Advertisment

ഒരു കമ്പിനിയ്ക്ക് ഞങ്ങളും വരാം നിൻ്റെ കൂടെ; മരിക്കാൻ ! മുൻ എസ്.പി അലക്സ് എം വർക്കിയുടെ "ഓർമ്മപ്പറച്ചിൽ" ശ്രദ്ധേയമാകുന്നു…

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

''ഒരു കമ്പിനിയ്ക്കു വേണ്ടി കൂട്ടുകൂടി സിനിമക്ക് പോകുന്നതോ, യാത്ര പോകുന്നതോ, ഒരുമിച്ചിരുന്നു മദ്യപിക്കുന്നതോ ഒക്കെ നാം കേട്ടിട്ടുള്ള, നാട്ടുനടപ്പുള്ള കാര്യങ്ങളാണ്‌. എന്നാൽ ഒരു കമ്പിനിയ്ക്കു വേണ്ടി കൂട്ടുകാരാരെങ്കിലും കൂടെ കൂടി ആത്മഹത്യ ചെയ്യുമോ ? എന്നാൽ അങ്ങനെയുണ്ടൊരു സംഭവം"

ശ്രോതാക്കളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ആ കഥ, അല്ല നടന്ന സംഭവം പറയുകയായിരുന്നൂ റിട്ട. എസ് പി അലക്സ് എം വർക്കി ഐപിഎസ്.

"1991-ൽ അങ്കമാലിയിലാണ് സംഭവം. ഒരു കോളജ് വിദ്യാർത്ഥിനിയുടെ റിക്കാർഡ് ബുക്കിൽ നിറയെ തെറ്റുകൾ. ക്ലാസ് മുറിയിൽ സഹപാഠികളുടെ മുന്നിൽ വെച്ച് അദ്ധ്യാപകൻ ഈ വിദ്യാർത്ഥിനിയെ കടുത്ത ഭാഷയിൽ ശകാരിച്ചു.

അപമാനവും സങ്കടവും സഹിക്കവയ്യാതെ അവൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. കോളജിൽ നിന്നു മടങ്ങവെ തൻ്റെ സന്തത സഹചാരികളായ രണ്ട് കൂട്ടുകാരികളോടും അവൾ ഈ തീരുമാനം പറഞ്ഞു.

അങ്ങനെയെങ്കിലും ഞങ്ങളും കൂടെ ഉണ്ടെന്നായി അവർ. മൂവരും റെയിൽ പാളത്തിൽ തലവെച്ചു. ട്രയിനിടിച്ച് രണ്ടു പേർ തൽക്ഷണം മരിച്ചു. ഒരാൾ ഗുരുതരമായ പരിക്കുകളോടെ പിന്നീട് രക്ഷപ്പെട്ടു. ആശുപത്രിയിൽ ഞാൻ അവളുടെ മൊഴിയെടുക്കവേയാണ് ഈ ഞെട്ടിക്കുന്ന വിവരം പോലീസും പിന്നീട് സമൂഹവും അറിയുന്നത്. " അലക്സ് എം വർക്കി പറഞ്ഞു നിർത്തുമ്പോൾ വർഷമിത്ര കഴിഞ്ഞിട്ടും ശ്രോതാക്കളും ഞെട്ടി.

"പാലാ സഫലം 55 പ്ലസ് " എന്ന സംഘടന നടത്തിയ ഓൺലൈൻ "ഓർമ്മപ്പറച്ചിൽ " പരിപാടിയിലാണ് ഈ റിട്ട. എസ് പി സർവ്വീസ് അനുഭവങ്ങൾ ഓർത്തെടുത്തത്. എന്തു തിരക്കുണ്ടെങ്കിലും മക്കളെ മനസ്സിലാക്കാൻ മാതാപിതാക്കൾ ശ്രദ്ധിച്ചേ പറ്റൂ.

കുടുംബത്തിൻ്റെ ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങളുമൊക്കെ മക്കളെ അറിയിക്കണം. ഒരു തോൽവി കൊണ്ടോ മനോവിഷമം കൊണ്ടോ തീരുന്നതല്ല ജീവിതം. ഓരോ പരാജയവും വിജയത്തിലേക്കുള്ള കുതിപ്പാണെന്ന് കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കണം. സർവ്വീസ് അനുഭവങ്ങളുടെ വെളിച്ചത്തിൽ ഈ പോലീസ് ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്നു.

തൻ്റെ മുറിയിലെ ബാത്ത് റൂമിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കയറിയ, വർഷങ്ങൾ കൂടി നാട്ടിലെത്തിയ പ്രവാസിയായ അച്ഛനെ, അച്ഛനവിടെ കയറിയതോടെ ബാത്ത് റൂം വൃത്തികേടായി എന്ന് മുഴുവൻ ബന്ധുക്കളുടെയും മുന്നിൽ വെച്ച് അപമാനിച്ച മകൾ.  മനസ്സു നീറിയ ആ അച്ഛൻ അന്നു രാത്രി ആത്മഹത്യ ചെയ്ത ആലുവയിലെ സംഭവം...

വഴക്ക് കൂടിയപ്പോൾ ഒരേ ഒരു മോശം വാക്ക് ഭാര്യ ഉപയോഗിച്ചതിൻ്റെ പേരിൽ ഭാര്യയേയും പിഞ്ചു കുട്ടികളെയും കൊലപ്പെടുത്തിയ മേലുകാവ് സ്വദേശിയായ ഗൃഹനാഥൻ... തുടങ്ങി ഒട്ടേറെ നേരനുഭവങ്ങളാണ് അലക്സ് എം വർക്കി അവതരിപ്പിച്ചത്. ഇതിനിടയിൽ ഇത്തരം കാര്യങ്ങൾ ഒഴിവാക്കാമായിരുന്ന തിൻ്റെ സദ് സന്ദേശങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഫലം 55 പ്ലസ് പ്രസിഡൻ്റ് ജോർജ് സി കാപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിഎം അബ്ദുള്ളാ ഖാൻ, അലക്സ് മേനാമ്പറമ്പിൽ, ആർ. സുനിൽകുമാർ, സീനു പൊൻകുന്നം, തോമസ് മൂന്നാനപ്പിള്ളി, സൂസമ്മ, ഓമനാ രാജൻ, അജിത കൂരോപ്പട, കെജി രമണിക്കുട്ടി, ഉഷാ ശശിധരൻ, സുകുമാരി, സുഷമ രവീന്ദ്രൻ, എസ്എസ്. ലക്ഷ്മി, ലീല തുടങ്ങിയവർ ആശംസകൾ നേർന്നു.

അലക്സ് എം വർക്കിയുടെ സർവ്വീസ് അനുഭവങ്ങൾ ചേർത്തുള്ള "ഓർമ്മപ്പറച്ചിൽ "ഇനിയും തുടരുമെന്ന് വി എം അബ്ദുള്ളാ ഖാൻ പറഞ്ഞു. ഈ കൊവിഡ് കാലത്ത് മുപ്പതിൽപ്പരം വ്യത്യസ്ത ഓൺലൈൻ പരിപാടികളുമായി ശ്രദ്ധേയരായിരിക്കുകയാണ് 55 വയസ്സ് പിന്നിട്ടവരുടെ സംഘടനയായ സഫലം 55 പ്ലസ്.

nalla vartha
Advertisment