Advertisment

പലർക്കും പല പിഴയെന്ന് ആരോപണം: കോന്നിയിൽ വാഹന പരിശോധന നടത്തിയ എസ്.ഐയും സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും തമ്മിൽ നടുറോഡില്‍ വാക്കേറ്റം; വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

author-image
neenu thodupuzha
New Update

കോന്നി: വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന എസ്.ഐയും സി.പി.എം. ലോക്കല്‍ സെക്രട്ടറിയുമായി നടുറോഡില്‍ വാക്കേറ്റം. പിന്നാലെ എസ്.ഐയ്‌ക്കെതിരേ പരാതി പ്രളയം. എസ്.ഐയെ സ്ഥലം മാറ്റിയതും വിവാദമായി. എസ്.ഐ സജു ഏബ്രഹാമും സി.പി.എം. അരുവാപ്പുലം ലോക്കല്‍ സെക്രട്ടറി ദീദു ബാലനുമായിട്ടാണ് വാക്കേറ്റവും പോര്‍വിളിയും നടന്നത്.

Advertisment

ബുധനാഴ്ച രാവിലെ 9.30ന് അരുവാപ്പുലം തേക്കുതോട്ടം ജങ്ഷനില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി വൈറലായതിന് പിന്നാലെ എസ്.ഐക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എസ്.ഐക്കെതിരേ മുന്‍പുള്ള പരാതികളും സി.പി.എം.  കുത്തിപ്പൊക്കി. വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതില്‍ എസ്.ഐ വിവേചനം കാണിച്ചുവെന്നാണ് ലോക്കല്‍ സെക്രട്ടറിയുടെ ആരോപണം. ചിലര്‍ക്ക് ഉയര്‍ന്ന തുകയും മറ്റ് ചിലര്‍ക്ക് കുറഞ്ഞ തുകയും പിഴയായി വാങ്ങുന്നെന്ന്. ലോക്കല്‍ സെക്രട്ടറിയുടെ വെല്ലുവിളിക്ക് എസ്.ഐയും അതേ രീതിയിൽ തിരിച്ചടി നല്‍കി.

publive-image

ഡിവൈ.എസ്.പി ടി. രാജപ്പന്‍ റാവുത്തര്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്. കഴിഞ്ഞയാഴ്ച എസ്.ഐ സജുവിനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതും വിവാദമായി. സി.പി.എം. നേതാവിനെ ചോദ്യം ചെയ്ത എസ്.ഐയെ സ്ഥലം മാറ്റിയെന്ന മട്ടില്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം   ശരിയല്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

ഇന്റര്‍സെപ്റ്റര്‍ വാഹനവുമായി വാഹന പരിശോധന നടത്തുകയായിരുന്നു എസ്.ഐയും സംഘവും. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ എസ്.ഐ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ലോക്കല്‍ സെക്രട്ടറി ഇടപെട്ടത്. നിരവധി പേര്‍ നോക്കി നില്‍ക്കേ എസ്.ഐയെ ലോക്കല്‍ സെക്രട്ടറി വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

കഴിഞ്ഞ 25ന് വകയാറില്‍ എസ്.ഐ സജു വാഹനം പരിശോധിക്കുമ്പോള്‍ ദീദു ബാലനുമായി തര്‍ക്കമുണ്ടായിരുന്നു. പാറമടയില്‍ നിന്ന് അമിത ലോഡ് കയറ്റി വന്ന വാഹനങ്ങള്‍ വേബ്രിഡ്ജില്‍ വച്ച് തൂക്കി നോക്കി എസ്.ഐ ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരു ലോറിക്ക് 30,000 രൂപ വരെ പിഴയിനത്തില്‍ ഈടാക്കി. അന്നും ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കം നടന്നു. തന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയിട്ടും ദീദുവിനെതിരേ പരാതി നല്‍കാന്‍ എസ്.ഐ തയാറായിട്ടില്ല. അതേസമയം, വാഹന പരിശോധനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ എസ്‌ഐ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് അരുവാപ്പുലം പാറയ്ക്കല്‍ പി.വി. ബിജു മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

എസ്.ഐ സജു വാഹന പരിശോധനയ്ക്കിടെ ഗ്യാലക്‌സി പാറമടയില്‍ നിന്ന് പാറ കയറ്റി വന്ന ചില ലോറികള്‍ക്ക് മാത്രം 250 രൂപയും സാധാരണക്കാരന്റെ ലോറികള്‍ക്ക് അരലക്ഷം രൂപയും പിഴ ഈടാക്കുന്നത് കണ്ടു. അമിത പിഴ ഈടാക്കുന്നതിന്റെ ചിത്രം പകര്‍ത്തിയ തന്റെ മൊബൈല്‍ എസ്‌ഐ തട്ടിത്തെറിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പരാതി.

ഒപ്പമുണ്ടായിരുന്നയാളെയും എസ്.ഐ മര്‍ദിച്ചെന്നു പറയുന്നു. ഇതിന് പിന്നാലെ എസ്.ഐ സജു മർദ്ദിച്ചെന്നാരോപിച്ച്  മുമ്പ് കൊടുത്ത പരാതികളും സി.പി.എം.  നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്.

Advertisment