Advertisment

കേരളത്തിനനുയോജ്യം ആകാശ ടാക്സികൾ! സിൽവർലൈൻ അപ്രായോഗികമൊ?

New Update

publive-image

Advertisment

(വികസന കാംക്ഷികളെന്നവകാശപ്പെടുന്നവർ എന്തുകൊണ്ട് 'കോഴിക്കോട് എയർപോർട്ട്' വികസനത്തിനായി കേവലം 95 ഏക്കർ ഭൂമി ഏറ്റെടുക്കുന്നില്ല? ഇടതു സർക്കാരിന്റെ രണ്ടാമൂഴത്തിലെങ്കിലും മലബാറുകാരോട് നീതിപുലർത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇപ്പോഴിതാ നിലവിലുള്ള റൺവേയുടെ നീളം 2860-മീറ്ററിൽ നിന്നും വെട്ടിമാറ്റി 2560 ആക്കി “റെസയുടെ” വലുപ്പം വർധിപ്പിക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ നീക്കം തുടങ്ങിയിരിക്കുന്നു.

രണ്ടുപതിറ്റാണ്ടിലേറെയായ മലബാറുകാരുടെ കരച്ചിൽ കാണാനോ യഥാസമയം 95 ഏക്കർ ഭൂമി ഏറ്റെടുത്തുകൊടുക്കാനോ സൗമനസ്യം കാണിക്കാത്തവർ 'സിൽവർലൈൻ' പദ്ധതിക്കുവേണ്ടി നാടാകെ ആയിരക്കണക്കിന് ഏക്കർ ഭൂമി ഏറ്റെടുക്കാൻ പോവുന്നു. ഇനിയൊരിക്കലൂം വലിയ വിമാനങ്ങൾ കോഴിക്കോട്ടിറക്കരുതെന്ന വാശി ആരുടേതാണ്? മലബാറിന്റെ കവാടമായ കോഴിക്കോട് എയർപോർട്ടിന്റെ വാതായനങ്ങൾ എന്നെന്നേക്കുമായി കൊട്ടിയടക്കലാണോ കൊട്ടിഘോഷിക്കുന്ന വികസന മാതൃക! )

publive-image

(പറക്കുന്ന വാഹനങ്ങൾ)

കേരളത്തിലെ സാധാരണക്കാർക്ക് പ്രാപ്യമല്ലാത്തതാണ് സിൽവർ ലൈനും എയർ ടാക്സി സർവീസുകളും, എങ്കിൽ തമ്മിൽ ഭേദം എയർ ടാക്സിയല്ലേ (പറക്കുന്ന കാറുകൾ) എന്ന് എന്തുകൊണ്ട് ചിന്തിച്ചുകൂടാ? മുമ്പൊരിക്കൽ “കേരളാ എയർ” വിമാന കമ്പനിക്ക് കോപ്പുകൂട്ടിയെങ്കിലും അത് നടക്കാതെപോയി. അന്ന് സാധാരണക്കാരന്റെ മനസ്സിൽ ചോദിച്ച ചോദ്യം ഇന്നും പ്രസക്തമാണ്.

“നാളിതുവരെ ഒരു കെ.എസ്.ആർ.ടി.സി. ബസ് സർവീസ് നേരെ ചൊവ്വേ നടത്തി കൊണ്ടുപോവാൻ വയ്യാത്ത സർക്കാരാണോ ഒരു വിമാനകമ്പനിക്കായി മുറവിളി കൂട്ടുന്നതെന്ന്.” ഇപ്പോഴും അതെ ചോദ്യം കേരളത്തിലെ സാധാരണക്കാരൻ സിൽവർലൈൻ പദ്ധതിയുടെ ശബ്ദമുയരുമ്പോൾ അറിയാതെ ചോദിച്ചുപോവുന്നെങ്കിൽ അവരെ തെറ്റുപറയാൻ പറ്റില്ല.

തിരുവനന്തപുരം മുതൽ കാസർകോഡ് വരെ പത്തു സ്റ്റേഷനുകളിൽ മാത്രം സർവീസ് നടത്താനുദ്ദേശിക്കുന്ന ഈ സെമി ഹൈ സ്പീഡ് റയിൽ 200 കിലോമീറ്റർ വേഗത്തിലോടിയാൽ 4 മണിക്കൂറുകൊണ്ട് തിരുവന്തപുരത്തു നിന്നും കാസർകോഡ് എത്തിച്ചേരുമെന്നു കെ.റെയിൽ അധികൃതർ അവകാശപ്പെടുന്നു.

നിലവിൽ ഇന്ത്യയിൽ വന്ദേഭാരത് എക്സ്പ്രസ്സ് മാത്രമാണ് 180 കിലോമീറ്റർ സ്പീഡിൽ ഓടുന്ന ഒരേയൊരു വണ്ടി. ഗാറ്റിമാൻ എക്സ്പ്രസ്സിന്റെ വാഗതയാവട്ടെ 160 കിലോമീറ്ററാണ്. ബോംബെ-അഹ്മദാബാദ് റൂട്ടിൽ 200-300 കിലോമീറ്ററിൽ വേഗതയിലുള്ള ഹൈസ്പീഡ് റയിലിന്റെ പണി പുരോഗമിക്കുകയാണ്. 2028-ൽ ഓടിത്തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു.

നാം എത്ര പുറകിൽ:

ആധുനിക സാങ്കേതിക വിദ്യയിലും റോഡ്-റെയിൽ ഗതാഗത സൗകര്യങ്ങളിലും ഇന്ത്യ ഇപ്പോഴും ഒന്നാംകിട രാജ്യങ്ങളെ അപേക്ഷിച്ചു അമ്പതു വർഷം പുറകിലാണെന്ന കാര്യത്തിൽ സംശയമില്ല. വൈകിയെങ്കിലും പാശ്ചാത്യരെയും ഇതര രാജ്യങ്ങളെയും അനുകരിച്ചുകൊണ്ട് ഇത്തരം അതിവേഗ സൗകര്യങ്ങൾ ഇന്ത്യയിലെ സാധാരണക്കാരനിലേക്കു എത്തുമ്പോഴേക്കും ലോകത്തിന്റെ മറ്റൊരറ്റത്ത് ഇതിനേക്കാൾ നൂതനമായ കണ്ടുപിടുത്തങ്ങൾ അവിടുത്തുകാർ ഉപയോഗിച്ചു തുടങ്ങും.

യൂറോപ്പ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിച്ചത് 1980-കളിലാണ്. രണ്ടുമുതൽ അഞ്ചുമണിക്കൂർകൊണ്ട് ഒരു സിറ്റിയിൽ നിന്നും മറ്റൊരു സിറ്റിയിലെത്തിച്ചേരാൻ 400-450 കി.മി സ്പീഡിൽ ഓടുന്ന ഇത്തരം വാഹനങ്ങൾ ഇന്നും ഇന്ത്യയിൽ വരാനിരിക്കുന്നതേയുള്ളൂ. അവരാണെങ്കിൽ ബുള്ളറ്റ് ട്രെയ്നിനെക്കാൾ വേഗതിയിലുള്ള മറ്റു സംവിധാനങ്ങൾ പ്രാവർത്തികമാക്കാൻ തിടുക്കം കൂട്ടുകയാണ്.

publive-image

(ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ)

ഹൈപ്പർലൂപ് ട്യൂബ്

2013-ൽ എലോൺ മസ്ക് എന്ന ആധുനിക കച്ചവട സംരംഭകൻ സ്വപനം കണ്ട പദ്ധതിയാണ് “ഹൈപ്പർ ലൂപ്പ്” യാത്രാ സൗകര്യങ്ങൾ. 2020-ൽ ഇതിന്റെ ആദ്യ പരീക്ഷണ യാത്ര വെർജീനിയിൽ നടത്തിയിരുന്നു. വിമാനയാത്രയേക്കാൾ സൂരക്ഷിതത്വം ഉറപ്പുനൽകുന്ന ട്യൂബിലൂടെയുള്ള യാത്രയുടെ സ്പീഡ് മണിക്കൂറിൽ 760 കിലോമീറ്ററാണ്.

614 കിലോമീറ്റർ ദൂരമുള്ള അമേരിക്കയിലെ ലോസ്ഏഞ്ചലിസിൽ നിന്നും സാൻഫ്രാൻസിസ്കോയിലെത്താൻ ഹൈപർലൂപ്പിനു് കേവലം 45 മിനുട്ടുമാത്രം. അതെ സമയം നോൺ സ്റ്റോപ്പ് വിമാനയാത്രക്കുള്ള സമയമാവട്ടെ ഒരുമണിക്കൂറും മുപ്പതു മിനുട്ടും. വിമാനത്തേക്കാൾ സ്പീഡ് ഹൈപ്പർലൂപ്പിനുണ്ടെന്നർത്ഥം.

2030-തോടുകൂടി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഇത്തരം ട്യൂബ് ട്രെയിൻ കൊണ്ടുവരാനാണ് ഹൈപ്പർലൂപ് ട്രാൻസ്പോർറ്റേഷൻ ടെക്നോളോജിസ് കമ്പനിയുടെ ശ്രമം. ദുബായ്-അബുദാബി റൂട്ടിൽ ഹൈപ്പർലൂപ് ഓടിയെത്താനെടുക്കുന്ന സമയം 12 മിനുട്ടായിരിക്കും. 2030-നു മുമ്പേ ദുബായ് ഈ ഹൈപ്പർലൂപ് കൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

publive-image

(ഭാവിയിൽ അതിവേഗ യാത്രക്ക് തയ്യാറെടുക്കുന്ന ഹൈപ്പർലൂപ്പ് )

സിൽവർലൈനിനു പകരം എയർ ടാക്സി:

publive-image

(എയർ ടാക്സി ആകാശ നീലിമയിൽ)

വിദേശരാജ്യങ്ങളിൽ 760 കി.മീ സ്പീഡിൽ യാത്രചെയ്യാനുള്ള അതിനൂതന സംവിധാനങ്ങൾ തയ്യാറാവുമ്പോൾ അവരിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ നമ്മൾ അരനൂറ്റാണ്ടിനുശേഷം കൊണ്ടുവരുന്നത് വിരോധാഭാസമായി മാറുന്നെങ്കിൽ അതിനുത്തരവാദികൾ നമ്മുടെ ഭരണകർത്താക്കൾ തന്നെയാണ്. അവരുടെ ദീർഘവീക്ഷണമില്ലായ്മയും കഴിവുകേടുളുമാണ് വികസന പരാജയത്തിന് കാരണം. സ്വാതന്ത്രത്തിന്റെ 75-ആം വയസ്സിലും രാക്ഷ്ട്രീയക്കാരുടെ വികസന കാഴ്ചപ്പാടിൽ കാതലായ മാറ്റങ്ങൾ വന്നിട്ടില്ല. സുസ്ഥിര വികസന മാതൃകകൾ അവർക്കിന്നും അന്യമാണ്. പിടിവാശിയും അറിവില്ലായ്മയുമാണ് അവരെ ഭരിക്കുന്ന മുഖ്യഘടകം.

കെ.റെയിലിനു പകരം പറക്കുന്ന വാഹനങ്ങൾ:

കെ.റെയിൽ പദ്ധതി പൂർത്തിയാകുമ്പോഴേക്കും ഏകദേശം ഒന്നേകാൽ ലക്ഷം കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ പതിനായിരങ്ങളെ കുടിയൊഴിപ്പിക്കൽ പ്രക്രിയ വേറെയും. കുന്നും മലയും നിരത്തി ആവശ്യമായ കരിങ്കല്ലും മണ്ണും കൊണ്ടുവരുമ്പോഴുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നം മറ്റൊരു ഭാഗത്തും. ഇത്രയും ചെലവിൽ നിർമിക്കുന്ന പദ്ധതിയിൽ നിന്നും ലഭിക്കാവുന്ന വരുമാനമോ വളരെ തുച്ഛവും. പലേടത്തുനിന്നും കടം വാങ്ങി ഇത്ര ദൃതിപിടിച്ചു എന്തിനീ പദ്ധതിയെന്ന ചോദ്യം നാനാ ഭാഗത്തുനിന്നുയരുമ്പോഴും “എന്ത് വിലകൊടുത്തും സിൽവർലൈൻ നടപ്പിൽ വരുത്തുമെന്ന് സർക്കാർ വാശിപിടിക്കുന്നതെന്നിന്?”

കേരളത്തിന്റെ ഭൂമി ഇത്തരം പദ്ധതികൾക്ക് അനുയോജ്യമല്ലെങ്കിൽ എന്തുകൊണ്ട് മറ്റൊരു സംവിധാനത്തെക്കുറിച്ചു സർക്കാരിന് ആലോചിച്ചുകൂടാ? സിൽവർലൈൻ പദ്ധതിക്ക് ചെലവാകുന്നതിന്റെ പത്തിൽ ഒരംശം ചെലവാക്കിയാൽ “ആകാശ ടാക്സികൾ“ (എയർ ടാക്സി) പറപ്പിക്കാവുന്നതാണ്. നോൺ ഷ്ഡ്യൂൾ ഓപ്പറേഷൻ ലൈസൻസ് (എൻ.സ്.ഓ.പി) ഇപ്പോൾത്തന്നെ സിവിൽ ഏവിയേഷൻ നൽകുന്നുണ്ട്. ആവശ്യമെങ്കിൽ ഷെഡ്യൂൾ ഓപ്പറേഷൻ ലൈസൻസും നേടിയെടുക്കാവുന്നതാണ്.

നിലവിലുള്ള തിരുവന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകൾ കൂടാതെ നീളം കുറഞ്ഞ റൺവേകൾ മറ്റിടങ്ങളിലും നിർമ്മിക്കാവുന്നതാണ്. മിനി എയർപോർട്ട് സംവിധാനമോ, ഹെലിപ്പാഡുകളോ, വെർട്ടിപാടുകളോ (Vertipad), എയർസ്ട്രിപ്പുകളോ നിർമ്മിക്കാൻ ഓരോ ജില്ലയിലും രണ്ടോമൂന്നോ ഏക്കർ സ്ഥലം മതിയാവും. ഇവിടങ്ങളിൽ ആവശ്യമായ വേർട്ടീക്കൽ ലാൻഡിംഗ് ആൻഡ് ടേക്ക്ഓഫ് സംവിധാനവും കെട്ടിടങ്ങളും പാർക്കിങ് സൗകര്യങ്ങളും, ബാറ്ററി-ഇന്ധനവും സംജ്ജീകരിക്കാവുന്നതാണ്.

കുടിയൊഴിപ്പിക്കലോ, പാരിസ്ഥിതിക പ്രശനങ്ങളോ എതിർപ്പുകളോ സമരങ്ങളോ ഇല്ലാതെ ജനോപകാരപ്രദമായ രീതിയിൽ ഇവ നിർമ്മിക്കാനായാൽ ചെലവും ഏറെ കുറഞ്ഞുകിട്ടും. ലോകത്തു പലയിടത്തും വളരെക്കാലമായി എയർ ടാക്സികൾ എയർസ്ട്രിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്. വെർട്ടിബേസ് സംവിധാനം ഭൂമിയിൽ മാത്രമല്ല വലിയ കെട്ടിടത്തിന് മുകളിലും എലിവേറ്റഡ് രീതിയിലും ഒരുക്കാവുന്നതാണ്. ഇന്ധനത്തിന് പകരം ഇലക്ട്രിക്ക് എയർ ടാക്സികൾ “നാസ” സംവിധാനം ചെയ്തു കഴിഞ്ഞു. അവ ആകാശ പാതയിലേക്കെത്തുന്ന കാലം വിദൂരമല്ല.

പറക്കുന്ന ഇലക്ട്രിക്ക് കാറുകൾ:

സാങ്കേതികവിദ്യ അതിവേഗം വളരുകയാണ്. പറക്കുന്ന ആകാശ കാറുകളുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടിവരില്ല. നിരത്തുകളിലെ അവസാനിക്കാത്ത ട്രാഫിക് ജാമിന് അവധികൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ടൊയോട്ട, യൂബർ, ഹ്യുണ്ടായി, എയർബസ്, ബോയിങ് കമ്പനികൾ ആകാശത്തിലൂടെ പറക്കുന്ന കാറുകൾക്ക് രൂപം കൊടുത്തു കഴിഞ്ഞു.

മണിക്കൂറിൽ 180-200 കിലോമീറ്റർ സ്പീഡിൽ 2000 അടി ആൾറ്റിറ്റൂഡിൽ പറക്കാവുന്ന ജെറ്റ് എൻജിൻ ഘടിപ്പിച്ച കാറുകൾ ആകാശത്തിൽ പറക്കാനിനി ഒന്നൊന്നര വർഷം കാത്തിരുന്നാൽ മതി. കേരളം ഇപ്പോൾത്തന്നെ ശ്രമമാരംഭിച്ചാൽ 2024-ൽ തന്നെ പറക്കുന്ന ടാക്സിയിൽ യാത്ര ചെയ്യാം. അമേരിക്കയിൽ എയർ ടാക്സികൾക്ക് ഒരു യാത്രക്കാരൻ ഒരു മൈലിനു നൽകേണ്ട ഏറ്റവും ഉയർന്ന നിരക്ക് രണ്ടര ഡോളറാറാണ്.

publive-image

(കെട്ടിടത്തുതിനു മുകളിൽ ഇറങ്ങുന്ന എയർ ടാക്സി)

വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (VTOL) സംവിധാനത്തിലാണ് കാറുകൾക്ക് രൂപ കല്പന ചെയ്തിരിക്കുന്നത്. സാധാരണ വിമാനത്തിന്റെ പ്രൊപ്പല്ലറിന് പകരം റോട്ടോസ് ഘടിപ്പിച്ചായിരിക്കും കാറുകൾ പറക്കുക. 394 ദശലക്ഷം ഡോളർ ടൊയോട്ട സിലിക്കൺ വാലിയിലെ ജോബി ഏവിയേഷനിൽ ഇൻവെസ്റ്റ് ചെയ്തുകഴിഞ്ഞു. 2023-ൽ തന്നെ ടൊയോട്ടയുടെ ഇലക്ട്രിക് എയർ ടാക്സി സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് ജോബി ഏവിയേഷൻ അവകാശപ്പെടുന്നത്.

ജോബി ഏവിയേഷനെ കൂടാതെ ലീലിയൂമും, വോളോ കോപ്റ്ററും എയർ ടാക്സി നിർമ്മിക്കാനായി രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കയിലെ അർച്ചർ ഏവിയേഷനായിരിക്കും ആദ്യഘട്ടത്തിൽ എയർ ടാക്സി ഓപ്പറേറ്റ് ചെയ്യാനുള്ള അനുമതി ലഭിക്കുക.

കൂടാതെ 150 ഓളം സ്റ്റാർട്ടപ്പ് കമ്പനികളും രംഗത്തുണ്ട്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗാൻസേഷനും (ICAO) അവരുടെ സംങ്കേതിക വിഭാഗമായ സ്റ്റാൻഡേർഡ് ആൻഡ് റെക്കമെൻഡഡ് പ്രാക്ടീസസും (SARPs) നിജപ്പെടുത്തിയതനുസരിച്ചു ചുരുങ്ങിയത് H1 ഹെലികോപ്റ്ററിനു 15 മീറ്റർ വിസ്തൃതിയും H2 24 മീറ്ററും H3 വിഭാഗത്തിന് 24 മുതൽ 35 മീറ്റർ വരെ വിസ്തൃതിയും മതിയാവും. ഇത്തരം പാടുകൾ കേരളത്തിൽ എവിടെ വേണമെങ്കിലും എളുപ്പത്തിൽ നിർമ്മിക്കാവുന്നതാണ്.

എയർ ടാക്സികൾ വ്യാപകമാവുന്നതോടെ നിരത്തിലെ തിരക്കുകൾ കുറക്കാനും വാഹന അപകട മരണങ്ങൾ ഇല്ലാതാക്കാനും കഴിയും. കേരള സർക്കാർ ഇപ്പോൾ വിഭാവനം ചെയ്ത കാസർകോഡ്-തിരുവനന്തപുരം സിൽവർലൈൻ 4 മണിക്കൂർ ഓട്ടം ഒരു പക്ഷെ അതിലും കുറവ് സമയംകൊണ്ട് പറന്നെത്താവുന്ന സംവിധനമല്ലേ നമ്മുടെ ചിന്തകളിൽ ഉണ്ടാവേണ്ടത്. അല്ലാതെ വിദേശരാജ്യങ്ങളിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന സെമി-സ്പീഡ് ട്രെയിൻ വേണമെന്ന വാശി കേരളത്തിലെ ഭാവി തലമുറയെ കടക്കെണിയിൽ ചെന്നെത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

publive-image

(ജോബി ഏവിയേഷൻ രൂപകൽപന ചെയ്ത ടൊയോട്ടയുടെ ഇലക്ട്രിക്ക് എയർ ടാക്സി)

എയർ ആംബുലൻസ്:

ഇന്ത്യക്കു സ്വാതന്ത്രം കിട്ടിയിട്ട് 75 വർഷത്തിലെത്തിയിട്ടും നമ്മുടെ പൊതുമേഖലയിൽ മെഡിക്കൽ എയർ ആംബുലൻസിന്റെ കുറവുകൾ നികത്താനായിട്ടില്ല. വ്യോമസേനയുടെയോ, മിലിട്ടറിയുടെയോ എയർ ആംബുലൻസിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാം ഇന്നും ജീവിക്കുന്നത്. അടിയന്തിരാവശ്യങ്ങൾക്ക് ഇവ എത്തിച്ചേരാനുള്ള താമസംമൂലം എത്രയോ ജീവനുകൾ നഷ്ടമായിട്ടുണ്ട്. ഗോൾഡൻ ഹവറിന്റെ വില ഇന്നും നമ്മുടെ സർക്കാരിന് അറിയില്ല. റോഡപകടങ്ങളിലും, പ്രകൃതി ദുരന്തവേളയിലും എയർ ആംബുലസുകളുടെ പങ്കു അതീവ നിർണ്ണായകമാണ്.

publive-image

ഒരു മിനി ആശുപത്രിയുടെ സംവിധാനത്തോടെ വിദഗ്ദ്ധ ഡോക്ട്ടരും നേഴ്സുമായി അതിവേഗം പറന്നെത്തുന്ന ഹെംസ് (Helicoptor Emergency Medical Service-HEMS) സംവിധാനം കേരളത്തിന് അനിവാര്യമാണ്. സിൽവർലൈനിനുവേണ്ടി ശാഡ്യം പിടിക്കുന്ന സർക്കാർ ഹെംസ് പോലുള്ള ജീവൻ രക്ഷാ ഹെലികോപ്റ്ററുകൾ വാങ്ങുകയാണെങ്കിൽ ഒരു പാട് മനുഷ്യ ജീവനുകളെ രക്ഷിക്കാം. ഹൃദയം, കരൾ, കിഡ്നി മാറ്റിവെക്കൽ ശത്രക്രിയകൾക്കാവശ്യമായ അവയവങ്ങൾ താമസംവിനാ ബന്ധപ്പെട്ട ആശുപത്രികളിലെത്തിക്കാനും സാധിക്കും.

കെ.റയിലിന്റെ പത്തു സ്റ്റോപ്പുകൾ നിർമ്മിക്കുന്നതിലും ഭേദം നാലോ അഞ്ചോ എയർസ്ട്രിപ്പൊ ഹെലിപ്പാഡുകളോ വെർട്ടിപാടുകളോ നിർമ്മിച്ചാൽ ഹെംസിനും എയർ ടാക്സിക്കും ഒരുപോലെ ഉപയോഗിക്കാം. വികസനം കാംക്ഷിക്കുന്ന ഇടതു സർക്കാരിന്റെ ചിന്തകളിൽ രാക്ഷ്ട്രീയ വൈര്യം മാറ്റി നിർത്തി എയർ ടാക്സിയും ഹെംസും കൊണ്ടുവരാനുള്ള ജനസേവക പദ്ധതികൾ ഉണ്ടാവട്ടെ.

വാൽകക്ഷണം !!!

വികസന കാംക്ഷികളെന്നവകാശപ്പെടുന്നവർ എന്തുകൊണ്ട് “കോഴിക്കോട് എയർപോർട്ട്” വികസനത്തിനായി കേവലം 95 ഏക്കർ ഭൂമി ഏറ്റെടുക്കുന്നില്ല? ഇടതു സർക്കാരിന്റെ രണ്ടാമൂഴത്തിലെങ്കിലും മലബാറുകാരോട് നീതിപുലർത്തുമെന്നായിരുന്നു പ്രതീക്ഷ, എന്നാൽ ഇപ്പോഴിതാ നിലവിലുള്ള റൺവേയുടെ നീളം 2860-മീറ്ററിൽ നിന്നും വെട്ടിമാറ്റി 2560 ആക്കി “റെസയുടെ” വലുപ്പം വർധിപ്പിക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ നീക്കം തുടങ്ങിയിരിക്കുന്നു.

രണ്ടുപതിറ്റാണ്ടിലേറെയായ മലബാറുകാരുടെ കരച്ചിൽ കാണാനോ യഥാസമയം 95 ഏക്കർ ഭൂമി ഏറ്റെടുത്തുകൊടുക്കാനോ സൗമനസ്യം കാണിക്കാത്തവർ “സിൽവർലൈൻ” പദ്ധതിക്കുവേണ്ടി നാടാകെ ആയിരക്കണക്കിന് ഏക്കർ ഭൂമി ഏറ്റെടുക്കാൻ പോവുന്നു. ഇനിയൊരിക്കലൂം വലിയ വിമാനങ്ങൾ കോഴിക്കോട്ടിറക്കരുതെന്ന വാശി ആരുടേതാണ്? മലബാറിന്റെ കവാടമായ കോഴിക്കോട് എയർപോർട്ടിന്റെ വാതായനങ്ങൾ എന്നെന്നേക്കുമായി കൊട്ടിയടക്കലാണോ കൊട്ടിഘോഷിക്കുന്ന വികസന മാതൃക!

ഹസ്സൻ തിക്കോടി 9747883300 email: hassanbatha@gmail.com

Advertisment