Advertisment

പരീക്ഷാ ഹാളിലെ മൂന്നാമത്തെ ബഞ്ചിന്റെ ഒരു ഭാഗം ശൂന്യം, എസ്എസ്എൽസി പരീക്ഷയ്ക്ക് അഭിമന്യു മാത്രം എത്തിയില്ല; കാശിനാഥ് എസ്എസ്എൽസി പരീക്ഷയെഴുതിയത് സുഹൃത്തിന്റെ മരണം അറിയാതെ ! അനുജന്റെ വേർപാട് കണ്ട ആഘാതത്തിൽ അനന്തു, ഭാര്യയ്ക്ക് പിന്നാലെ മകനെയും നഷ്ടപ്പെട്ട വേദനയില്‍ അമ്പിളി കുമാര്‍

New Update

വള്ളികുന്നം : പരീക്ഷയെഴുതാൻ അഭിമന്യു മാത്രം എത്തിയില്ല. വള്ളികുന്നം അമൃത ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷാ ഹാളിലെ മൂന്നാമത്തെ ബഞ്ചിന്റെ ഒരു ഭാഗം ഇന്നലെ ശൂന്യമായിക്കിടന്നതു സഹപാഠികൾക്കും അധ്യാപകർക്കും നൊമ്പരമായി. അധ്യാപകരുടെ മനസിൽ ഇടം നേടിയ വിദ്യാർഥിയായിരുന്നു അഭിമന്യു. പഠനത്തിൽ മോശമല്ലായിരുന്നു അഭിമന്യുവെന്നു പ്രധാന അധ്യാപിക വി.സുനീത പറഞ്ഞു.

Advertisment

publive-image

കൂട്ടുകാരന്റെ വേർപാട് അറിയാതെയാണു കാശിനാഥ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. അഭിമന്യുവിനോടൊപ്പം കാശിനാഥിനും ആക്രമണത്തിൽ സാരമായി പരുക്കേറ്റിരുന്നു. അഭിമന്യു പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ് എന്നു മാത്രമായിരുന്നു പറഞ്ഞത്.

ഇടതുകൈയിലെ പരുക്കുമായാണു കാശിനാഥ് ആശുപത്രിയിൽ നിന്ന് പരീക്ഷാ ഹാളിലേക്ക് എത്തിയത്. ഇന്നലെ ആശുപത്രിയിൽ നിന്നു പിതാവിനൊപ്പമാണു സ്കൂളിലെത്തിയത്. പരീക്ഷയ്ക്കു ശേഷമാണ് അഭിമന്യു മരിച്ച വിവരം കാശിനാഥ് അറിഞ്ഞത്. പരീക്ഷയ്ക്കു ശേഷം തിരികെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭാര്യ മരിച്ചതിനു ശേഷം മക്കൾക്കു താങ്ങും തണലുമായി നിന്ന അമ്പിളികുമാറിനു ഇളയ മകൻ അഭിമന്യുവിന്റെ വേർപാട് തീരാനൊമ്പരമായി. വർഷങ്ങളായി വിദേശത്തായിരുന്ന അമ്പിളികുമാർ ഭാര്യ ബീനയുടെ ചികിത്സയ്ക്കായി 2 വർഷം മുൻപാണ് നാട്ടിലെത്തിയത്. കാൻസർ ബാധിതയായിരുന്നു ബീന.

വീടു പുതുക്കിപ്പണിതതും രണ്ടുവർഷം മുൻപാണ്. എന്നാൽ പുതിയ വീട്ടിലേക്കു വിരുന്നെത്തിയതു സങ്കടങ്ങളാണ്. ഒരു വർഷം മുൻപ് ബീന മരിച്ചു. തുടർന്നു മക്കൾക്കൊപ്പം കഴിയാൻ, വിദേശത്തെ ജോലി ഉപേക്ഷിച്ച് അമ്പിളി ഓട്ടോറിക്ഷാ ഡ്രൈവറായി. അഭിമന്യുവിനെയും നഷ്ടമായതോടെ ആകെ തകർന്നിരിക്കുകയാണ് അമ്പിളികുമാർ .

അനുജന്റെ വേർപാടു നേരിട്ടുകണ്ട ആഘാതത്തിൽ നിന്നു കരകയറാനാവാത്ത സ്ഥിതിയിലാണ് അഭിമന്യുവിന്റെ സഹോദരൻ അനന്തു. സംഘർഷത്തിനിടെ അഭിമന്യുവിന്റെ ഒപ്പമുണ്ടായിരുന്ന അനന്തു ഇതുവരെ സാധാരണനില വീണ്ടെടുത്തിട്ടില്ല.

അനന്തുവിനൊപ്പം ഉത്സവപ്പറമ്പിൽ നിൽക്കുമ്പോഴാണു സംഘർഷമുണ്ടായതും അഭിമന്യുവിനു കുത്തേറ്റതും. കൺമുന്നിൽ സഹോദരനെയും സുഹൃത്തുക്കളെയും കുത്തി വീഴ്ത്തുന്നതു കണ്ട ആഘാതത്തിൽ അബോധാവസ്ഥയിലായ അനന്തുവിനെ വീട്ടിൽ നിന്നു തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് മാറ്റി.

abhimanyu murder
Advertisment