയ്ക്കാന്‍ ഈ മുതലാളി കോടികള്‍ ഒഴുക്കിയെങ്കിലും അദ്ദേഹം അപ്പോഴൊക്കെ ജയിച്ചുകയറി. പിന്നെയാണ് മാലിയിലെ മറിയം റഷീദയെയും ഫൗസിയ ഹസനെയും മുന്നില്‍ നിര്‍ത്തി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ശാസ്ത്രഞ്ജരായ നമ്പി നാരായണനെയും ശശികുമാറിനെയും ബലിയാടാക്കി വീരശൂര പരാക്രമിയായ മുഖ്യമന്ത്രി കരുണാകരനെ പടിയടച്ചു പിണ്ഡം വയ്ക്കാന്‍ ഗൂഡാലോചന നടത്തിയത്.

ശത്രുവിനെ നിഗ്രഹിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ച ആ ചതിക്കളികളുടെ കേന്ദ്രവും കൊച്ചിയിലെ ബംഗ്ലാവായിരുന്നു. അക്കളികളില്‍ ഈ മുതലാളിമാര്‍ ജയിച്ചു. ഉശിരുള്ള മുഖ്യന് പടിയിറങ്ങേണ്ടി വന്നു.

ഐസ്ക്രീം പാർലർ പെൺവാണിഭക്കേസ് നടന്നത് കോഴിക്കോട്,
ഗൂഡാലോചന നടന്നത് കൊച്ചിയിലും

കേരള രാഷ്ട്രീയത്തിലെ എന്നത്തേയും സംസാര വിഷയമായിരുന്ന ഐസ്ക്രീം പാർലർ പെൺവാണിഭക്കേസ് കുത്തിപ്പൊക്കുവാൻ ഗൂഢാലോചന നടന്നത് കൊച്ചിയിലെ മരടിലുള്ള ഒരു സ്റ്റാർ ഹോട്ടലിന്റെ സ്യുട്ട് റൂമിൽ നിന്നുമായിരുന്നു .

പ്രശ്നം ആളിക്കത്തിച്ചുകൊണ്ട് പണം പിടുങ്ങൽ ആയിരുന്നു മുഖ്യ അജണ്ടയെങ്കിലും രാഷ്ട്രീയ എതിരാളികൾ മാധ്യമ പ്രവർത്തകർക്ക് കള്ള് വാങ്ങിക്കൊടുത്തുകൊണ്ടും മറ്റുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടും ഐസ്ക്രീം വിഷയം ആളിക്കത്തിച്ചു .

കുറച്ചുകുടുംബങ്ങൾ വിഷമിച്ചെങ്കിലും കുറെ പേര് ഇതിൽ ആത്മനിർവൃതി നേടിയിരുന്നു . മന്ത്രിപുത്രനും മാധ്യമ മുതലാളിയും മന്ത്രിയുടെ ബന്ധുവും ചേർന്നുള്ള ഗൂഢാലോചനയിൽ കൊച്ചിയിലെ പല ഇടനിലക്കാരും പങ്കാളികൾ ആയിരുന്നു . ആ വിഷയത്തിൽ ഏറെ ഗുണമുണ്ടാക്കിയ മാധ്യമ പ്രവർത്തകൻ ഇപ്പോൾ കോടതികളിൽ നിന്നും കോടതികളിലേക്ക് കേസുകെട്ടുകളുമായി കയറിയിറങ്ങുകയാണ് .

40 എംഎൽഎ മാരുടെ ഫിക്സഡ് ഡെപ്പോസിറ്റ് – ഗൂഡാലോചന കൊച്ചിയില്‍ 

കേരളത്തിലെ പ്രമാദമായ ഫിക്സഡ് ഡെപ്പോസിറ്റായ നാൽപ്പത് പേരുടെ കഥ ആരംഭിക്കുന്നതും കൊച്ചിയിലെ ഒരു ഹാർഡ്‌വെയർ ഷോപ്പിന്റെ ഉടമയായ ജോസേട്ടന്റെ വീട്ടിൽ വെച്ചായിരുന്നു . എകെ ആന്റണിയെ താഴെ ഇറക്കുവാൻ ഇടതുപക്ഷം കൊണ്ടുവന്ന 40 എംഎൽഎ മാരുടെ എണ്ണം ആദ്യമായി പുറത്തുവിടുന്നത് ഇവിടെ നടന്ന ഗൂഢാലോചനയിൽ നിന്നാണ് .

ഇത് കേട്ട കരുണാകരൻ തന്നെ പിന്തുണക്കുന്ന 24 എംഎൽഎ മാരുടെയും , ജെഎസ്എസിലെ അഞ്ച് പേരുടെയും , ടിഎം ജേക്കബിന്റെയും പിന്തുണയോടെ കേരളം ഭരിക്കുവാൻ ഇടതുപക്ഷത്തിന്റെ നാൽപ്പത് പേരുമായി വിലപേശിയതും ആ ചതിയിൽ കുടുങ്ങിയതും കൊച്ചി സാക്ഷ്യം വഹിച്ചു .

എല്ലാ കളികള്‍ക്ക് പിന്നിലും അമ്മ ? അമ്മയാണെ സത്യം ! ?

അമ്മ എന്നാൽ രണ്ടുമൂന്ന് വിഭാഗങ്ങളുണ്ട് . ഒറിജിനൽ “അമ്മ – ചിറ്റമ്മ – പോറ്റമ്മ .. അങ്ങനെപോകുന്നു അമ്മമാർ . കേരളത്തിൽ ഇതുവരെയുള്ള എല്ലാ പീഡനങ്ങളിലും ഒരമ്മക്ക് പങ്കുണ്ടായിട്ടുണ്ട് . നമ്മൾ മുമ്പൊക്കെ പറഞ്ഞതുപോലെ കേരളത്തിൽ പെൺകുട്ടികൾ വഴിതെറ്റി പോകുന്നതിന്റെ മുഖ്യ പങ്കാളി എപ്പോഴും അമ്മമാർ തന്നെയെന്നതിൽ സംശയമില്ല .

അമ്മമാരുടെ മനസ്സിലെ മോഹങ്ങൾ മക്കളിലൂടെ നടപ്പിലാക്കുവാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് പിന്നീട് പീഡനകഥകളായി പരിണമിക്കാറുള്ളത് . പല അമ്മമാരും ഒന്നും കണ്ടില്ലെന്ന് നടിക്കുമ്പോൾ പല അമ്മാർ ദുഃഖപുത്രികളായി മാറുന്നു . ഇന്നിപ്പോൾ സിനിമാക്കാരുടെ അമ്മയും മറ്റൊരു ചിറ്റമ്മയായി മാറിയപ്പോൾ ജനപ്രതിനിധികളായ അവരുടെ മക്കള്‍ തനിസ്വഭാവം പുറത്തുകാട്ടി.

ഇന്നസെന്റ് ഇന്നസെന്റല്ല എന്നുള്ളതും മുകേഷിന്റെയും ഗണേഷിന്റെയും മുൻ ഭാര്യമാർ പറഞ്ഞതാണ് ശരി എന്നുള്ളതും അവര്‍ തെളിയിച്ചു . മമ്മുട്ടിയും മോഹൻലാലും പതിവ് നിലപാടുകൾ കാണിച്ചുകൊടുത്തു . പ്രശ്നങ്ങൾ വരുമ്പോൾ അവരെന്നും ഒട്ടക പക്ഷിയ്ക്ക് പഠിക്കും . അപ്പോൾ അവരിലെ കിങ്ങും നരസിംഹവും ഒക്കെ അങ്ങനെയായി മാറും .

അമ്മയെ പൊളിച്ചുകൊണ്ട് സംഘടനയെ കൈപ്പിടിയിൽ ഒതുക്കുവാൻ തീരുമാനിച്ച കൊച്ചിയിലെ ന്യു ജനറേഷൻ ടീമിന്റെ ക്യാപ്റ്റൻ പതിവ് പോസ്റ്റുകളുമായി ഫേസ്‌ബുക്കിൽ സ്ഥാനം പിടിച്ചു . മഞ്ജുവാരിയരെയും റീമയെയും രമ്യയെയും ചാട്ടിന്മേൽ കയറ്റിയ കൊച്ചി ലോബി ഇക്കാര്യത്തിൽ ഏറെ ദുഖിതരാണ് .

ഗണേഷിനുവേണ്ടി പത്തനാപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തവർക്കുള്ള
ഉപകാര സ്മരണകളും ഇക്കളികളിൽ നിഴലിച്ചു നിൽക്കുന്നു . ലാല്‍ വിളിച്ചപ്പോള്‍ ആന്റോജോസഫ് പിടി തോമസിനെ കൂടെ കൂട്ടിയതാണ് ഇപ്പോഴുള്ള എല്ലാ പ്രശനങ്ങൾക്കും കാരണമെന്നാണ് സിനിമാക്കാർ പറയുന്നത് . അല്ലെങ്കില്‍ ഇരുചെവിയറിയാതെ പ്രശ്നം ഒതുക്കി തീര്‍ക്കാമായിരുന്നു .

സിനിമയിൽ ഇതൊക്കെ സാധാരണയാണെന്നാണ് ആലപ്പുഴയിലെ നടിയുടെ അനുഭവത്തിൽ നിന്നും
മനസ്സിലാക്കേണ്ടത് . കേരളത്തിൽ ഒരു ഇല അനങ്ങിയാൽ പ്രതികരണവുമായി വന്നിരുന്ന പ്രതികരണത്തൊഴിലാളി സ്വന്തം ഭാര്യയെന്ന് പറയുന്ന നായികനടിക്ക് ഹോട്ടൽ മുറിയിൽ വെച്ചുണ്ടായ ദുരനുഭവത്തെ കുഴിച്ചുമൂടി .

തിരുവനന്തപുരത്തെ ഒന്നാം നമ്പർ നിർമ്മാതാവിന്റെ ഭാര്യക്കുണ്ടായ അനുഭവവും മലയാള സിനിമ കുഴിച്ചുമൂടി . അപ്പോള്‍ പിടി തോമസ് ഇക്കാര്യം അന്നേ വെളിയിൽ പറഞ്ഞില്ലായിരുന്നുവെങ്കിൽ പിന്നീട് ഈ പെണ്ണിൻ കുരിശ് തോമസ് ചുമക്കേണ്ടി വന്നേനെ എന്ന് തോമസിന് നന്നായി അറിയാവുന്നതുകൊണ്ടാണ് അദ്ദേഹം ഈ വിഷയം കത്തിച്ചത്. തൊട്ടു വിശ്വസിക്കുന്നവനാണല്ലോ തോമാ !

മലയാളി നടികൾ തമിഴിലും തെലുങ്കിലും ഒക്കെ പോയാൽ അവിടത്തെ ആളുകൾ ഇവരുടെ പപ്പും പൂടയും പറിച്ചേ അഭിനയിപ്പിക്കൂ എന്നതാണ് ഇതുവരെയുള്ള അനുഭവങ്ങൾ . ഓരോരോ നടിമാരോടും ഒറ്റക്ക് ഒറ്റക്ക് ചോദിച്ചാൽ മണിമണി പോലെ കഥകൾ പറയും . അമ്മയാണെ സത്യം !

ഏകലവ്യന്‍ എന്ന കഥയുമായി ഷാജി കൈലാസ് ആദ്യം സമീപിക്കുന്നത് മമ്മൂട്ടിയെയാണ്, കൊച്ചിയിലെ വീട്ടില്‍ . കഥ വായിച്ച മമ്മൂട്ടി പറഞ്ഞു – ഞാന്‍ ഇതില്‍ അഭിനയിച്ച് കേരളത്തില്‍ ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല , പകരം നിങ്ങള്‍ സുരേഷ്ഗോപിയെ പരീക്ഷിച്ചാല്‍ അതായിരിക്കും വിജയം എന്ന് . മമ്മൂട്ടിയുടെ ആ നന്മയാണ് സുരേഷ്ഗോപിയെ സൂപ്പര്‍ താരമാക്കിയത് . അങ്ങനെ ചതിവില്ലാത്ത ചില നന്മകളുമുണ്ട് കൊച്ചിയില്‍ .

കൊച്ചിയിൽഎത്തി സിനിമയിലും റിയൽ എസ്റ്റേറ്റിലും പണം മുടക്കി നിൽക്കകളിയില്ലാതെ ആത്മഹത്യ ചെയ്തവരുടെയും മുങ്ങിയവരുടെയും പേരുകൾ എഴുതുവാൻ തുടങ്ങിയാൽ ഇവിടെ പേജുകൾ പോരാതെ വരും .

കൊച്ചിക്കാരുടെ പ്രിയങ്കരനായ സഖാവ്‌ ഗോപി കോട്ടമുറിയ്ക്കലിനെ പെണ്ണുകേസില്‍ കുടുക്കിയ സഹപ്രവര്‍ത്തകരുടെ നാടാണ് കൊച്ചി . കേരളത്തിലെ അധ്വാന വര്‍ഗത്തിന്‍റെ ആവേശമായിരുന്ന വി ബി ചെറിയാനെ മൂലയ്ക്കൊതുക്കിയ ചതിയും കൊച്ചിയില്‍ തന്നെ .

സത്യം കമ്പ്യുട്ടെഴ്സിന്റെ മൈത്താസ് മുതൽ , എസ്ആർകെ , ആപ്പിൾ , തുടങ്ങിയ വമ്പന്മാരൊക്കെ കൈപൊള്ളിയും കൈപൊള്ളിച്ചും ഒക്കെ ജീവിക്കുമ്പോൾ കൊച്ചി ഇപ്പോഴും തട്ടിക്കൊണ്ടുപോകലും , കായലിൽ എറിഞ്ഞുള്ള മരണങ്ങളും ഡി ജെ പാര്‍ട്ടികളും ഒക്കെയായി നേരം വെളുക്കുന്നു . എന്നും പത്രസമ്മേളനങ്ങൾ , എന്നും ഫാഷൻ ഷോകൾ , സിനിമാ റിലീസുകൾ , സമരങ്ങൾ, പീഡനങ്ങള്‍ … എല്ലാം കൊച്ചിയിൽ തന്നെ .

കൊച്ചികണ്ടാൽ അച്ചി വേണ്ടെന്ന് ഉറപ്പിച്ചുകൊണ്ട് ,

മറൈന്‍ഡ്രൈവില്‍ നിന്നും ദാസനും വൈറ്റില ഹബ്ബില്‍ നിന്നും വിജയനും

×