Advertisment

ആലപ്പുഴയിൽ ബുള്ളറ്റ് ബൈക്ക് മോഷണം: അന്തര്‍ജില്ലാ സംഘം പിടിയിൽ;  മോഷ്ടിച്ചത് എട്ടോളം ബുള്ളറ്റ് ബൈക്കുകൾ 

author-image
neenu thodupuzha
New Update

ആലപ്പുഴ: ബുള്ളറ്റ് മോട്ടര്‍ സൈക്കിള്‍ മോഷ്ടിക്കുന്ന അന്തര്‍ജില്ലാ സംഘം പിടിയില്‍. ചവടമൂട് സൗദ് മന്‍സില്‍ സൗദ് (24) സഹോദരന്‍ സബിത്ത് (19), കരമനയില്‍ കാര്‍ത്തിക്ക് ( 18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നര ലക്ഷം രൂപ വില വരുന്ന ബുള്ളറ്റാണ് ഈ മാസം 21 ന് ഇവര്‍ മോഷ്ടിച്ചത്.

Advertisment

publive-image

ആലപ്പുഴ മാരാരിക്കുളം റെയില്‍വേ സ്‌റ്റേഷന് മുന്‍വശത്ത് വച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടര്‍ സൈക്കിള്‍ മോഷ്ടിച്ച കേസിലാണ് തിരുവനന്തപുരം സ്വദേശികളായ ഇവർ പിടിയിലാകുന്നത്. അന്വേഷണത്തില്‍ പ്രതികള്‍ അന്തര്‍ജില്ലാ ബുള്ളറ്റ് മോഷണം പതിവാക്കിയവരാണെന്നും പോലീസ് പറഞ്ഞു.

മാരാരിക്കുളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കളിത്തട്ട് ഭാഗത്ത് ഒ.എല്‍.എക്‌സ് ഓണ്‍ലൈന്‍ ആപ്പിലൂടെ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചാണ്  ഇവര്‍ മോഷണം നടത്തിവന്നത്.

എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുമാണ് ബുള്ളറ്റ് മോട്ടര്‍ സൈക്കിള്‍ മോഷ്ടിക്കുന്നത്. ബുള്ളറ്റുകളുടെ യാഥാര്‍ത്ഥ ആര്‍.സി ഉടമസ്ഥരുടെ ഫോണ്‍ നമ്പര്‍, പരിവാഹന്‍ ഓണ്‍ലൈന്‍ സൈറ്റിലുടെ, മൊബൈല്‍ ഫോണ്‍ അപ്‌ഡേഷന്‍ നടത്തി മാറ്റിയും, എന്‍ജിന്‍ നമ്പരിലും, ചെയ്‌സിസ് നമ്പരിലും മാറ്റങ്ങള്‍ വരുത്തി, ആര്‍.സി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്ത് ഒ.എല്‍.എക്‌സി ലൂടെ വില്പന നടത്തുന്നതാണ് പ്രതികളുടെ രീതി. പ്രതികള്‍  താമസിച്ചിരുന്ന  വിട്ടില്‍ നിന്നും വ്യാജമായി ആര്‍.സി ബുക്ക് പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച ലാപ് ടോപ്പ്, പ്രിന്റര്‍ മറ്റ് അനുബന്ധ ഉപകരണങ്ങളും, ഡ്യൂപ്ലീക്കേറ്റ് താക്കോലുകളും കണ്ടെടുത്തു.

പ്രതികള്‍ എറണാകുളം മരട്, എറണാകുളം സെന്‍ട്രല്‍, തിരുവനന്തപുരം പേട്ട, പൂജപ്പുര എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ബുളളറ്റ് മോഷണകേസുകളിലെ പ്രതികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രതികള്‍ നിലവില്‍ എട്ടോളം ബുള്ളറ്റുകള്‍ മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

പ്രതികള്‍ ഇനിയും മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരുന്നു. മാരാരിക്കുളം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയായ സൗദ് നെയ്യാര്‍ ഡാം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കള്ള നോട്ട് കേസ്സിലേയും പ്രതിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മാരാരിക്കുളം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.വി. ബിജുവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സെപ്കടര്‍ ഇ.എം സജീര്‍, എ.എസ്.ഐ ജയദേവ്, നിഷ, സി.പി.ഒ മാരായ സുരേഷ്, ബിനു. സജീഷ് എന്നീവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisment