Advertisment

 ആര്‍എസ്എസ്സിന്റെ പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാനാണ് എന്‍എസ്എസിന്റെ ശ്രമം; ഇത് സമുദായത്തിലെ പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും താത്പര്യങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് മനസ്സിലാക്കണം; ജി സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി എ വിജയരാഘവന്‍

New Update

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ദേശാഭിമാനി ലേഖനത്തില്‍ വിമര്‍ശനമുന്നയിച്ച് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍.

Advertisment

publive-image

തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ എടുത്ത നിലപാട് തിരുത്തിക്കുന്ന സമീപനം സമുദായത്തില്‍ നിന്ന് ഉണ്ടാകും. ജാതിമത സംഘടനകളുടെ അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ എല്‍ഡിഎഫ് തയ്യാറാകില്ല. സമുദായ സംഘടനകള്‍ അവരുടെ പരിധിക്കകത്ത് നിന്ന് പ്രവര്‍ത്തിക്കട്ടെയെന്നും വിജയരാഘവന്‍ ലേഖനത്തില്‍ പറയുന്നു.

നായര്‍ സമുദായത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എടുത്ത നിലപാടുകളും വോട്ടെടുപ്പ് ദിവസം രാവിലെ നടത്തിയ പ്രതികരണവും വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. സമുദായ സംഘടനകളോട് ശത്രുതാപരമായ നിലപാട് ഒരുകാലത്തും സിപിഐഎം സ്വീകരിച്ചിട്ടില്ലെന്ന് ആ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കുകയുണ്ടായി.

അവരോട് ഏറ്റുമുട്ടുക എന്നത് സിപിഐഎമ്മിന്റെ നയമല്ല. എന്നാല്‍ സുകുമാരന്‍ നായരുടെ അതിരുവിട്ട പ്രതികരണങ്ങള്‍ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമായിരുന്നുവെന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സമുദായം അതൊന്നും അംഗീകരിക്കില്ലെന്നും അന്നേ വ്യക്തമാക്കിയതാണ്.

ബിജെപി മുന്നോട്ടുവെയ്ക്കുന്ന വര്‍ഗീയ ധ്രൂവീകരണവും സാമ്പത്തിക പരിഷ്‌കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് എന്‍എസ്എസിനെപ്പോലുള്ള സമുദായ സംഘടനകള്‍ നോക്കുന്നില്ല.

ആര്‍എസ്എസിന്റെ തീവ്രഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവത്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാന്‍ സമുദായ സംഘടനകള്‍ ശ്രമിക്കുന്നത്, അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടയും താത്പര്യത്തിന് എതിരായിരിക്കുമെന്ന് സുകുമാരന്‍ നായരെപ്പോലുള്ള നേതാക്കള്‍ മനസ്സിലാക്കണം.

എൻഎസ്എസുമായി ഏറ്റുമുട്ടാൻ താൽപ്പര്യമില്ലെന്ന് നേരത്തേ പറഞ്ഞുവല്ലോ. സർക്കാരിനുമുമ്പിൽ എൻഎസ്എസ് ഉന്നയിച്ച ആവശ്യങ്ങളും പരാതികളും അനുഭാവപൂർവം പരിഗണിക്കുകയാണുണ്ടായത്. ഇതു പറയുമ്പോൾ ഒരു കാര്യം വ്യക്തമാക്കണം. ഒരു ജാതി–-മത സംഘടനയുടെയും അനാവശ്യ സമ്മർദത്തിന് വഴങ്ങാൻ എൽഡിഎഫ് സർക്കാർ തയ്യാറായിരുന്നില്ല. തുടർന്നും അതുതന്നെയായിരിക്കും നിലപാട്. സമുദായ സംഘടനകൾ അവരുടെ പരിധിയിൽനിന്ന് പ്രവർത്തിക്കട്ടെ, പരിധി വിടുമ്പോഴേ പ്രശ്നമുള്ളൂ.

അടുത്ത കാലം വരെ എന്‍എസ്എസ് സ്വീകരിച്ചിരുന്ന സമദൂരം എന്നതുവിട്ട് ഇടതുപക്ഷ വിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിന്റെ കൂടെ ചേരാന്‍ എന്‍എസ്എസിന് കഴിയില്ലെന്നാണ് കരുതുന്നത്. കാരണം, സ്വന്തം സമുദായത്തിലെ പാവപ്പെട്ടവരും സാധാരണക്കാരും അത് അംഗീകരിക്കില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ സുകുമാരന്‍ നായര്‍ എടുത്ത നിലപാടിനൊപ്പം നായര്‍ സമുദായം ഉണ്ടാകില്ലെന്ന് വോട്ടെണ്ണുമ്പോള്‍ വ്യക്തമാകുമെന്ന് പറഞ്ഞത്.

നിയമസഭാതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എന്‍എസ്എസ് സ്വീകരിച്ച തെറ്റായ നിലപാടുകള്‍ തിരുത്തിക്കുന്ന സമീപനമായിരിക്കും ആ സമുദായത്തില്‍ നിന്നുണ്ടാകുക എന്നത് ഉറപ്പാണെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

a vijayaraghavan
Advertisment