Advertisment

അയ്മുറിക്കവലയിൽ തെരുവുഗുണ്ടകളുടെ അഴിഞ്ഞാട്ടം. ക്രൂരമർദ്ദനത്തിനിരയായി ഹോട്ടലുടമയും സഹോദരനും

author-image
athira kk
Updated On
New Update

പെരുമ്പാവൂർ: കൂവപ്പടി അയ്മുറിക്കവലയിൽ പ്രവർത്തിയ്ക്കുന്ന ഒളിവിൽ ഹോട്ടലുടമയെയും സഹോദരനെയും മദ്യപിച്ചെത്തിയ തെരുവുഗുണ്ടകൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഒരു സംഘം മദ്യപന്മാർ ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെയാണ് അയ്മുറിക്കവലയിൽ ഭീതി പരത്തി സംഘട്ടനത്തിൽ ഏർപ്പെട്ടത്. ഹോട്ടലിനകത്തു തുടങ്ങിയ മർദ്ദനം ഹോട്ടൽ അടിച്ചുതകർന്നതു വരെയെത്തി. തുടർന്ന് ഗുണ്ടാ സംഘം പൊതുനിരത്തിൽ ഇറങ്ങി. രക്ഷപ്പെടാൻ ശ്രമിച്ചതോടെ പിന്തുടർന്നെത്തിയ അയ്മുറി ചക്കര ചെറിയാൻ മകൻ ദേവസിയേയും സഹോദരൻ വർഗീസിനേയും ഗുണ്ടകൾ അവിടെവച്ചും മർദ്ദിച്ചവശരാക്കി. പിന്നീട് നാട്ടുകാരാണ് പ്രതികളെ പിടികൂടി കോടനാട് പൊലീസിനു കൈമാറിയത്.

publive-image

കോടനാട് വടക്കാമ്പിള്ളി സ്വദേശികളായ വിഷ്ണു, അജിത്ത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇതിൽ വിഷ്ണു നിരവധി കേസുകളിൽ പ്രതിയാണെന്ന് പറയപ്പെടുന്നു. മർദ്ദനമേറ്റ സഹോദരങ്ങൾ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. മദ്യപാനവും മയക്കുമരുന്നും നാട്ടിൽ വ്യാപകമായിക്കൊണ്ടിരിക്കെ, വിവിധ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളടക്കമുള്ളവ സ്ഥിതിചെയ്യുന്ന അയ്മുറിയിലുണ്ടായ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായ ഏകോപനസമിതി ശനിയാഴ്ച വൈകിട്ട് പ്രദേശത്ത് കടകളടച്ച് പ്രതിഷേധിച്ചു. ജാമ്യമില്ലാ വകുപ്പിൽ പെടുത്തി പ്രതികൾക്കെതിരെ കേസെടുക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി അയ്മുറിക്കവലമുതൽ പഞ്ചായത്ത് ജംഗ്‌ഷൻ വരെ പ്രകടനവും ഉണ്ടായിരുന്നു.

Advertisment