Advertisment

പോലീസ് കംപ്ലയിന്റ് അതോറിറ്റി, ഒറ്റച്ചിറകുള്ള പക്ഷിയാണ്; പുറമേ ചിറകുണ്ടെന്ന് തോന്നുമെങ്കിലും അതിന് സ്വതന്ത്രമായി പറക്കാനാകില്ല എന്നതാണാവസ്ഥ ! ആർക്കുവേണ്ടിയാണ് പോലീസ് കംപ്ലയിന്റ് അതോറിറ്റി ? നിയമങ്ങളും നിയമസംവിധാനങ്ങളും അനവധിയുണ്ട്, അവയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അധികാരം എത്രത്തോളമുണ്ട് എന്നതാണ് കാതലായ വിഷയം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ആർക്കുവേണ്ടിയാണ് പോലീസ് കംപ്ലയിന്റ് അതോറിറ്റി ? നടന്നു ചെരുപ്പ് തേയാം. കാലു കുഴയാം. കളക്‌ട്രേറ്റിന്റെ മുകളിലത്തെ നിലയിലേക്ക് പടികൾ കയറി തളരാം.കൈയിലെ കാശുപോകും, വിശന്നിരിക്കാം, നമ്മുടെ ഊഴം വരെ കാത്തിരിക്കാം. പക്ഷേ പ്രയോജനമൊന്നുമില്ല.

കേസ് വിളിച്ചാൽ പ്രതികളായ പോലീസുദ്യോഗസ്ഥർ മിക്കപ്പോഴും ഉണ്ടാകില്ല. കേസ് അങ്ങനെ അവധിക്കു വയ്ക്കും. അടുത്ത അവധി മൂന്നോ നാലോ മാസം കഴിഞ്ഞാകും വരുക. പലർക്കും മടുക്കും. നീതിക്കു വേണ്ടിയുള്ള ഈ യാത്രയിൽ യാതനമാത്രമാണ് മിച്ചം. ഒടുവിൽ നടന്നുമടുത്തു പലരും കേസിനുവരാതാകും. അതോടെ കേസ് തീർപ്പായി എന്ന പ്രഖ്യാപനവും വരും.

റിട്ടയേഡ് ജഡ്ജുമാരെയാണ് ജില്ലകളിൽ 3 വർഷത്തെ കരാർ നിയമനത്തിൽ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാനായി നിയമിക്കപ്പെടുക. അദ്ദേഹത്തിന് കേസുകൾ മനസ്സിലാക്കി നിർദ്ദേശം കൊടുക്കാൻ മാത്രമേ അധികാരമുള്ളൂ. ഉത്തരവിടാനോ നൽകിയ നിർദ്ദേശം നടപ്പാക്കിയോ എന്ന് പരിശോധിക്കാനോ അധികാരമില്ല ( ഇക്കാര്യങ്ങൾ എന്നോട് ഒരു ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ തന്നെയാണ് പറഞ്ഞത്).

നടന്നു വലഞ്ഞു വർഷങ്ങൾ നീണ്ട അലച്ചിലുകൾക്കൊടുവിൽ പോലീസ് കംപ്ലയിന്റ് അതോറിറ്റി പരാതിക്കാരനുനുകൂലമായ ചില നിർദ്ദേശങ്ങൾ പോലീസ് മേധാവിക്ക് നൽകിയെന്നിരിക്കട്ടെ, അങ്ങനെ നൽകുന്ന നിർദ്ദേശങ്ങൾ പോലീസുകാർക്ക് എതിരാണെങ്കിൽ അത് പലപ്പോഴും നടപ്പാക്കാൻ ഡിപ്പാർട്ട്മെന്റ് തയ്യാറാകില്ല എന്നതാണ് സത്യം. അതിനവരെ നിർബന്ധിക്കാൻ അതോറിറ്റിക്ക് കഴിയുകയുമില്ല.

ഒടുവിൽ അത് നടപ്പാക്കാനായി പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കേണ്ടിവരും. പണച്ചിലവും യാത്രബുദ്ധിമുട്ടും കാലതാമസവും മൂലം മറ്റു പോംവഴികളില്ലാതെ പലരും നിശ്ശബ്ദരാകുകയാണ് പതിവ്. ഇതാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അഴിമതിക്കാരും ക്രിമിനലുകളുമായ പല പോലീസുകാരുടെയും ഊർജ്ജം.

പോലീസിനെതിരേ പരാതിപ്പെടുന്നവരെ അവർ കള്ളക്കേസുകളിൽ കുടുക്കുന്നതും പതിവാണ്. പല കേസുകളും എനിക്ക് നേരിട്ടറിയാം. പലരും ഇങ്ങനെ ജയിലിൽ കിടന്നതും അറിയാം. അവരിൽ ചിലരൊക്കെ പോലീസിനെ ഭയന്ന് നിശബ്ദരായി ഒതുങ്ങിക്കഴിയുന്നു. ചിലർ വീറോടെ ഇപ്പോഴും പൊരുതുന്നു. തടസ്സങ്ങളും ഭീഷണികളും പലതുണ്ടെങ്കിലും പിന്മാറാത്ത പോരാട്ടങ്ങൾ ഇപ്പോഴുമവർ തുടരുകയാണ്. അതിനവർക്കുണ്ടായ ധനനഷ്ടം ചില്ലറയല്ല.

ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നവർക്ക് ഒരുവിധത്തിലുള്ള നിയമസഹായവും എങ്ങുനിന്നും ലഭിക്കാറുമില്ല. ഭരണത്തലത്തിലോ സമൂഹത്തിൽ നിന്നോ പിന്തുണയും കിട്ടുന്നില്ല.

വീണ്ടും പാരാതിയുമായി പോയാലും വഴി ഇതുതന്നെയാണ്. കറങ്ങിത്തിരിഞ്ഞ് കംപ്ലയിന്റ് അതോറിറ്റിയിൽ വരണം. സാമ്പത്തികമാണ്‌ ഈ പോരാട്ടങ്ങളിൽ നിന്നും പലരെയും പിന്നോട്ട് നയിക്കുന്ന ഘടകം.

67 കാരനായ ഞാൻ കഴിഞ്ഞ 4 വർഷമായി പോലീസ് കംപ്ലയിന്റ് അതോറിറ്റി കയറിയിറങ്ങുന്നു. ഈ നാലു വർഷത്തിനിടെ ഒരു തവണ മാത്രമാണ് പ്രതിസ്ഥാനത്തുള്ള പോലീസ് ഉദ്യോഗസ്ഥൻ അവിടെ വന്നത്. അത് കഴിഞ്ഞുള്ള അവധിക്കും വന്നില്ല.

പോലീസുദ്യോഗസ്ഥർ ഈ സംവിധാനത്തെ ഗൗരവമായി കാണുന്നതേയില്ല എന്നാണ് എനിക്ക് മനസ്സിലായ വസ്തുത. ഇനിയൊരു 4 കൊല്ലം നടന്നാലും എനിക്ക് നീതികിട്ടുമെന്നുറപ്പില്ല. പഴയ ചെയർമാന്റെ കാലാവധി അവസാനിച്ചു. ഇനി പുതിയ ആൾ വരണം. അതിനു സർക്കാർ കനിയണം. അവിടെയും രാഷ്ട്രീയ ഇടപെടലുകളും സമ്മർദ്ദങ്ങളും ഉണ്ടാകുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ കൊല്ലം ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ ഒഴിഞ്ഞശേഷം 7 മാസത്തോളം ചെയർമാൻ ഇല്ലായിരുന്നു. ആരോട് പരാതിപറയാനാണ് ? ആര് കേൾക്കാനാണ്. അക്കാലയളവിൽ ഹിയറിംഗ് നടന്നില്ല. സർക്കാരും ഈ പ്രസ്ഥാനത്തെ എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇതിൽനിന്നും നമുക്ക് അനുമാനിക്കാവുന്നതേയുള്ളു.

സാധാരണക്കാരന് നീതി ലഭിക്കണമെങ്കിൽ ഇവിടെ വലിയ ബുദ്ധിമുട്ടാണ്. സൗജന്യ നിയമസഹായം എന്നൊക്കെ പറയാറുണ്ടെങ്കിലും അതൊന്നും പൂർണ്ണമോ പാവപ്പെട്ടവന് സഹായകമോ അല്ല. ഇതെല്ലം വ്യക്തമായി അറിയുന്നവരാണ് പോലീസുകാർ.

2006 ൽ സുപ്രീം കോടതി നൽകിയ ഉത്തരവിലൂടെയാണ് സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പോലീസ് കംപ്ലയിന്റ് അതോറിറ്റി (PCA) രൂപീകരിക്കാ നുള്ള നിർദ്ദേശമുണ്ടാകുന്നത്.

പോലീസിന്റെ ഭാഗത്തുനിന്നും അനുചിതമോ മോശമായതോ ആയ കുറ്റാന്വേഷണങ്ങൾ, എഫ്‌ഐആർ ഫയൽ ചെയ്യാൻ വിസമ്മതിക്കൽ, കസ്റ്റഡി പീഡനം, പോലീസിനെതിരെയുള്ള ഗുരുതരമായ പരാതികൾ എന്നിവയിൽ നിക്ഷ്പക്ഷമായ അന്വേഷണവും കണ്ടെത്തലുകളും അത് നടപ്പാക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു സ്വതന്ത്ര ഏജൻസി രൂപവൽക്കരിക്കപ്പെട്ടത്.

എന്നാൽ പോലീസ് കംപ്ലയിന്റ് അതോറിറ്റി, ഒറ്റച്ചിറകുള്ള പക്ഷിയായാണ് എനിക്കനുഭവപ്പെടുന്നത്. പുറമേ ചിറകുണ്ടെന്ന് തോന്നുമെങ്കിലും അതിന് സ്വതന്ത്രമായി പറക്കാനാകില്ല എന്നതാണാവസ്ഥ. അതിൻ്റെ ഫലമായാണ് പല പോലീസുകാരും ഇന്നും നിർഭയരായി ജനങ്ങൾക്കുമേൽ പരസ്യമായി പലപ്പോഴും കുതിരകയറുന്നത്.

നേതാക്കളും, ഉദ്യോഗസ്ഥരും അതുപോലെ സമ്പന്നരും ഒക്കെ ക്രിമിനൽ കേസുകളിൽ പിടിക്കപ്പെട്ടാൽ അന്വേഷണത്തോടവർ പലപ്പോഴും സഹകരിക്കാറില്ലെന്നത് നമ്മൾ നിത്യവും കേൾക്കുന്ന വാർത്തകളാണ്. അവർ പോലീസിന്റെ ചോദ്യങ്ങൾക്കുപോലും കൃത്യമായ മറുപടി നൽകാറില്ല. എന്നാൽ സാധാരണക്കാരോടുള്ള പോലീസിന്റെ സമീപനവും പെരുമാറ്റവും അങ്ങനെയല്ല. കൊടിയ മർദ്ദനവും മൂന്നാം മുറയും വരെ ഒരു മടിയുമില്ലാതെ പ്രയോഗിക്കാൻ പോലീസ് അമാന്തിക്കാറില്ല.

നിയമങ്ങളും നിയമസംവിധാനങ്ങളും നമ്മുടെ രാജ്യത്ത് അനവധിയുണ്ട്. എന്നാൽ അവയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അധികാരം എത്രത്തോളമുണ്ട് എന്നതാണ് കാതലായ വിഷയം. പോലീസ് കംപ്ലൈന്റ്റ് അതോറിറ്റിയുടെ സ്ഥിതിയും അതാണ് വ്യക്തമാക്കുന്നത്.

പ്രകാശ് നായര്‍ മേലില

Advertisment