Advertisment

അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍; മുഹമ്മദ് ഹസന്‍ അഖുന്ദ് പ്രധാനമന്ത്രിയാകും; അബ്ദുല്‍ ഗനി ബരാദര്‍ ഉപപ്രധാനമന്ത്രി

New Update

publive-image

Advertisment

കാബൂള്‍: യുഎസ് സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍. മുഹമ്മദ് ഹസന്‍ അഖുന്ദ് പ്രധാനമന്ത്രിയാകും. താലിബാന്‍ നേതാവ് അബ്ദുല്‍ ഗനി ബരാദറായിരിക്കും ഉപപ്രധാനമന്ത്രി. താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ആണ് ഇക്കാര്യം അറിയിച്ചത്.

സിറാജുദ്ദീന്‍ ഹഖാനി ഇടക്കാല ആഭ്യന്തര മന്ത്രിയാകും. ആമിര്‍ഖാന്‍ മുത്തഖിയാണ് ഇടക്കാല വിദേശകാര്യമന്ത്രി. ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ് ഉപവിദേശകാര്യമന്ത്രിയാകും. മുല്ല യാക്കൂബാണ് പ്രതിരോധമന്ത്രിയെന്നും വക്താവ് കാബൂളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മറ്റ് വിവിധ മന്ത്രാലയങ്ങളുടെ മേധാവികളെ ഉടന്‍ നിയമിക്കുമെന്നും സബിഹുല്ല മുജാഹിദ് പറഞ്ഞു. എല്ലാ ഗ്രൂപ്പുകള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും മുജാഹിദ് പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ സ്വാതന്ത്ര്യം നേടിയെന്നാണ് താലിബാന്‍ വക്താവ് പറയുന്നത്. ഇനി 'അഫ്ഗാനികളുടെ ഇഷ്ടം' മാത്രമേ രാജ്യത്ത് ബാധകമാകൂവെന്നും ഇയാള്‍ പറഞ്ഞു. ഇനി ആര്‍ക്കും അഫ്ഗാനിസ്ഥാനില്‍ ഇടപെടാനാകില്ലെന്നും താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

വിവിധ രാജ്യങ്ങളുമായി താലിബാന്‍ ബന്ധപ്പെട്ടിരുന്നുവെന്നും അവരുടെ പ്രതിനിധികള്‍ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും മുജാഹിദ് പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ അറിയപ്പെടുന്നത് 'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍' എന്നാണെന്നും ഇയാള്‍ പറഞ്ഞു.

യുഎസ് സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎന്‍ ഭീകര പട്ടികയിലുള്ള താലിബാന്‍ നേതാവാണ് മുഹമ്മദ് ഹസന്‍ അഖുന്ദ്. ഇരുപത് വര്‍ഷമായി താലിബാന്‍ ഉന്നതാധികാര സഭയായ റെഹ്ബാരി ശുരയുടെ തലവനാണ്. അമേരിക്കന്‍ അധിനിവേശത്തിന് മുന്‍പത്തെ താലിബാന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

സൈനിക നേതാവ് എന്നതിലുപരി മത നേതാവ് എന്ന നിലയിലാണ് ഹസ്സന്‍ അറിയപ്പെടുന്നത്. താലിബാന്റെ മതനേതാവ് ഷെയ്ഖ് ഹിബാതുള്ള അഖുന്‍സാദയുമായി അടുത്ത ബന്ധമുള്ള നേതാവുകൂടിയാണ് എന്നത് ഹസ്സന്റെ പേരിലേക്ക് എത്താന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ട്.

പാശ്ചാത്യരോടും മുജാഹിദിനുകളോടും ഒരുപോലെ അകലം പാലിക്കുന്ന ഹസ്സന്‍, പാകിസ്ഥാനില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. പൊതു വേദികളില്‍ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഹസ്സന്‍, 2010ല്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Afghanistan
Advertisment