Advertisment

ശബരിമലയിലേക്ക് സമരത്തിന് റിക്രൂട്ടിങ്; ബി.ജെ.പി സര്‍ക്കുലറില്‍ എന്താണ് അപാകതയെന്ന് എ.എന്‍ രാധാകൃഷ്ണന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

Advertisment

ബി.ജെ.പി ഇറക്കിയതാണെന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന സര്‍ക്കുലറില്‍ എന്താണ് അപാകതയെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. സര്‍ക്കുലറിനെ കുറിച്ച് കോടതിയില്‍ മറുപടി പറഞ്ഞു കൊള്ളാമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പിണറായി വിജയനെ രക്ഷിക്കാന്‍ ക്വട്ടേഷന്‍ എടുത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ മനോരമയും ഏഷ്യാനെറ്റും മത്സരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് പിണറായി വിജയനുമായി ധാരണയുണ്ടോയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഏഷ്യാനെറ്റിനെ കൈരളിയേക്കാള്‍ പേടിയാണ്. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്ത എ.ജി കമ്മ്യൂണിസ്റ്റുകാരനാണ്. പിണറായി വിജയനും പൊലീസും തങ്ങളെ തല്ലിക്കൊല്ലുമ്പോള്‍ സി.പി.ഐ.എം ഫ്രാക്ഷനിലുള്ള മാധ്യമപ്രവര്‍ത്തകര്‍ വ്യാജപ്രചരണം നടത്തുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ശബരിമലയിലുള്ളത് പതിനഞ്ചായിരത്തോളം കമ്മ്യൂണിസ്റ്റുകാരായ പൊലീസുകാരാണ്. ഇപ്പോഴത്തെ എസ്.പിയെ കാര്‍ഗിലില്‍ അയക്കണം. പാകിസ്താന്‍കാര്‍ വന്നത് പോലെയാണ് അയ്യപ്പന്മാരെ കൈകാര്യം ചെയ്യുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഹോമിയോ ഗുളിക കഴിക്കുന്നത് പോലെ സര്‍ക്കുലറിനെ കുറിച്ച് ചോദിക്കേണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. പല സര്‍ക്കുലറും അയക്കാറുണ്ടെന്നും പി. മോഹനന്‍ മാസ്റ്ററുടെ മകനെയും ഭാര്യയും സംഘപരിവാര്‍ അക്രമിച്ചിട്ടില്ലെന്നും സി.പി.ഐ.എം അനുകൂലികളായ മാധ്യമപ്രവര്‍ത്തകരാണ് പ്രചരണം നടത്തുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisment