Advertisment

കനാലില്‍ മുങ്ങിത്താണ് ജീവനു വേണ്ടി മല്ലിട്ട് വിദ്യാര്‍ത്ഥി ; എന്തുചെയ്യണമെന്ന് അറിയാതെ നിസ്സഹായരായി നോക്കി നിന്ന് നാട്ടുകാര്‍ ; മുതിര്‍ന്നവര്‍ പകച്ചു നില്‍ക്കെ കനാലിലേക്ക് എടുത്തുചാടി 9 വയസ്സുകാരനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത് 10 വയസ്സുകാരന്‍ ; സംഭവം മൂവാറ്റുപുഴയില്‍

New Update

മൂവാറ്റുപുഴ: കനാലില്‍ മുങ്ങിത്താഴുകയായിരുന്ന വിദ്യാര്‍ഥിയെ മുതിര്‍ന്നവര്‍ നോക്കി നില്‍ക്കെ 10 വയസ്സുകാരന്‍ രക്ഷപ്പെടുത്തി. മേതല ഹൈലെവല്‍ കനാലിന്റ ഭാഗമായ കുറ്റിലഞ്ഞി പാലത്തിനു സമീപം കനാലില്‍ വീണ ഓലിപ്പാറ പുതുക്കപ്പറമ്പില്‍ ഹസൈനാരിന്റെ മകന്‍ ബാദുഷ(9)യെയാണ്  ഓലിപ്പാറ ബാവു ഹസ്സന്റെ മകന്‍ അല്‍ഫാസ് ബാവു(10) രക്ഷപ്പെടുത്തിയത്.

Advertisment

publive-image

കനാലിന് അരികില്‍ നില്‍ക്കുകയായിരുന്ന ബാദുഷ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു. പ്രധാന കനാലായതിനാല്‍  ശക്തമായ ഒഴുക്കുണ്ടായിരുന്നു. കനാലില്‍ മുങ്ങിത്താഴുന്ന ബാദുഷയെ സമീപവാസിയായ മുസ്തഫ ആദ്യം കണ്ടെങ്കിലും എന്തുചെയ്യണമെന്നറിയാതെ പകച്ചു പോയി. ബഹളം വച്ചതോടെ മദ്രസയില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന അല്‍ഫാസ് കാണുകയും ബാദുഷയെ രക്ഷിക്കാന്‍ കനാലിലേക്കു ചാടുകയായിരുന്നു.

നീന്തി ബാദുഷയുടെ അടുത്തെത്തിയ അല്‍ഫാസ് ഒരു വിധത്തില്‍ ബാദുഷയെയും കൊണ്ട് കരയിലേക്കെത്തി. നെല്ലിക്കുഴി അല്‍ അമല്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അല്‍ഫാസ് ബാവു. കുറ്റിലഞ്ഞി സര്‍ക്കാര്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ബാദുഷ.  സമപ്രായക്കാരനെ രക്ഷപ്പെടുത്താന്‍ കനാലിലേക്കെടുത്തു ചാടിയ അല്‍ഫാസിന് നാടിന്റെ നാനാഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ്.

Advertisment