ന്യൂസിലന്‍ഡ് ഭീകരാക്രമണം ഒമ്പത് ഇന്ത്യക്കാരെ കാണാതായതായി റിപ്പോര്‍ട്ട്

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, March 15, 2019

ന്യൂസിലാന്‍ഡിലെ രണ്ട് പള്ളികളില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒമ്പത് പേരെ കാണാതായതായി റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെടിവെപ്പില്‍ ഇവര്‍ കൊല്ലപ്പെട്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാണാതായതായി വിവരം ലഭിച്ചവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടുവരികയാണെന്നും ഇവരെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ശനിയാഴ്ചയോടെ മാത്രമേ ലഭ്യമാകൂ എന്നും പറഞ്ഞു.

ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് കാണാതായ ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ന്യൂസിലാന്‍ഡ് അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. വൈകാരിക വിഷയമായതിനാല്‍ കൃത്യവും വിശ്വസനീയവുമായ വിവരം ലഭിക്കാതെ മരിച്ചവരുടെ പേരുവിവരങ്ങളും എണ്ണവും പുറത്തുവിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മോസ്‌ക്കിലുമുണ്ടായ വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിവെപ്പില്‍ അല്‍ നൂര്‍ മോസ്‌കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 39 പേര്‍ ഇവിടെ കൊല്ലപ്പെട്ടു. 10 പേര്‍ ലിന്‍വുഡ് മോസ്‌കില്‍ നടന്ന നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു.

×