Advertisment

വെള്ളാനകളായ അക്കാദമികൾ പിരിച്ച് വിടണം; ചലച്ചിത്ര അക്കാദമി, ലളിത കലാ അക്കാദമി, സംഗീത നാടക അക്കാദമി തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും ധൂർത്തിന്റേയും കെടുകാര്യസ്ഥതയുടേയും ഉദാഹരണങ്ങൾ; ഗണേഷ് കുമാര്‍ പറഞ്ഞതാണ് ശരി-പ്രതികരണത്തില്‍ തിരുമേനി എഴുതുന്നു

New Update

publive-image

Advertisment

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്ന് പരസ്യമായി പറഞ്ഞത് മറ്റാരുമല്ല . സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ആണ്. നിത്യനിദാന നിർവഹണത്തിന് പോലും പണമില്ല എന്നും ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും ആണ് മന്ത്രി പറഞ്ഞത്.

ഈ കുറിപ്പ് എഴുതുന്നത് പ്രമുഖ ചലച്ചിത്ര നടനും പത്തനാപുരം എം.എൽ.എയുമായ ഗണേഷ് കുമാറിന്റെ ഒരു തുറന്ന് പറച്ചിലിന്റെ ചുവട് പിടിച്ചാണ്. സംസ്ഥാന ചലച്ചിത്ര അക്കാദമി വർഷംതോറും അന്തർദ്ദേശീയ ചലച്ചിത്രോത്സവം മാത്രം നടത്തുന്ന ഒരു സ്ഥാപനമായി ചുരുങ്ങിയിരിക്കുന്നുവെന്നാണ് എം.എൽ.എ തുറന്ന് പറഞ്ഞത്. ഇത് പൂർണമായും ശരിയാണ്. കോടികൾ മുടക്കി എല്ലാ വർഷവും ഡിസംബറിൽ ചലച്ചിത്രോത്സവം നടത്തുക എന്നത് മാത്രമാണ് ചലച്ചിത്ര അക്കാദമി ചെയ്യുന്ന ഏക കാര്യം.

പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത് ആണ് അക്കാദമി ചെയർമാൻ. ചെയർമാന് ഇന്നോവ കാർ, ശമ്പളം തുടങ്ങി സകല സൗകര്യങ്ങളും ഉണ്ട്. ഇതിന് താഴേയ്ക്ക് സെക്രട്ടറി, ഓഫീസ് മുതലായ സകല സൗകര്യങ്ങളും ഉണ്ട്.

publive-image

ഇതിന് വേണ്ടി സർക്കാർ കോടികളാണ് മുടക്കുന്നത്. ഇതിന്റെ പ്രയോജനം നികുതി കൊടുക്കുന്ന സാധാരണക്കാർക്കും പൊതുജനത്തിനും യാതൊന്നുമില്ല എന്ന വസ്തുത ഗൗരവമുള്ളതാണ്. ചലച്ചിത്ര മേഖലയിലേക്ക് കടന്ന് വരുവാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് വേണ്ടി ചലച്ചിത്ര അക്കാദമി ഒന്നും ചെയ്യുന്നില്ല എന്നത് ഗൗരവമുള്ള വിഷയമാണ്. ഇതാണ് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടിയത്. അദ്ദേഹം പ്രതിപക്ഷ എം.എൽ.എ അല്ല ഭരണകക്ഷി എം.എൽ.എ ആണ് എന്നത് വിഷയത്തിന്റെ ഗൗരവം ഇരട്ടിയാക്കുന്നു.

ഏകദേശം പത്ത് കോടിയോളം രൂപയാണ് ഒരു വർഷം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് മുടക്കുന്നത്. ചലച്ചിത്രോത്സവം നടത്തണമെങ്കിൽ ആ സമയത്ത് സിനിമകൾ തിരഞ്ഞെടുക്കുവാനും നടത്തിപ്പിനും വേണ്ടി മുതിർന്ന ചലച്ചിത്ര പ്രതിഭകളുടെ ഒരു കമ്മിറ്റി സാംസ്ക്കാരിക വകുപ്പ് രൂപികരിച്ചാൽ പോരേ ? 12 മാസവും ശമ്പളവും വാഹനവും അലവൻസും നൽകി ഈ വെള്ളാനയെ തീറ്റിപ്പോറ്റണോ?

ഇത് പോലെ തന്നെയാണ് ലളിതകലാ അക്കാദമിയും സംഗീത നാടക അക്കാദമിയും. വർഷംതോറും അവാർഡുകൾ നൽകാൻ മാത്രം രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങൾ. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഈ സ്ഥാപനങ്ങളുടെ പേര് ജനം കേൾക്കുന്നത്. വേറെയുമുണ്ട് സ്ഥാപനങ്ങൾ .

സാംസ്ക്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഭവൻ, വൈലോപ്പിള്ളി സംസ്കൃതിഭവൻ, തോന്നയ്ക്കൽ ആശാൻ സ്മാരകം , ഗുരു ഗോപിനാഥ് നടനഗ്രാമം തുടങ്ങി ചെറുതും വലുതുമായ സ്ഥാപനങ്ങൾ .

ഇവയെല്ലാം സർക്കാർ ഖജനാവ് മുടിപ്പിക്കുന്ന വെള്ളാനകളാണ്. ധൂർത്തിന്റെ പര്യായങ്ങളായി മാറിയ ഈ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നത് സർക്കാരിന്റെ ഇഷ്ടക്കാർ. ഒന്ന് കൂടി ഉണ്ട് .

publive-image

കേരള സാഹിത്യ അക്കാദമി. ചെയർമാൻ കവി സച്ചിദാനന്ദനാണ്. യാതൊരഭിപ്രായവും സ്വന്തമായി ഇല്ലാത്ത ഈ സ്ഥാപനങ്ങളുടെ ഭരണാധികാരികൾ സർക്കാരിന്റെ അഭിപ്രായത്തിന് ഓശാന പാടിക്കൊണ്ടിരിക്കും. യു.ഡി.എഫ് ഭരണത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഒരേ ഒരു വ്യത്യാസം. യു.ഡി.എഫ് ഭരിക്കുമ്പോഴും ഇവയുടെ തലപ്പത്ത് ഇരിക്കുന്നത് ബുദ്ധിജീവികൾ എന്ന് സ്വയം നടിക്കുന്ന ഇടത് പക്ഷക്കാരായിരിക്കും. അത്രമാത്രം. പ്രവർത്തിക്കാത്ത ഈ സ്ഥാപനങ്ങൾ അടിയന്തിരമായി സർക്കാർ പിരിച്ച് വിടണം.

സാംസ്ക്കാരിക മന്ത്രി സജി ചെറിയാനാണ്. ഭരണഘടനയെപ്പോലും മാനിക്കാത്ത ഇദ്ദേഹമാണ് കേരളത്തിലെ സംസ്ക്കാരത്തിന്റെ അളവുകോൽ നിശ്ചയിക്കുന്നത്. ഇന്ന് കേരള സർക്കാരിൽ പ്രവർത്തിക്കാത്ത ഒരു വകുപ്പായി മാറിയിരിക്കുന്നു സാംസ്ക്കാരിക വകുപ്പ് .കോടികൾ തിന്ന് മുടിക്കുന്ന ഈ സ്ഥാപനങ്ങളിൽ ഒന്നിനെക്കുറിച്ച് മാത്രമാണ് ഗണേഷ്കുമാർ പറഞ്ഞത്. ഖജനാവിൽ പണമില്ലെങ്കിൽ ഇത്തരം ധൂർത്ത് നടത്തുന്ന സ്ഥാപനങ്ങളെ പിരിച്ച് വിടുകയാണ് പിണറായി വിജയൻ ചെയ്യേണ്ടത്.

വാൽക്കഷ്ണം -

സത്യം വിളിച്ച് പറയുന്ന വ്യക്തിയാണ് ഗണേഷ് കുമാർ എം.എൽ.എ. രാഷ്ട്രീയത്തിലെ മികച്ച നടനാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന പ്രസ്താവമാണ് ഗണേഷ് കുമാറിന്റേതായി പിന്നീട് വന്നത്‌. ഇതും ശരിയല്ലേ

Advertisment