Advertisment

രാത്രിയില്‍ വന്‍ശബ്ദം കേട്ടാണ് ഓടിയെത്തിയത് ; വന്നപ്പോള്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു ; ലോറിയില്‍ ഇടിച്ചു തകര്‍ന്ന കാര്‍, നിറയെ പുക ; വെമ്പള്ളി അപകടത്തെ കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ..

New Update

വെമ്പള്ളി : വെമ്പള്ളിയിൽ അപകടം അറിഞ്ഞ് ആദ്യം സ്ഥലത്ത് എത്തിയ സാബുവും മാത്യുവും പറയുന്നു രാത്രിയിൽ വൻ ശബ്ദം കേട്ടാണു ഓടിയെത്തിയത്. വന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ലോറിയിൽ ഇടിച്ചു തകർന്ന കാർ. നിറയെ പുക. എന്തു ചെയ്യണമെന്നു അറിയില്ല. സമീപവാസികളായി ചിലർ കൂടിയെത്തി ഉടൻ പൊലീസ് സ്റ്റേഷനിൽ വിളിച്ചു. പട്ടിത്താനം ഭാഗത്തു പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് വാഹനം വേഗം എത്തി ഇതിനിടെ വാഹനത്തിൽ കുരുങ്ങിയവരെ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചു.

Advertisment

publive-image

5 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണു 5 പേരെയും പുറത്തെടുത്തത്. ആദ്യം 3 പേരുടെ ശരീരമേ പുറത്തെടുക്കാൻ കഴിഞ്ഞുള്ളൂ. ഇതിനിടെ അഗ്നിരക്ഷാ സേനയും എത്തി. എംസി റോഡിൽ ഗതാഗതം മുടങ്ങിയതോടെ രാത്രിയിൽ വാഹനങ്ങളുടെ നിരയായിരുന്നു. അത് കുറവിലങ്ങാടിന് അപ്പുറം വരെ നീണ്ടു. വഴിയിൽ നിറയെ ചോരയും വാഹന അവശിഷ്ടങ്ങളുമായിരുന്നു. രക്ഷാപ്രവർത്തനത്തിനു ശേഷം വഴി കഴുകി വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

പൂർണമായി തകർന്ന കാറിന്റെ ഡാഷ് ബോഡിൽ നിന്നു രണ്ട് എയർബാഗുകൾ പുറത്തേക്കു വന്നിരുന്നു. അവ പ്രയോജനപ്പെട്ടില്ലെന്നു മാത്രം. അപകടത്തിന്റെ തീവ്രത മനസിലാക്കാൻ കാറിന്റെ ദൃശ്യം മാത്രം മതി. മുൻഭാഗം മുതൽ പിൻഭാഗം വരെ ഇടിയിൽ തകർന്നു. സ്പീഡോമീറ്റർ 80 കിലോമീറ്റർ സ്പീഡിൽ നിശ്ചലമായ നിലയിലാണ്. സീറ്റുകളും മറ്റും ഞെരുങ്ങിത്തകർന്നു കിടക്കുന്നു.

കാറിന്റെ മേൽഭാഗവും ബോണറ്റും തകർന്നു. തകർന്ന രണ്ടു ഡോറുകൾ പുറത്തേക്കു തെറിച്ചു വന്നിരുന്നു. ഇടിയിൽ ലോറിയുടെ ബംപർ അടക്കം തകർന്നു. റോഡിൽ കാർ ഉരഞ്ഞ പാടുകളും കാണാം.

Advertisment