Advertisment

പത്തനംതിട്ടയിൽ വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന; അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

author-image
neenu thodupuzha
New Update

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെയും കോന്നിയിലെയും വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. വിലനിലവാര ബോര്‍ഡുകള്‍ വ്യക്തമായി പൊതുജനം കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍, ബില്ലുകള്‍ കൃത്യമായി സൂക്ഷിക്കാത്തത്, വ്യത്യസ്ത വില ഈടാക്കുന്നത്, വിലനിലവാര ബോര്‍ഡുകളേക്കാള്‍ അധികം വില ഈടാക്കുന്നത് എന്നിങ്ങനെ ഗുരുതരമായ ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്.

Advertisment

publive-image

പത്തനംതിട്ട നഗരത്തിലെ പതിനാറും കോന്നിയിലെ എട്ടും വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കോന്നി ചന്തയിലെ പച്ചക്കറി കടയില്‍ ത്രാസ് പതിക്കാത്തത് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലീഗല്‍ മെട്രോളജി വിഭാഗം 2000 രൂപ പിഴ ചുമത്തി.

വില നിലവാര ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാത്തതും കൃത്യമായ രീതിയില്‍ ബില്ലുകള്‍ സൂക്ഷിക്കാത്തതും ഗുരുതരമായ കുറ്റമാണെന്ന് എ.ഡി.എം.  പറഞ്ഞു. ഒരേ സാധനങ്ങള്‍ക്ക് പലകടകളില്‍ വ്യത്യസ്ത വില ഈടാക്കുന്നത് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും ഇനിയും കൃത്യമായ ഇടവേളകളില്‍ പരിശോധനയും നടപടിയുമുണ്ടാകുമെന്നും എ.ഡി.എം.  പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്ന തരത്തില്‍ കൃത്യമായ വില രേഖപ്പെടുത്തിയ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും വ്യാപാരികളുടെ ഭാഗത്ത് നിന്ന് അമിതവില ഈടാക്കുന്ന പ്രവര്‍ത്തിയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ സെപ്ലെ ഓഫീസര്‍ എം. അനില്‍ അറിയിച്ചു.

ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നിര്‍ദേശ പ്രകാരം എ.ഡി.എം. ബി. രാധാകൃഷ്ണന്റെയും ജില്ലാ സെപ്ലെ ഓഫീസര്‍ എം. അനിലിന്റെയും നേതൃത്വത്തില്‍ സിവില്‍ സെപ്ലെസ് ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംയുക്ത സ്‌ക്വാഡാണ്   പരിശോധന നടത്തിയത്.

വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിന്റെ ഭാഗമായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ വിളിച്ച് ചേര്‍ത്ത സിവില്‍ സപ്ലെസ് കമ്മിഷണറുടേയും ജില്ലാ കളക്ടര്‍മാരുടേയും ജില്ലാ സപ്ലൈമാരുടേയും അവലോകനയോഗത്തെത്തുടര്‍ന്നാണ് വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്.

കോന്നി താലൂക്ക് സെപ്ലെ ഓഫീസര്‍ ലിജോ പൊന്നച്ചന്‍, സിവില്‍ സെപ്ലെസ് ഓഫീസ് സീനിയര്‍ സൂപ്രണ്ട് ബിജി തോമസ്, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എസ്.എസ്. വിനീത്, കോഴഞ്ചേരി താലൂക്ക് റേഷനിങ് ഉദ്യോഗസ്ഥരായ പി. പ്രദീപ്, എസ്. സുമന്‍, കോന്നി താലൂക്ക് റേഷനിങ് ഉദ്യോഗസ്ഥരായ മനോജ് മാത്യു, സജികുമാര്‍, ഹരികുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് ജി. സജികുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Advertisment