Advertisment

83ലെ ക്രിക്കറ്റ് ലോകകപ്പില്‍ എന്താണ് സംഭവിച്ചത്; ഇന്ത്യയിൽ നിന്നും പുറപ്പെടുമ്പോൾ 10 % പോലും വിജയപ്രതീക്ഷയില്ലാതിരുന്ന ടീം എങ്ങനെ ലോക ജേതാക്കളായി ?

New Update

publive-image

Advertisment

83 ക്രിക്കറ്റ് വേൾഡ് കപ്പ് ..എന്താണ് സംഭവിച്ചത് ? ഇന്ത്യയിൽ നിന്നും പുറപ്പെടുമ്പോൾ 10 % പോലും വിജയപ്രതീക്ഷയില്ലാതിരുന്ന ടീം എങ്ങനെ ലോക ജേതാക്കളായി ? പൊതുവെ ഊരുകാണാൻ ഒരു വിദേശ ടൂർ എന്നതിലുപരി വലിയ പ്രാധാന്യമൊന്നും ടീം ലോകകപ്പ് മത്സരങ്ങൾക്കായി പുറപ്പെടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനും കളിക്കാർക്കുമുണ്ടായിരുന്നില്ല.

എന്നാൽ ഒരേയൊരാൾ വലിയ ആത്മവിശ്വാസത്തിലായിരുന്നു. അത് മറ്റാരുമല്ല ടീം ക്യാപ്റ്റനായിരുന്ന കപിൽ ദേവായിരുന്നു. ഈ ലോകകപ്പ് വിജയം അദ്ദേഹത്തിൻ്റെ ഉത്തതുംഗമായ ക്യാപ്റ്റൻസിയുടെ വിജയം കൂടിയാണ്.

1975 ലെ ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യ പങ്കെടുത്ത 6 മാച്ചുകളിൽ ഈസ്റ്റ് ആഫ്രിക്കയുമായുള്ള ഒരു മത്സരത്തിൽ മാത്രമായിരുന്നു കഷ്ടിച്ച് ജയിച്ചത്. എന്നാൽ 79 ൽ ഒരു മാച്ചും വിജയിക്കാൻ ഇന്ത്യക്കായില്ല.

1983 ലെ ആദ്യമത്സരം ലോകചാമ്പ്യൻ വെസ്റ്റ് ഇൻഡീസിനൊപ്പമായിരുന്നു. കരുത്തരും അജയ്യരുമായ അവരെ തോൽപ്പിക്കാനുള്ള കരുത്ത് സത്യത്തിൽ ഇന്ത്യൻ ടീമിനില്ലായിരുന്നു. എന്നാൽ ഡ്രസിങ് റൂമിൽ കപിൽ ദേവ് തൻ്റെ വിശ്വരൂപം പുറത്തെടുത്തു..പഞ്ചാബിയിൽ അദ്ദേഹം ടീമംഗങ്ങളോട് ഗർജ്ജിച്ചു." തുസ്സീ കർ സക്താ " ( നിനക്ക് കഴിയും). അതൊരു ഉത്തേജകമായിരുന്നു. മഹത്തായൊരു പ്രേരണയായിരുന്നു.

പഞ്ചാബിയും ,ഹിന്ദിയും അറിയാത്ത ശ്രീകാന്ത്, റോജർ ബിന്നി എന്നിവർ വരെ കപിലിന്റെ മനോഗതം അന്ന് പൂർണ്ണമായും ഉൾക്കൊണ്ടു.

publive-image

ആദ്യമത്സരത്തിൽ അത് ഫലം കണ്ടു. അജയ്യരായ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ 34 റൺസിന്‌ തോൽപ്പിച്ചു. അത് ഒരാവേശമായി മാറി. ടീമംഗങ്ങളിൽ ലോകചാമ്പ്യന്മാരെ മുട്ടുകുത്തിച്ച ആത്മവിശ്വാസം അഗ്നിപോലെ പടർന്നു. ഈ മാച്ചിന്റെ റിക്കാർഡിങ് നടന്നില്ല. കാരണം കരുത്തരായ വെസ്റ്റ് ഇൻഡീസിനുമുന്നിൽ ഇന്ത്യക്കൊന്നും ചെയ്യാനില്ല എന്ന നിലപാടിൽ അപ്രസക്തമായ മത്സരമായി അധികൃതർ മുൻവിധിയെഴുതിയിരുന്നു.

സിംബാബ്‌വേക്കെതിരെ നടന്ന മത്സരമാണ് ഇന്ത്യൻ ടീമിന്റെ തലവര മാറ്റിയെഴുതിയത്. കേവലം 17 റൺസിന്‌ ഗവാസ്‌ക്കർ. ശ്രീകാന്ത് എന്നീ ഓപ്പണർമാരും, മൊഹിന്ദർ അമർനാഥ്, സന്ദീപ് പാട്ടിൽ, യശ്പാൽ ശർമ്മ എന്നീ മുൻനിര ബാറ്റ്‌സ്മാന്മാരും പവലിയനിലേക്ക് മടങ്ങിയശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ കപിൽ ദേവ് നടത്തിയ 175 റൺസ് നോട്ട് ഔട്ട് കിടിലം ഇന്നിംഗ്‌സ് ഇന്ത്യൻ ടീമിന് ലോകകപ്പിലേക്കുള്ള വലിയ ചുവടുവ യ്പ്പായി മാറപ്പെട്ടു.

കപിൽ ദേവിന്റെ ആ ഇന്നിങ്സിന്റെ ബലത്തിലാണ് ഇന്ത്യ ലോകകപ്പ് നേടാനിടയായതെന്ന് അന്നത്തെ ടീം അംഗങ്ങളും ക്രിക്കറ്റ് ബോർഡും ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടെ ഈ മാച്ചിന്റെയും റിക്കാർഡിങ് നടന്നില്ല. ബിബിസി അന്ന് നടന്ന പണിമുടക്കായിരുന്നു കാരണം.

ഫൈനൽ മത്സരത്തിൽ ലോകചാമ്പ്യൻ വെസ്റ്റ് ഇൻഡീസും ഇന്ത്യയും നേർക്കുനേർ വീണ്ടുമെത്തി. അദ്ദ്യം ബാറ്റ് ചെയ്ത ഇന്ത്യ 54.4 ഓവറിൽ 183 റൺസിന്‌ പുറത്തായി. ശ്രീകാന്ത് ആയിരുന്നു ടോപ്പ് സ്‌കോറർ (38). മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് അമിത ആത്മവിശ്വത്തിൽ ഒന്നൊന്നായി തകർന്നടിഞ്ഞു. 52 ഓവറിൽ 140 റൺസ് എടുക്കാൻ മാത്രമേ അവർക്കു കഴിഞ്ഞുള്ളു. 26 റൺസും 3 വിക്കറ്റുമെടുത്ത മൊഹിന്ദർ അമർനാഥ്‌ ആയിരുന്നു മാൻ ഓഫ് ദി മാച്ച്.

പ്രൂഡൻഷ്യൽ കപ്പ് എന്നറിയപ്പെട്ടിരുന്ന അക്കാലത്തെ ലോകകപ്പ് ഏകദിന മത്സരങ്ങൾ 60 ഓവറുകൾ വീതമുള്ളവയായിരുന്നു.

1983 ലെ ലോകകപ്പ് വിജയം ഇന്ത്യയിൽ ക്രിക്കറ്റിന് ഒരു സുവർണ്ണയുഗമാണ് സമ്മാനിച്ചത്. ക്രിക്കറ്റിന് ഇന്ത്യ യിൽ ഏറെ പോപ്പുലാരിറ്റി വർദ്ധിച്ചു. സാധാരണ മിഡിൽ ക്ലാസ്സ് കുടുംബങ്ങളിലെ കുട്ടികളിലും ക്രിക്കറ്റിനോട് വലിയ ഭ്രമം തന്നെ രൂപപ്പെട്ടു. ഒരുതരം ക്രിക്കറ്റ് ഭ്രാന്ത് യുവാക്കളെ ബാധിച്ചു എന്നുതന്നെ പറയാം. കപിൽ ദേവായിരുന്നു എല്ലാവരുടെയും അജയ്യനായ ഹീറോ.

അങ്ങനെയാണ് പിൽക്കാലത്ത് ലോകം കണ്ട മികച്ച ക്രിക്കറ്റർമാരായ സച്ചിൻ തെൻഡുൽക്കർ , സൗരഭ്‌ ഗാംഗുലി, രാഹുൽ ദ്രാവിഡ്, ധോണി എന്നിവരെയൊക്കെ നമുക്ക് ലഭിച്ചതും പലതവണ ഇന്ത്യക്ക് ലോകചാമ്പ്യാന്മാരാകാൻ കഴിഞ്ഞതും. കപിൽ ദേവ് അന്നുമിന്നും ആദരിക്കപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്.

Advertisment