Advertisment

സിമന്റ് കമ്പനിയുടെ എക്‌സിക്യൂട്ടീവെന്ന വ്യാജേന കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളിലെത്തി വില കുറച്ച് സിമന്റ് ഇറക്കി തരാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി മുങ്ങിയ യുവാവ് അറസ്റ്റില്‍

author-image
neenu thodupuzha
Updated On
New Update

അമ്പലപ്പുഴ: സിമന്റ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് എന്ന വ്യാജേന കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളിലെത്തി വില കുറച്ച് സിമന്റ് ഇറക്കി തരാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍.

Advertisment

കൊല്ലം ചിതറ പഞ്ചായത്ത് ഏഴാം വാര്‍ഡ് മടത്തറ പറയാട്ട് (കൃഷ്ണാലയം) വീട്ടില്‍ അഖിലി(34 )നെയാണ് അമ്പലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജൂണ്‍ മൂന്നിനാണ് സംഭവം.

publive-image

 

വളഞ്ഞവഴി സ്വദേശി ഷംഷാദിന്റെ വീട് പണി നടക്കുന്ന സൈറ്റില്‍ ചെന്ന പ്രതി രാംകോ സിമന്റിന്റെ സെയില്‍സ് എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം മാര്‍ക്കറ്റ് വിലയേക്കാളും 50 രൂപ കുറച്ചു സിമന്റ് നല്‍കാമെന്നു പറഞ്ഞു. പണം സിമന്റ് വന്നതിന് ശേഷം ഗൂഗിള്‍ പേ ചെയ്താല്‍ മതിയെന്നും പറഞ്ഞു.

ഇതു വിശ്വസിച്ച ഷംഷാദ് 100 ചാക്ക് സിമന്റ് ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. പിന്നീട് അഖില്‍ വളഞ്ഞ വഴിയിലുള്ള സിമന്റ് കടയില്‍ ചെന്ന് 100 ചാക്ക് സിമന്റ് ഷംഷാദിന്റെ വീട് പണി നടക്കുന്ന സൈറ്റിലേക്ക് ഓര്‍ഡര്‍ ചെയ്യുകയും സിമന്റ് വീട് പണി നടക്കുന്ന സൈറ്റില്‍ എത്തിയ ഉടന്‍ 32,000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങുകയും സിമന്റ് വേറെ സൈറ്റിലേക്ക് ഉള്ളതാണെന്ന് പറഞ്ഞു മുങ്ങുകയുമായിരുന്നു.

തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് നടത്തിയ അന്വേഷണത്തില്‍ ചേര്‍ത്തലയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അഖില്‍ സമാന രീതിയില്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിരവധി തട്ടിപ്പ് നടത്തിയിട്ടുള്ളതായി  പോലീസ് പറഞ്ഞു.

എസ്.ഐ ടോള്‍സണ്‍ പി. ജോസഫ്, എ.എസ്.ഐ .പ്രദീപ്കുമാര്‍, സി.പി.ഒമാരായ സിദ്ധിക്ക്, ബിബിന്‍ദാസ്, ചേര്‍ത്തല ഡിവൈ.എസ്.പി സ്‌ക്വാഡിലെ സി.പി.ഒമാരായ അരുണ്‍ കുമാര്‍, പ്രബീഷ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment