Advertisment

കണിക്കൊന്നകള്‍ പൂത്തുലഞ്ഞു, കണിവെള്ളരികള്‍ മൂത്തുവിളഞ്ഞു, മലയാളക്കരയില്‍ വിഷുവെത്തി...

author-image
neenu thodupuzha
New Update

കണിക്കൊന്നകള്‍ പൂത്തുലഞ്ഞു! വേനല്‍ക്കണ്ടങ്ങളില്‍ കണിവെളളരികള്‍ മൂത്തുവിളഞ്ഞു. കുന്നലനാട്ടില്‍ വിഷുവിന്റെ കൊട്ടും കുഴല്‍ വിളിയും ഉയര്‍ന്നു പൊങ്ങുന്നു. മാങ്കനികള്‍ തൂങ്ങിയാടുന്ന ചക്കരമാവിന്റെ കൊമ്പിലിരുന്ന് വിഷുപ്പക്ഷി ഉറക്കെപ്പാടുന്നു...

Advertisment

" വിത്തും കൈക്കോട്ടും

കളളന്‍ ചക്കേട്ടു

കണ്ടാല്‍ മിണ്ടണ്ട;

ചക്കയ്ക്കുപ്പില്ല!''

മലയാളികളുടെ പുത്തന്‍ കാര്‍ഷികവര്‍ഷത്തിന് തുടക്കം കുറിക്കുന്ന മഹോത്സവമാണ് വിഷു. എത്രയെത്ര കവികളാണ് വിഷുക്കാലത്തിന്റെ ചാരുതയെക്കുറിച്ച് പാടിയിട്ടുള്ളത്.

publive-image

''സ്വര്‍ണ്ണക്കിങ്ങിണി ചാര്‍ത്തിക്കൊന്നകള്‍

നൃത്തം ചെയ്തതു കണ്ടില്ലേ?

ചക്കരമാമ്പഴമഴകൊടുംകാറ്റില്‍

ചാഞ്ചാടുന്നതു കണ്ടില്ലേ?

മോടിയിലങ്ങനെ മാമലനാട്ടില്‍

മേടം വന്നതറിഞ്ഞില്ലേ?

ലാത്തിരിപൂത്തിരിമത്താപ്പൂവുകള്‍

കത്തിപ്പടരണ കണ്ടില്ലേ ?

വിഷുവന്നല്ലോ, വിഷുവന്നല്ലോ

നാടൊട്ടുക്കും പൊടിപൂരം!

ഗുണ്ടുമമിട്ടും പൊട്ടുന്നല്ലോ

'ചടപട'യെങ്ങും വെടിപൂരം!

ചേലേറുന്ന വിഷുക്കണികാണാന്‍

കണ്ണുതുറക്കുവിനുണ്ണികളേ

ചക്കപ്രഥമന്‍ പായസമുണ്ണാന്‍

കിണ്ണമെടുക്കുവിനുണ്ണികളേ!

പാടുന്നല്ലോ പാടവരമ്പില്‍

കോടിയണിഞ്ഞ വിഷുപ്പക്ഷി

ഇല്ലം നിറനിറ! വല്ലം നിറനിറ

പത്തായം നിറ വെട്ടി നിറ!''

വിഷുക്കണിയും വിഷുകൈനീട്ടവും വിഷുസംക്രമവുമെല്ലാം എന്നും മലയാളമക്കളുടെ പ്രത്യാശയുടെ പ്രതീകങ്ങളാണ്. വിഷുവുമായി ബന്ധപ്പെട്ട നിരവധി പഴഞ്ചൊല്ലുകളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്.

സ്വര്‍ണ്ണക്കിങ്ങിണികള്‍ കൊളുത്തിയിട്ടതുപോലെ കൊന്നമരച്ചില്ലകളില്‍ തൂങ്ങിയാടുന്ന കൊന്നപ്പൂങ്കുലകള്‍ കാണാന്‍ എന്തൊരു ഭംഗിയാണല്ലേ? വിഷുപ്പുലരിയില്‍ കൊന്നപ്പൂക്കള്‍ കണികണ്ടുണര്‍ന്നാല്‍ മാറാവ്യാധികള്‍ മാറുമെന്നും ദാരിദ്ര്യം ഇല്ലാതാകുമെന്നും കുടുംബത്തിനു മുഴുവന്‍ ഐശ്വര്യം വന്നുചേരുമെന്നുമാണ് മലയാളികളുടെ വിശ്വാസം.

എന്താണിതിന്റെ കാരണമെന്നറിയണ്ടേ? രസകരമായ കഥയാണ്. പണ്ടുപണ്ട് കൊന്നമരത്തില്‍ പൂക്കളുണ്ടായിരുന്നില്ലത്രേ. പച്ചിലകള്‍ നിറഞ്ഞ ഒരു പാഴ്മരം മാത്രമായിരുന്നു അത്. അക്കാലത്ത് ഏതോ ഒരു കുഗ്രാമത്തില്‍ ഉണ്ണിക്കണ്ണന്റെ പ്രതിഷ്ഠയുളള ഒരു ചെറിയ ക്ഷേത്രമുണ്ടായിരുന്നു. അവിടത്തെ പൂജാരിയും ഒരുണ്ണിതന്നെയായിരുന്നു. എന്നു പറഞ്ഞാല്‍ ഒരുണ്ണിനമ്പൂതിരി!

ഉണ്ണിനമ്പൂതിരിയുടെ അമ്മ പട്ടിണിയും രോഗവുംകൊണ്ട് അവശയായി ഇല്ലത്ത് കിടപ്പിലായിരുന്നു. നിത്യവും ക്ഷേത്രത്തിലെ പൂജ കഴിയുമ്പോള്‍ അവന്‍ തന്റെ അമ്മയ്ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കും.

''കൃഷ്ണാ, മുകുന്ദാ, മുരാരേ!... അടിയന്റെ അമ്മയ്ക്ക് ഒന്നും വരുത്തരുതേ. അടിയങ്ങള്‍ ഗതിയില്ലാത്തവരാണേ.''

അങ്ങനെയിരിക്കെ മേടമാസം വന്നു. ഒരു ദിവസം ഉണ്ണിനമ്പൂതിരിയുടെ അമ്മയ്ക്ക് രോഗം കൂടുതലായി. എന്തു ചെയ്യേണ്ടെന്നറിയാതെ ആ കൊച്ചുപൂജാരി വിഷമിച്ചു. ഒരു തുളളി വെളളം പോലും കഴിക്കാതെ അന്നുമുഴുവന്‍ അവന്‍ തന്റെ അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.

അന്ന് സന്ധ്യാപൂജ കഴിഞ്ഞ് നിവേദ്യച്ചോറും കൊണ്ട് അവന്‍ ഇല്ലത്തേക്ക് തിരിച്ചപ്പോള്‍ നേരം ഏറെ വൈകിയിരുന്നു. കുറച്ചു ചെന്നപ്പോള്‍ കാലുകള്‍ തളരുന്നതുപോലെ അവനു തോന്നി. മുന്നോട്ടു നീങ്ങാന്‍ വയ്യ. എവിടെയെങ്കിലും ഒന്നു വിശ്രമിച്ചിട്ടു നീങ്ങാമെന്ന് ഉണ്ണിനമ്പൂതിരി വിചാരിച്ചു. അവന്‍ വഴിവക്കിലുളള ഒരു ആല്‍ത്തറയില്‍ കയറിയിരുന്നു; കുറേനേരം അങ്ങനെ ഇരുന്നപ്പോള്‍ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. ഉറക്കത്തില്‍ ഉണ്ണിനമ്പൂതിരിക്ക് അത്ഭുതകരമായ ഒരു ദര്‍ശനമുണ്ടായി. അരയില്‍ സ്വര്‍ണ്ണക്കിങ്ങിണികെട്ടിയ ഉണ്ണിക്കണ്ണന്‍ അതാ, മെല്ലെമെല്ലെ അവന്റെ അരികിലേക്കു വരുന്നു! കാറ്റത്തിളകുന്ന പൊന്മയില്‍പ്പീലി!... കയ്യില്‍ പുല്ലാങ്കുഴല്‍! കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞപ്പട്ടാട!

കൊച്ചുപൂജാരിയെ ഉണ്ണിക്കണ്ണന്‍ മെല്ലെ തഴുകി. അവന്റെ കണ്ണില്‍ ഉറഞ്ഞുകൂടി നിന്ന കണ്ണുനീര്‍ത്തുളളികള്‍ തുടച്ചുമാറ്റി. പിന്നെ തന്റെ അരയില്‍ക്കിടന്ന സ്വര്‍ണ്ണക്കിങ്ങിണി അഴിച്ച് ഉണ്ണിനമ്പൂതിരിക്കു സമ്മാനിച്ചു. ഒരിക്കല്‍കൂടി വാത്സല്യപൂര്‍വം അവനെ തലോടിയിട്ട് കണ്ണന്‍ എവിടേക്കോ പോയ്മറഞ്ഞു.

''കണ്ണാ...! കണ്ണാ.....! എന്റെ ആരോമല്‍ക്കണ്ണാ, ഒന്നു നില്‍ക്കൂ''. ഉണ്ണി നമ്പൂതിരി ഉറക്കത്തിലല്‍ നിന്ന് ചാടിയുണര്‍ന്ന് നാലുപാടും നോക്കി. പക്ഷേ കണ്ണനെ അവിടെയെങ്ങും കണ്ടില്ല. അപ്പോഴാണ് തന്റെ തൊട്ടടുത്തായി ഒരു സ്വര്‍ണ്ണക്കിങ്ങിണി അവന്‍ കണ്ടത്. ഉണ്ണിനമ്പൂതിരി അതീവ സന്തോഷത്തോടെ ആ കനകക്കിങ്ങിണിയുമെടുത്ത് തന്റെ ഇല്ലത്തേക്കോടി. അവന്‍ തളര്‍ന്നുറങ്ങുന്ന അമ്മയെ കുലുക്കി വിളിച്ചു.

''അമ്മേ, അമ്മേ! ഉണ്ണിക്കണ്ണന്‍ നമ്മെ രക്ഷിച്ചു കണ്ണന്റെ അരയിലെ സ്വര്‍ണ്ണക്കിങ്ങിണി എനിക്കു സമ്മാനിച്ചു. ഇതാ നോക്കൂ'''ഉണ്ണി നമ്പൂതിരി തന്റെ കയ്യിയിരുന്ന കിങ്ങിണി അമ്മയെ കാണിച്ചു. പക്ഷെ അമ്മ അതു വിശ്വസിച്ചില്ല. രാത്രിയില്‍ ആരുമില്ലാത്ത തക്കം നോക്കി ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തില്‍ നിന്ന് മകന്‍ തങ്കക്കിങ്ങിണി മോഷ്ടിച്ചതാണെന്ന് അവര്‍ കരുതി. രോഗിണിയും അവശയുമായ ആ സ്ത്രീ പൊട്ടിത്തെറിച്ചു.

''ഇല്ല ഇത് കണ്ണന്‍ തന്നതല്ല. നീയിത് വിഗ്രഹത്തില്‍നിന്ന് മോഷ്ടിച്ചതാണ്. ഇതു തിരിച്ചുകൊണ്ടുപോകൂ. നീ കള്ളനാണ്. കള്ളന്‍'' കൈയ്യില്‍കിട്ടിയ ഇരുമ്പു ചട്ടുകം കൊണ്ട് അമ്മ അവനെ പൊതിരെ തല്ലി. ഉണ്ണിനമ്പൂതിരി ഇല്ലത്തിന്റെ മൂലയിലിരുന്ന് പൊട്ടിക്കരഞ്ഞു നീറുന്ന മനസ്സോടെ ഉണ്ണിക്കണ്ണനെ വിളിച്ചു.

''കണ്ണാ, നീ എന്തിനാണ് ഈ സ്വര്‍ണ്ണക്കിങ്ങിണി എനിക്കുതന്നത്? ഇതുമൂലം ഞാനെന്റെ അമ്മയുടെ മുന്നില്‍ ഒരു പെരുംകള്ളനായി! അവരുടെ രോഗവും കൂടി. അതുകൊണ്ട് ഇത് നീ തന്നെ തിരിച്ചെടുത്തോളൂ''

കോപവും സങ്കടവും നിറഞ്ഞ മനസ്സോടെ അവന്‍ ആ സ്വര്‍ണ്ണക്കിങ്ങിണി പുറത്തേക്ക് വലിച്ചെറിഞ്ഞു. അതുചെന്ന് വീണത് മുറ്റത്തുനിന്നിരുന്ന കൊന്നമരത്തിന്റെ ചെറുചില്ലയിലാണ്. മരച്ചില്ലയില്‍ ഞാന്നു കിടന്ന സ്വര്‍ണ്ണക്കിങ്ങിണി ഇളംകാറ്റില്‍ ചാഞ്ചാടാന്‍ തുടങ്ങി. ഈ സംഭവമെല്ലാം സാക്ഷാല്‍ ഉണ്ണിക്കണ്ണന്‍ കാണുന്നുണ്ടായിരുന്നു.

''ഹായ്! ഈ മരത്തിന് സ്വര്‍ണ്ണക്കിങ്ങിണി നന്നായി ചേരും. എന്തൊരഴക് .... ഇതിന്റെ സകല ചില്ലകളും കിങ്ങിണികൊണ്ട് നിറയട്ടെ. എല്ലാ മേടപ്പുലരികളിലും കൊന്നപ്പൂ കണി കണ്ടുണരാന്‍ സകലര്‍ക്കും ഭാഗ്യമുണ്ടാകട്ടെ. അതുവഴി മാറാവ്യാധികള്‍ മാറാനും കുടുംബങ്ങള്‍ക്ക് ഐശ്വര്യമുണ്ടാകാനും ഇടവരട്ടെ''

ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചു. അതോടെ ഉണ്ണിനമ്പൂതിരിയുടെ അസുഖം ഭേദമായി. ഇല്ലത്ത് ആനന്ദവും ഐശ്വര്യവും കളിയാടി.

അന്നു മുതല്‍ക്കാണത്രെ മേടക്കാലത്ത് കൊന്നകള്‍ പൂവണിയാനും വിഷുവിന് കൊന്നപ്പൂ കണികാണാനും അതുവഴി കുടുംബങ്ങളില്‍ ഐശ്വര്യം കൈവരാനും തുടങ്ങിയത്. ഈ വിഷു സങ്കല്‍പ്പം ഒരിക്കലും മാഞ്ഞുപോകാതിരിക്കട്ടെഃ മഹാകവി വൈലോപ്പിള്ളിയുടെ ഈ കവിതാശകലം നമ്മുടെ ചുണ്ടുകളില്‍ എന്നെന്നും തത്തി കളിക്കട്ടെ.

''ഏതു ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും

ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും

മനസ്സിലുണ്ടാകട്ടെ ഗ്രാമത്തില്‍ വെളിച്ചവും

മണവും മമതയും ഇത്തിരികൊന്നപ്പൂവും!''

 

(കടപ്പാട്: സിപ്പി പള്ളിപ്പുറം)

Advertisment