പതിനഞ്ചുകാരിയെ മാതാപിതാക്കള്‍ നിരവധി പേര്‍ക്ക് കൈമാറിയ സംഭവം: അമ്മയും ബന്ധുവും അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, May 16, 2018

തിരുവനന്തപുരം: തെന്മല ആര്യങ്കാവില്‍ 15 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും ബന്ധുവും അറസ്റ്റില്‍. പെണ്‍കുട്ടിയെ നിരവധി പേര്‍ക്ക് കൈമാറിയിരുന്നതായി ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മ സമ്മതിച്ചിരുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ആര്യങ്കാവിനടുത്തുള്ള കളിര്‍കാവ്, തമിഴ്‌നാട്ടിലെ പുളിയറ, സുരണ്ട എന്നിവിടങ്ങളില്‍വെച്ചാണ് തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. അച്ഛനും അമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ പലര്‍ക്കുമായി കൈമാറുകയായിരുന്നു. മാതാപിതാക്കള്‍ തമ്മില്‍ പിണങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി അമ്മ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ ന്വേഷണത്തിലാണ് പരാതി നല്‍കിയ അമ്മയെയും അടുത്ത ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

പെണ്‍കുട്ടിയെ കണ്ടെത്തി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായത്. അച്ഛനെയും കുട്ടിയെ പീഡിപ്പിച്ച അഞ്ചുപേരെയും കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം തുടരുകയാണ്. ഇവര്‍ തമിഴ്‌നാട്ടില്‍ ഒളിവിലാണെന്നാണ് വിവരം.

×