Advertisment

ആര്‍മി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് ; കള്ളനെ പിടിക്കാനാകാതെ പൊലീസും പട്ടാളവും ; കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ

New Update

കോഴിക്കോട് : ആർമി ഉദ്യോഗസ്ഥൻ ചമഞ്ഞു നഗരത്തിലെ കടകളിൽ തട്ടിപ്പ് നടത്തുന്ന വ്യക്തിയെ കണ്ടെത്താനാകാതെ പട്ടാളവും പൊലീസും. ഒടുവിൽ തട്ടിപ്പുകാരനെ പിടികൂടണം എന്നാവശ്യപ്പെട്ട് പൊലീസിനു പട്ടാളത്തിന്റെ പരാതി. പട്ടാളക്കാരനാണെന്നു പരിചയപ്പെടുത്തി നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും വലിയ തുകയ്ക്കു സാധനങ്ങൾ ഓർഡർ ചെയ്തു സൈബർ തട്ടിപ്പിനു ശ്രമിക്കുന്ന വ്യക്തിയെക്കുറിച്ചു രണ്ടു മാസത്തിനിടെ പലതവണ പരാതി വന്നിട്ടും ആളെ കണ്ടുപിടിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

Advertisment

publive-image

വെസ്റ്റ് ഹില്ലിലെ ആർമി റിക്രൂട്ടിങ് ഓഫിസിലെയും എൻസിസി ഹെഡ് ക്വാർട്ടേഴ്സിലെയും ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തി നഗരത്തിലെ കടകളിൽ തട്ടിപ്പിനു ശ്രമിക്കുന്ന വികാസ് പട്ടേൽ എന്ന വ്യക്തി ആരാണെന്ന് ആർമി അധികൃതർക്കുമറിയില്ല.

ആർമി ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡിന്റെ ചിത്രം ഉൾപ്പെടെ അയച്ചു നൽകിയാണു തട്ടിപ്പ്. ഒടുവിൽ എൻസിസി ഹെഡ് ക്വാർട്ടർ ഗ്രൂപ്പ് കമൻഡാന്റ് ബ്രിഗേഡിയർ എ.വി.രാജൻ ഉത്തരമേഖലാ ഐജി അശോക് യാദവിന് ഇന്നലെ പരാതി നൽകി. കഴിഞ്ഞ ദിവസം തൊണ്ടയാട് ബൈപാസിലുള്ള കോഫി ഷോപ്പിൽ തട്ടിപ്പിനു ശ്രമം നടന്നതിനു പിന്നാലെയാണു ആർമി ഉദ്യോഗസ്ഥരുടെ പരാതി.

നഗരത്തിലെ ബേക്കറികളിലും ഹോട്ടലുകളിലും ഭക്ഷ്യസാധനങ്ങൾക്കു ഫോണിലൂടെ ഓർഡർ നൽകുകയും പണത്തിനായി എടിഎം കാർഡിന്റെ വിശദാംശങ്ങൾ ചോദിക്കുന്നതുമാണ് ഇയാളുടെ രീതി. അക്കൗണ്ട് നമ്പർ വഴിയുള്ള ഓൺലൈൻ പണമിടപാടും പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ചുള്ള പണമിടപാടും നടത്താമെന്നു കടയുടമകൾ പറയുമെങ്കിലും കാർഡ് ടു കാർഡ് ട്രാൻസ്ഫർ ആണ് ആർമിയുടെ രീതിയെന്നു പറഞ്ഞ് ഇയാൾ എടിഎം കാർഡിന്റെ ചിത്രം വാട്‌സാപ്പിൽ അയയ്ക്കാൻ ആവശ്യപ്പെടും.

എടിഎം കാർഡ് വിവരങ്ങൾ നൽകാനാവില്ലെന്നു കടയുടമകൾ പറഞ്ഞാൽ ഓർഡർ ചെയ്ത സാധനം വാങ്ങാൻ എത്തില്ല. പിന്നീട് വിളിച്ചാൽ ഫോണും എടുക്കില്ല. സംശയം തോന്നിയ കടയുടമകൾ പൊലീസിനെ സമീപിച്ചതോടെയാണ് സമാനമായ ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്.

എല്ലാ പരാതിയിലും തട്ടിപ്പുകാരന്റെ പേര് ഒന്നു തന്നെ–വികാസ് പട്ടേൽ. പട്ടാള യൂണിഫോമിട്ട വാട്‌സാപ് പ്രൊഫൈൽ ചിത്രം. വിശ്വാസ്യതയ്ക്കായി അയച്ചു നൽകിയവയിൽ ആർമി ഉദ്യോഗസ്ഥരുമൊന്നിച്ചുള്ള ചിത്രങ്ങൾ മാത്രമല്ല. ആർമി കന്റീനിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള പാസിന്റെ ചിത്രവുമുണ്ട്!

Advertisment