Advertisment

എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയുടെ ദേശീയ ചുമതലയും വിവാദത്തില്‍ ! കെപിസിസിയില്‍ സോഷ്യല്‍ മീഡിയ ചുമതലയേറ്റ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന ' നേതാവിന് ' പാരിതോഷികമായി ദേശീയ ചുമതലയിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയത് ' ബയോഡാറ്റ ' മെച്ചപ്പെടുത്തലിനെന്ന് ആരോപണം ! വിവിഐപി മകനെ കുറുക്കുവഴികളിലൂടെ ഉന്നത പദവികളിലെത്തുന്നതിനുള്ള അണിയറ നീക്കത്തിനെതിരെ കോൺഗ്രസിൽ മുറുമുറുപ്പ് !

New Update

publive-image

Advertisment

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയുടെ രാഷ്ട്രീയ രംഗപ്രവേശം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്  മുന്നോടിയായാണ് ചര്‍ച്ചചെയ്യപ്പെട്ടത്.

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിയുള്ള അനിലിന്‍റെ ഭാരവാഹിത്വമായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം. അതേ സമയത്തുതന്നെ പാര്‍ട്ടി വേദികളില്‍ എംഎല്‍എമാരെക്കാള്‍ പ്രാധാന്യത്തോടെ അനില്‍ ആന്‍റണിയെ അവതരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതും വിവാദമായിരുന്നു.

എന്തായാലും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ നിര്‍ജീവമായ സാഹചര്യത്തില്‍ കേരളത്തിലെ 'പ്രവർത്തന മികവിന്' പാരിതോഷികമായി അദ്ദേഹത്തിന് എഐസിസി സോഷ്യൽ മീഡിയ & ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്മെന്‍റ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ പദവിനല്‍കിയതാണ് പുതിയ വിവാദം.

കെപിസിസിയില്‍ ഈ വിഭാഗത്തിന്‍റെ ചുമതലയേറ്റെടുത്തിട്ടും ഒന്നും ചെയ്യാതെ ഡല്‍ഹിയിലിരുന്ന വ്യക്തിയ്ക്ക് ദേശീയ ഭാരവാഹിത്വത്തിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ് ശക്തമാണ്.

വളഞ്ഞ വഴികളിലൂടെ  മുതിര്‍ന്ന നേതാവിന്‍റെ മകനെ പാര്‍ട്ടിയിലും പിന്നീട് പാര്‍ലമെന്‍ററി പദവികളിലും പ്രതിഷ്ഠിക്കുന്നതിനുള്ള നീക്കമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ കാണുന്നത്.

പാര്‍ട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്യുകയും സമരവേദികളില്‍ സജീവമായി പോലീസ് മര്‍ദനമേറ്റുവാങ്ങി കേസും വയ്യാവേലിയുമായി കഴിയുന്ന നേതാക്കള്‍ക്ക് മാന്യമായ ഒരു പുനസംഘടനയ്ക്കു വഴിയൊരുക്കി പാര്‍ട്ടി ഭാരവാഹിത്വമെങ്കിലും നല്‍കാന്‍ മുന്‍കൈയെടുക്കാത്ത നേതാവിന്‍റെ ബന്ധുക്കളെ ഇതര മാര്‍ഗങ്ങളിലൂടെ പദവികളില്‍ കുടിയിരുത്താന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം.

publive-image

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു കെപിസിസിയുടെ സോഷ്യല്‍ മീഡിയ വിഭാഗത്തിലേയ്ക്ക് അനിലിന്‍റെ നിയമനം. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഇടങ്ങളില്‍പോലും ഇത് പരസ്യ വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വഴിയൊരുക്കി.

വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഉള്‍പ്പെടെ രാഷ്ടീയ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാതിരുന്ന വ്യക്തിയെ പിതാവിന്‍റെ സ്വാധീനത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും പേരില്‍ കുറുക്കുവഴികളിലൂടെ ഉന്നത പദവികളിലേയ്ക്ക് കൊണ്ടുവരുന്നത് അംഗീകരിക്കില്ലെന്ന് അണികള്‍ സോഷ്യല്‍ മീഡിയയില്‍ തുറന്നെഴുതി.

കേരളത്തില്‍ ഏറ്റെടുത്ത ചുമതല പോലും നേരാംവണ്ണം മുന്നോട്ടുകൊണ്ടുപോകാന്‍ അനിലിനായില്ലെന്ന വിമര്‍ശനം ശക്തമാണ്. അനില്‍ ചുമതലയേറ്റശേഷവും പാര്‍ട്ടിയുടെ സൈബര്‍ പോരാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനോ ഇവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനോ യാതൊരു കോ-ഓര്‍ഡിനേഷനും ഉണ്ടായില്ല.

മറുവശത്ത് സിപിഎമ്മിന്‍റെയും ബിജെപിയുടെയും മുസ്ലീംലീഗിന്‍റെയും വരെ സൈബര്‍ വേദികള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുമ്പോള്‍ കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ വിഭാഗം അനിലിന്‍റെ നിയമനത്തിന്‍റെ പത്രവാര്‍ത്തകളിലും തെരഞ്ഞെടുപ്പ് സമയത്തെ ഒന്നോ രണ്ടോ കമ്മറ്റികളിലും ഒതുങ്ങി.

അനില്‍ ആന്‍റണിയുടെ  ഫേസ്ബുക്ക് പ്രതികരണങ്ങളില്‍ പോലും നല്ലൊരു പങ്കും സ്വന്തം പിതാവ് എകെ ആന്‍റണിയെ സംബന്ധിച്ചുള്ളതായിരുന്നു. ഈ സാഹചര്യത്തില്‍ അനില്‍ ആന്‍റണിയുടെ നിലവിലെ പദവികള്‍ അദ്ദേഹത്തെ പിന്നീട് മറ്റ് പദവികളിലേയ്ക്ക് എത്തിക്കുന്നതിനുള്ള 'ബിയോഡേറ്റ' നിര്‍മ്മിതി മാത്രമാണെന്ന സംശയമാണ് ഉയരുന്നത്.

പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ദേശീയ ചുമതല ഏറ്റെടുത്തിട്ടും അദ്ദേഹം ഇതുവരെ കേരളത്തിന്‍റെ ചുമതല ഒഴിഞ്ഞിട്ടുമില്ല. മത്രമല്ല, കേരളത്തിലെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനായി ഇപ്പോഴും ചെറുവിരലനക്കുന്നുമില്ല.

ഈ സാഹചര്യത്തില്‍ അനിലിനെ പുറത്താക്കി ഡിജിറ്റല്‍ വിഭാഗത്തില്‍ പുതിയ ആളെ നിയമിക്കണമെന്നാണ് ആവശ്യം.

anil antony
Advertisment