Advertisment

മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികൾ കോടതിയിൽ ഹാജരായില്ല

New Update

തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ് കേൾക്കുന്നത് കോടതി ഏപ്രിൽ 16ലേക്ക് മാറ്റി. മുഖ്യ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയിൽ ഹാജരായില്ല.

Advertisment

publive-image

വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി പ്രതികൾ അഭിഭാഷകർ വഴി അവധിക്ക് അപേക്ഷ നൽകുകയായിരുന്നു. അതേ സമയം പ്രതികൾക്ക് കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ ശക്തമായ തെളിവുകളുമായി പൊലീസ് കുറ്റപത്രം പുറത്ത് വന്നിരുന്നു. അന്വേഷണം അട്ടിമറിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചു എന്നാണ് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കുന്നത്.

വാഹനം ഓടിച്ചില്ലെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ ഡോക്ടർ നിർദേശിച്ചിട്ടും പൊലീസിന്റെ കണ്ണുവെട്ടിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതിന് സഹായിച്ചത് സുഹൃത്തായ ഡോക്ടറാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നു എന്നാണ് ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി. അപകടത്തിന് ശേഷം ആദ്യമെത്തിയ ജനറൽ ആശുപത്രിയിലും തുടർന്ന് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലും രക്തപരിശോധന നടത്താൻ വിസമ്മതിച്ചു. തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നതാണ് കുറ്റപത്രം.

Advertisment