Advertisment

'അമ്മ' ജനറല്‍ബോഡി ഇന്ന‌്; മാധ്യമങ്ങള്‍ക്ക‌് അയിത്തം, ഫേസ്‌ബുക്ക് ലൈവ്‌

New Update

Image result for അമ്മ' ജനറല്‍ബോഡി

Advertisment

കൊച്ചി : താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. എറണാകുളം മരടിലുള്ള ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ രാവിലെ 10നാണ‌് യോഗം. അടുത്ത പ്രവര്‍ത്തനവര്‍ഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പും യോഗത്തില്‍ നടക്കും. ഇന്നസെന്റിന്റെ പിന്‍ഗാമിയായി മോഹന്‍ലാല്‍ പ്രസിഡന്റാകാനാണ‌് സാധ്യത. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് അമ്മയില്‍നിന്ന് പുറത്താക്കപ്പെട്ട ദിലീപിന്റെ സംഘടനാ പുനഃപ്രവേശം സംബന്ധിച്ച്‌ ജനറല്‍ബോഡിയില്‍ ചര്‍ച്ചയുണ്ടായേക്കും.

Related image

കെ ബി ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റ‌്മാരായേക്കും. നിലവിലെ സെക്രട്ടറി ഇടവേള ബാബു ജനറല്‍ സെക്രട്ടറി പദവിയിലേക്ക് വരും. സിദ്ദീഖ‌് ജോയിന്റ് സെക്രട്ടറിയാകും. മമ്മൂട്ടിയാണ് സംഘടനയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി. ട്രഷറര്‍സ്ഥാനത്തേക്ക് ജഗദീഷ് മടങ്ങിയെത്താനും സാധ്യതയുണ്ട്.

17 വര്‍ഷമായി അമ്മ പ്രസിഡന്റ്സ്ഥാനത്തുള്ള ഇന്നസെന്റ് പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഒട്ടേറെ തിരക്കുകളുള്ളതിനാല്‍ ഇനി ഭാരവാഹിത്വത്തിലേക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനായി ആലോചന സജീവമായത്.

Image result for അമ്മ' ജനറല്‍ബോഡി

അതേസമയം സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവില്‍നിന്ന് ആരും മത്സരരംഗത്തില്ല. വനിതാ പ്രതിനിധികളായി ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവര്‍ പുതിയ എക്‌സിക്യൂട്ടീവിലെത്തും. ഒപ്പം ഇന്ദ്രന്‍സ്, ടിനി ടോം, സുധീര്‍ കരമന തുടങ്ങിയവരും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. പഴയ അംഗങ്ങളില്‍ ആസിഫ് അലി തുടരാനും ഇടയുണ്ട്.

Image result for അമ്മ' ജനറല്‍ബോഡി

ദിലീപിന്റെ സംഘടനാ പുനഃപ്രവേശം സംബന്ധിച്ച്‌ ശനിയാഴ‌്ച രാത്രി വൈകി ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചയുണ്ടായെങ്കിലും തീരുമാനം ജനറല്‍ബോഡിക്ക് വിട്ടിരിക്കുകയാണ്. ഡബ്ല്യുസിസിയില്‍നിന്നും യുവ താരങ്ങളില്‍നിന്നുമുള്ള എതിര്‍പ്പുകള്‍ മറികടക്കാനായാല്‍ ദിലീപ് സംഘടനയില്‍ തിരിച്ചെത്തിയേക്കും. എന്നാല്‍ നേതൃസ്ഥാനങ്ങളിലേക്ക് ഉടനെ ഉണ്ടായേക്കില്ല.

Image result for അമ്മ' ജനറല്‍ബോഡി

മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി ജനറല്‍ബോഡിയോഗത്തിലെ നടപടി ക്രമങ്ങള്‍ ഫെയ‌്‌സ‌്‌ബുക്ക‌് ലൈവിലൂടെ ജനങ്ങളിലെത്തിക്കാനാണ് തീരുമാനം. അതുകൊണ്ടുതന്നെ യോഗസ്ഥലത്തേക്ക് മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം നടന്ന കഴിഞ്ഞ ജനറല്‍ബോഡിയുടെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമ്മ ഭാരവാഹികളും മാധ്യമപ്രവര്‍ത്തകരും കൊമ്ബുകോര്‍ത്ത സംഭവം മനസ്സിലുള്ളതിനാലാണ് ഇത്തവണ വാര്‍ത്താസമ്മേളനം വേണ്ടെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തിയത്.

Advertisment